കോവിഡ് രണ്ടാം തരംഗത്തിനിടെ ഇന്ത്യയിൽ മരണമടഞ്ഞത് നൂറോളം പുരോഹിതന്മാർ

കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ മരണമടഞ്ഞത് നൂറോളം പുരോഹിതന്മാർ എന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ കറൻറ്സ് മാസികയുടെ എഡിറ്ററും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. സുരേഷ് മാത്യു ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. രണ്ടാം തരംഗത്തിൽ, പ്രത്യേകിച്ച് ഈസ്റ്ററിനു ശേഷം നിരവധി പുരോഹിതരാണ് മരണമടഞ്ഞുകൊണ്ടിരിക്കുന്നത്. പുരോഹിതരുടെ മരണങ്ങളുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലാണ്. 40 വയസ്സിനു മുകളിലുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. അതിൽ 20 ജെസ്യൂട്ട് സഭാംഗങ്ങളുമുണ്ട്.

കൊറോണ വൈറസ് ബാധിച്ചു മരണമടയുന്നവരുടെ മൃതസംസ്കാര ശുശ്രൂഷകളടക്കം നടത്തുന്ന പുരോഹിതരുടെ മരണസംഖ്യ തികച്ചും സ്ഥിതിവിവരക്കണക്കുകളായി മാത്രം തുടരരുതെന്ന് റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ ജീവിതാവസാനം വരെ അവർ നൽകിയ സേവനങ്ങൾ വളരെ വലുതാണ്. മിഷനറിമാരായ അവർ കൂടുതൽ തീക്ഷ്ണതയോടെ പ്രവർത്തിച്ചിരുന്നവരാണ്.

“മുൻകരുതലുകൾ സ്വീകരിച്ചിട്ടുപോലും അവരുടെ ജീവൻ ഈ മഹാമാരി കവർന്നു. അതിനാൽ തന്നെ ഇതിനെതിരെയുള്ള പോരാട്ടത്തിൽ അവരുടെ ഭക്തിയും തീക്ഷ്ണതയും വലിയൊരു ശക്തിയാണ്” – മുംബൈ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.