ശരീരത്തിന്റെ മഹോത്സവം

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

സ്വർഗാരോപണ തിരുനാൾ മംഗളങ്ങൾ മുന്നേ നേരുന്നു!

മറിയത്തിന്റെ ജീവിതത്തിന്റെ ആദ്യനിമിഷം സുന്ദരമായി ക്രമീകരിച്ച ദൈവം അവസാന നിമിഷവും അതിസുന്ദരമാക്കി. പാപമില്ലാതെ ജനിക്കാൻ ദൈവം തിരുമനസ്സായവൾക്ക് അഴുകാതിരിക്കാനും കൃപ ലഭിച്ചു. അമലോത്ഭവത്തിൽ ആത്മാവാണ് ശ്രദ്ധാകേന്ദ്രമെങ്കിൽ സ്വർഗാരോപണത്തിൽ ശരീരമാണ് ശ്രദ്ധാകേന്ദ്രം. അതിനാൽ, ശരീരശ്രേഷ്ഠതയുടെ ധ്യാനമനന തിരുനാളാണിത്.

ക്രിസ്തു പറത്തിവിട്ട ശരീരം

“മനുഷ്യാ, നീ പൊടിയാകുന്നു; പൊടിയിലേക്കു തന്നെ നീ മടങ്ങും” (ഉല്‍. 3:19) എന്ന ശരീരസംബന്ധിയായ ഉൽപത്തിവചനത്തിന് യേശുവിന്റെ പെസഹാരഹസ്യങ്ങൾ നല്‍കിയ പൂർത്തീകരണ വചനങ്ങളാണ് സ്വർഗാരോഹണവും സ്വർഗാരോപണവും. മണ്ണിൽ നിന്നുള്ള ശരീരത്തിന് ഉന്നതങ്ങളിലേക്കു പറന്നുയരാൻ കഴിയുമെന്നത് എത്ര സുന്ദരമായ ഒരു യാഥാർത്ഥ്യമാണ്. സത്യത്തിൽ, അത് ശരീരത്തിന്റെ ദൈവികസാധ്യതകളിലേക്ക് ക്രിസ്തുവിലൂടെ തുറന്നുകിട്ടിയ ഒരു ജാലകമാണ്. അതിനാൽ തന്നെ ശരീരത്തിന്റെ ദൈവശാസ്ത്രം (Theology of body) കൂടുതൽ പരിഗണനാവിഷയവും പഠന വിഷയവുമാക്കാൻ ഈ തിരുനാൾ നമ്മോട് ആവശ്യപ്പെടുന്നുണ്ട്.

ദ്വന്ദ്വത്തിന്റെ ആത്മനൊമ്പരം

ആത്മാവും ശരീരവും – അവ രണ്ടും പ്രധാനം തന്നെ. പാരസ്പര്യമുണ്ട് അവ തമ്മിൽ. എന്നാൽ മനസ്സിന് ഒരു നിയമം; ശരീരത്തിന് മറ്റൊരു നിയമം എന്ന് ആത്മവേദനയോടെ സ്വയം വിലപിക്കുന്ന വി. പൗലോസിനെ നിങ്ങൾ ഓർക്കുന്നില്ലേ? റോമാ 7:22-25: “എന്റെ അന്തരംഗത്തിൽ ഞാൻ ദൈവത്തിന്റെ നിയമമോർത്ത് ആഹ്ലാദിക്കുന്നു; എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്സിന്റെ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാൻ കാണുന്നു. ഞാൻ ദുർഭഗനായ മനുഷ്യൻ!” പക്ഷേ, അദ്ദേഹമത് അവസാനിപ്പിക്കുന്നത് “മരണത്തിന് അധീനമായ ഈ ശരീരത്തിൽ നിന്ന് എന്നെ ആരു മോചിപ്പിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു വഴി ദൈവത്തിനു സ്തോത്രം!” എന്ന് പറഞ്ഞുകൊണ്ടാണ്. ശരീരവും ആത്മാവുമുള്ള മുഴുവൻ വ്യക്തി ഈ ഭൂമിയിൽ ആത്മീയസമരം ചെയ്ത് വിജയം വരിക്കുന്നു. അതാണ് സ്വർഗ്ഗാരോപണം തരുന്ന സന്ദേശത്തിന്റെ കാമ്പും കഴമ്പും.

