ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ‘ആർദ്രം’ കവിത

ഡോ. സി. തെരേസ് ആലഞ്ചേരി SABS – ന്റെ രചനയിലും നേതൃത്വത്തിലും പുറത്തിറങ്ങിയ അതിമനോഹരമായ കവിതയാണ് ‘ആർദ്രം.’ ഇതിന്റെ വീഡിയോ വേർഷനിൽ വേഷമിട്ടത് എറണാകുളം സെന്റ് ആൽബർട്ട്സിലെ അധ്യാപകരാണ് എന്നത് ഈ കവിതയെ വ്യത്യസ്തമാക്കുന്ന ഘടകമാണ്.

ഒരു നൂറ്റാണ്ടു മുമ്പ് കേരളസമൂഹത്തില്‍ നിലനിന്നിരുന്ന സാമ്പത്തിക അസമത്വങ്ങള്‍ക്കും ജാതിസ്പര്‍ദ്ധയ്ക്കുമെതിരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പുണ്യപുരുഷനാണ് മാര്‍ തോമസ് കുര്യാളശ്ശേരി. അദ്ദേഹത്തിന്റെ ജീവിതത്തിൽ കേന്ദ്രീകൃതമാണ് ഈ കവിത.

അവഗണിക്കപ്പെട്ടവരും മാറ്റിനിര്‍ത്തപ്പെട്ടവരും പിതാവിന്റെ ഹൃദയത്തില്‍ ജീവിച്ചിരുന്നു. തന്റെ കാതില്‍ പതിച്ച ദയനീയമായ നിലവിളിയാണ് കുഷ്ഠരോഗിയായ ആ സാധുമനുഷ്യന്റെ കുടിലിലെത്താന്‍ ആ വന്ദ്യ പിതാവിനെ പ്രേരിപ്പിച്ചത്.

ആര്‍ദ്രമായ ഹൃദയമുള്ളവര്‍ക്കേ ഈ വ്രണങ്ങളില്‍ ആശ്ലേഷിക്കാന്‍ കഴിയൂ. കുര്യാളശ്ശേരി പിതാവിന്റെ ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കാന്‍ അധികാരികള്‍ ആവശ്യപ്പെട്ടപ്പോള്‍ സിസ്റ്ററിന്റെ ചിന്തയില്‍ നിറഞ്ഞുനിന്നത് പിതാവ്, കുഷ്ഠരോഗിയായ പുലയന്റെ വീട്ടിലെത്തിയ രംഗമായിരുന്നു.

ഏറെ നാളത്തെ വിചിന്തനത്തിനു ശേഷം ‘ആര്‍ദ്രം’ എന്ന കവിതയായി രൂപം കൊണ്ടു. വാക്കുകളും വരികളും ദൈവം മനസ്സിലേയ്ക്ക് ഒഴുക്കിവിടുകയായിരുന്നു. സിസ്റ്ററിന്റെ ഭാവനയിലുള്ള കാര്യം പങ്കുവച്ചപ്പോള്‍, സഹപ്രവര്‍ത്തകരായ അദ്ധ്യാപകര്‍ ആ കഥാപാത്രങ്ങളായി ജീവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡോക്ടറേറ്റുള്ള കോളേജ് അദ്ധ്യാപകരായിരുന്നു ഇവരെല്ലാം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതു തന്നെ.

ഷാജി തുമ്പേച്ചിറയിലച്ചന്റെ ആകര്‍ഷകമായ ശബ്ദവും സംഗീതവും ആ വാക്കുകളില്‍ ചേക്കേറിയപ്പോള്‍ കവിതയുടെ സൗന്ദര്യം വര്‍ദ്ധിച്ചു. അഭിനയമികവില്‍ അത് ആര്‍ദ്രമായി. ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി പിതാവിന്റെ വിശുദ്ധിയുടെ ഗന്ധം എല്ലായിടത്തേയ്ക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു.  എളിയവരായ ഞങ്ങളിലൂടെ ദൈവത്തിന്റെ കാരുണ്യം ഒഴുകിയിറങ്ങിയപ്പോള്‍ ആര്‍ദ്രം ആയിരങ്ങളിലേയ്ക്ക് പ്രയാണം ചെയ്തു.

ഒരു ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല, മറിച്ച് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കുള്ള കാഴ്ച കൂടിയാണ്.

‘എനിക്ക് ശരീരത്തില്‍ കുഷ്ഠം; നിനക്കോ?’

ഓരോ മനസ്സിനും ആത്മശോധനയ്ക്കുള്ള വിഷയമാണ് ഈ വരികള്‍ നല്‍കുന്നത്.

‘ലോകമുള്ളൊരു കാലമത്രയും
എന്റെയീ വ്രണം പൂത്തുലഞ്ഞീടും’

സങ്കടമനുഭവിക്കുന്ന സകല മനുഷ്യര്‍ക്കുമുള്ള പ്രതീക്ഷയുടെ വാര്‍ത്തയാണ് ഈ വരികളിലുള്ളത്. മഞ്ഞുത്തുള്ളികള്‍ പോലെ സി. തെരേസിന്റെ മനസ്സില്‍ പെയ്തിറങ്ങിയ ‘ആര്‍ദ്ര’ത്തിലെ വരികള്‍ക്ക് നല്ല തമ്പുരാനോട് നമുക്കും നന്ദി പറയാം.

സഭയുടെ മുഖഭാഷയാണ് കരുണ. കാരുണ്യത്തിന്റെ ഉടല്‍ഭാഷ്യമായിരുന്നു ധന്യന്‍ കുര്യാളശ്ശേരി പിതാവും. ‘ആര്‍ദ്ര’ത്തെ മനോഹരമാക്കിയ ഷാജി തുമ്പേച്ചിറയിലച്ചനും സെലബ്രന്റ്‌സ് ഇന്ത്യയ്ക്കും, ആര്‍ദ്ര’ത്തെ ഏറ്റുവാങ്ങിയ സുമനസ്സുകള്‍ക്കും നന്ദിപറയുകയാണ് സി. തെരേസ് ആലഞ്ചേരിയും സഹപ്രവർത്തകരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.