ഏറ്റവും പഴക്കമുള്ള മരിയൻ തിരുനാൾ

പ്രാദേശികസഭകളിൽ പതിനാറു നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഒരു മരിയൻ തിരുനാളാണ് സ്വർഗ്ഗാരോപണം. ഓർത്തഡോക്സ് സഭകളിൽ അത്യാഘോഷപൂർവ്വമാണ് ഈ തിരുനാൾ കൊണ്ടാടപ്പെടുന്നത്. നാലാം നൂറ്റാണ്ട് മുതൽ പ്രാദേശിക സഭകളിൽ ഇത് ആചരിക്കപ്പെട്ടിട്ടുണ്ട്. 451 -ലെ കാൽസഡോൺ കൗൺസിലിൽ ഇതെക്കുറിച്ച് പരാമർശമുണ്ട്. 1950 -ൽ പയസ് പന്ത്രണ്ടാമൻ പാപ്പയാണ് ‘മുനിഫിചെന്തിസ്സിമൂസ് ദേവൂസ്’ എന്ന തിരുവെഴുത്തിലൂടെ മറിയത്തിന്റെ സ്വർഗാരോപണം ഒരു വിശ്വാസ-സത്യമായി പ്രഖ്യാപിച്ചത്. ഇതിനൊരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്.

ശരീരത്തിന്റെ കാൽവരിചരിത്രം

നാസിസ്റ്റ് ഭരണകൂടം മനുഷ്യകുലത്തോടും മനുഷ്യശരീരത്തോടും കാണിച്ച കൊടുംക്രൂരതയും രണ്ടാം ലോകമഹായുദ്ധത്തിൽ സൈനികരുടെ ജഡത്തോടും കാണിക്കപ്പെട്ട അനാദരവും യുദ്ധശേഷം ശരീരത്തോട് അനുബന്ധമായി വളർന്നുവന്ന മാന്യതയില്ലാത്ത വ്യാപാരങ്ങളുമെല്ലാം ശരീരത്തിന്റെ ശ്രേഷ്ഠതയെയും വിശുദ്ധിയെയും സാധ്യതയെയും കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ഏവരെയും പ്രേരിപ്പിച്ചു. അതിന്റെ നേരിട്ടുള്ള ഒരു പ്രതികരണമായിട്ടു കൂടിയാണ് നമ്മൾ സ്വർഗാരോപണ വിശ്വാസ-സത്യ പ്രഖ്യാപനത്തെ കാണേണ്ടത്.

സ്നേഹിക്കാനായി ഒരു ശരീരം

സ്നേഹിക്കാൻ മനുഷ്യനുള്ള ഏറ്റവും മൂല്യമുള്ളതും തെളിഞ്ഞതുമായ ശുദ്ധമാധ്യമം എന്ന് ശരീരത്തെ വിശേഷിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന തിരുനാളാണിത്. സ്നേഹം മരണത്തേക്കാൾ ശക്തമാണെന്നും (ഉത്തമ. 8:6) ശരീരം ജഡത്തേക്കാൾ അധികമാണെന്നും ഉറക്കെ വിളിച്ചുപറയുന്നു ഈ ദിനം. ദൈവത്തെയും മനുഷ്യനെയും പ്രപഞ്ചത്തെയും തന്റെ ശരീരം കൊണ്ടു സ്നേഹിക്കാൻ മറിയത്തെപ്പോലെ മറ്റൊരു വെറും മനുഷ്യവ്യക്തിക്കു കഴിഞ്ഞിട്ടുണ്ടോ? ദൈവത്തിനായി തന്റെ ശരീരം നിത്യമായി സമർപ്പിച്ചവൾ നിത്യകന്യകയായി; ഒപ്പം, അവൾ ദൈവമാതാവും ലോകമാതാവും സഭാമാതാവുമായിത്തീർന്നു. കന്യക സമഗ്രമാതാവായിത്തീരുന്ന പരമഹാത്ഭുതമാണത്. ‘ഇതാ, നിന്റെ അമ്മ’ എന്ന തന്റെ വചനത്തിലൂടെ യേശു ചൂണ്ടിക്കാണിച്ചത് സ്നേഹശരീരത്തിന്റെ സാർവ്വത്രികതയാണ്.

അപരിഷ്കൃതത്വത്തിന്റെ കൂത്തരങ്ങുകൾ

ഇന്ന് ശരീരസംബന്ധിയായി ഒത്തിരിയേറെ തെറ്റിദ്ധാരണകൾ നിലവിലുണ്ട്. ശരീരത്തെ വെറും മാംസമായി കരുതുന്ന അബദ്ധജഡിലമായ ചിന്താഗതികൾ ചിലർ ബോധപൂർവ്വം പരത്തുകയാണ്. പരസ്യങ്ങൾ ശരീരത്തെ വെറും കച്ചവടസഹായിയായി ചിത്രീകരിക്കുന്നു. ശരീരസൗന്ദര്യത്തിന്റെ പേരിലുള്ള കോലംകെട്ടലുകൾ ശരീരത്തോടുള്ള അവഹേളനം തന്നെയാണ്. പച്ചകുത്തുന്നതിനും സന്ദേശം പരത്തുന്നതിനുമുള്ള പരസ്യബോർഡായി ശരീരത്തെ ആധുനികലോകം തരംതാഴ്ത്തിയിരിക്കുന്നു. ഭോഗിക്കാനുള്ള വെറും വസ്തുവായി ശരീരത്തെ അപമാനിക്കുന്ന വൻവ്യവസായങ്ങൾ തഴച്ചുവളരുന്നു. അതിന് ആസ്വാദകവൃന്ദം ഏറെയുണ്ടുതാനും. ലഹരിവസ്തുക്കളിലൂടെ ശരീരത്തെ ദ്രോഹിക്കുന്നതിലും പലർക്കും ഒരു മനക്കടിയുമില്ല. ശരീരത്തിനു ഹാനികരമായ, വിഷം നിറഞ്ഞ ഭക്ഷണവും ജലവും വില്‍ക്കാൻ മാത്രം മനുഷ്യൻ അധഃപതിച്ചിരിക്കുന്നു.

വൈവാഹികബന്ധങ്ങളിൽ പോലും ശരീരം അപമാനിക്കപ്പെടുന്നു. ഗർഭച്ഛിദ്രമെന്ന കൊടുംപാതകം അടിസ്ഥാനപരമായി ജീവനെ സംബന്ധിച്ചും ശരീരത്തെ സംബന്ധിച്ചുമുള്ള തെറ്റിദ്ധാരണയുടെ ഉപോത്പന്നമാണ്. My body My choice എന്നത് തികഞ്ഞ ഭോഷത്തപ്രഖ്യാപനമാണ്. ഗർഭസ്ഥശിശുവിന്റെ ജീവനും ശരീരവും എങ്ങനെയാണ് അമ്മയുടെ choice ആകുന്നത്? ഇത്തരം പ്രവണതകൾക്കെല്ലാമുള്ള ഒരു മറുമരുന്ന് കൂടിയാണ് സ്വർഗാരോപണ തിരുനാൾ!

ശരീരം മാനിക്കപ്പെടട്ടെ! അത് ശുദ്ധസ്നേഹപ്രവാഹത്തിന്റെ തിരുച്ചാലാകട്ടെ! ഉയിർപ്പിന്റെയും സ്വർഗപ്രവേശത്തിന്റെയും ഉറപ്പ് ഈ തിരുനാൾ നമുക്കു സമ്മാനിക്കുന്നു.

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.