ലോകം കാണിക്കാത്ത ഭീകരത!

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

ഭീകരത ലോകത്തെ അടക്കിവാഴുകയാണ്. ആയിരക്കണക്കിനു മനുഷ്യര്‍ ഭീകരവാദത്തിന്റെ ഇരകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ചുവീണു കഴിഞ്ഞു. ഇതു കണ്ട് ലോകം പലവട്ടം ഞെട്ടിത്തരിച്ചിട്ടുണ്ട്. ഇങ്ങനെ വിറങ്ങലിച്ചു നില്‍ക്കാന്‍ നമുക്കും ഇടയ്ക്കിടെ ഇടയാകുന്നുണ്ട്. ഫാസിസത്തിന്റെയും ഇസ്ലാമിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കൊടുംക്രൂരതകളാണ് ഇതുവരെ ലോകശ്രദ്ധയില്‍ പതിഞ്ഞിട്ടുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ആരും കാണാതെയും ഞെട്ടാതെയും വിറങ്ങലിക്കാതെയും ഇന്ന് നമ്മുടെ സ്വന്തം പരിസരങ്ങളില്‍ നിര്‍ബാധം കൊല്ലപ്പെടുന്നത് കോടിക്കണക്കിന് മനുഷ്യജീവനുകളാണ്. സ്ത്രീ-പുരുഷസംഗമത്തിലൂടെ ദൈവം ലോകത്തിലേക്ക് അയയ്ക്കുന്ന ഒരു മനുഷ്യക്കുഞ്ഞിനെ ലോകം കാണിക്കാതിരിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ എത്തിയവര്‍ സംഘം ചേര്‍ന്നു നടത്തുന്ന ഭീകരപ്രവര്‍ത്തനത്തിന്റെ പേരാണ് ഗര്‍ഭച്ഛിദ്രം! അതിന് ഒത്താശ ചെയ്തുകൊടുക്കാന്‍ സര്‍ക്കാരുകളും ‘പരിഷ്‌കൃത’ലോകവും കൂടെയുണ്ട് എന്ന വ്യത്യാസമേയുള്ളൂ…

ലോകസമാധാനം അപകടത്തില്‍

സത്യത്തില്‍, ലോകസമാധാനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഭ്രൂണഹത്യ. ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായ അമ്മയുടെ ഉദരത്തില്‍ ഒരു കുഞ്ഞിന് സുരക്ഷിതമായി കഴിയാനാവില്ലെങ്കില്‍ ലോകത്തില്‍ ഒരിടത്തും ഒരു മനുഷ്യനും സുരക്ഷിതത്വം ഉണ്ടാകില്ല. നിഷ്‌കളങ്കനായ ഒരു മനുഷ്യക്കുഞ്ഞിനെ ഭരണഘടനാനുസൃതം നിഷ്‌കരുണം കൊല്ലാമെങ്കില്‍ ആരെയും കൊല്ലുന്നതില്‍ നിന്ന് മറ്റാരെയെങ്കിലും തടയാന്‍ രാഷ്ട്രത്തിനു കഴിയുന്നതെങ്ങനെ? സ്വയം പ്രതിരോധിക്കാനാവാത്ത ഗര്‍ഭസ്ഥശിശുക്കളെ വധിക്കാന്‍ അനുവാദമുള്ളിടത്ത് സ്വയം പ്രതിരോധിക്കാന്‍ കഴിവുള്ളവരെ വധിക്കാന്‍ അനുവാദമില്ലാതാകുന്നത് എങ്ങനെ?

കുടുംബജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും സമാധാനം കെടുത്തുന്ന ക്രൂരകൃത്യവുമാണ് ഭ്രൂണഹത്യ. മദര്‍ തെരേസ ഒരിക്കല്‍ പറഞ്ഞതുപോലെ, ഭ്രൂണഹത്യ രണ്ടു ജീവിതങ്ങളെയാണ് നശിപ്പിക്കുന്നത് – ശിശുവിന്റെ ജീവിതത്തെയും അമ്മയുടെ മനസാക്ഷിയെയും! ഗര്‍ഭച്ഛിദ്രം ചെയ്ത സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ച് നമ്മുടെ നാട്ടില്‍ കാര്യമായ ഒരു പഠനവും നടന്നിട്ടില്ല. മതമേഖലയില്‍ വൈദികര്‍ക്കും മതേതരമേഖലയില്‍ കൗണ്‍സിലേഴ്‌സിനും മാത്രമേ കാര്യങ്ങളുടെ നിജസ്ഥിതി തിരിച്ചറിയാന്‍ കഴിയുന്നുള്ളൂ. അതിനാല്‍ സംശയമേതും കൂടാതെ ഇവിടെ ഞാന്‍ ഒരു കാര്യം വ്യക്തമാക്കുന്നു: ഭ്രൂണഹത്യ വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും നശിപ്പിക്കും!

എന്തൊരു ഓമനത്വം!

കേട്ടാല്‍ ഓമനത്വം തുളുമ്പുന്ന ഒരു പേരാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (MTP). 1971 ഓഗസ്റ്റ് പത്താം തീയതി ആണ് MTP യിലൂടെ ഭാരതത്തില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമായിത്തീര്‍ന്നത്. നിയമവിരുദ്ധമായ ഗര്‍ഭച്ഛിദ്രങ്ങള്‍ വര്‍ധിക്കുകയും അത് സ്ത്രീകള്‍ക്ക് ഹാനികരമാകുകയും ചെയ്യുന്നു എന്ന പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിലാണ്, 1966 -ല്‍ നിയോഗിക്കപ്പെട്ട ഗര്‍ഭച്ഛിദ്ര പഠനസമിതിയുടെ ശുപാര്‍ശപ്രകാരം ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഈ നിയമനിര്‍മ്മാണത്തിനുള്ള ബില്‍ കൊണ്ടുവന്നത്.

ആര്‍ക്കെല്ലാം, എവിടെ വച്ച്, ഏതു കാലയളവില്‍, ഏതെല്ലാം സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താം എന്ന് ഈ നിയമം വ്യക്തത നല്‍കി. അമ്മയുടെ സമഗ്രാരോഗ്യത്തിന് ഉണ്ടാകാവുന്ന ഗുരുതരമായ പ്രശ്നങ്ങളും ജനിച്ചുവീഴുന്ന കുഞ്ഞിന് ഉണ്ടാകാവുന്ന ശാരീരിക-മാനസിക വൈകല്യങ്ങളും പരിഗണിച്ച് ഇരുപത് ആഴ്ചകള്‍ വരെ പ്രായമായ ശിശുക്കളെ വധിക്കാന്‍ ഈ നിഷാദനിയമം ഇന്ത്യക്കാര്‍ക്ക് അനുവാദം നല്‍കി. ഗര്‍ഭച്ഛിദ്രം നടത്തുന്ന സ്ഥലത്തെക്കുറിച്ചും അവിടെ ഉണ്ടാകേണ്ട ആരോഗ്യപരിചരണ സംവിധാനങ്ങളെക്കുറിച്ചും വ്യക്തത നല്‍കിക്കൊണ്ട് 2003 -ല്‍ ഈ നിയമം നവീകരിക്കപ്പെട്ടു. 2016 -ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ വെളിച്ചത്തില്‍ 24 ആഴ്ചകള്‍ പ്രായമുള്ള ഗര്‍ഭസ്ഥശിശുക്കളെയും കൊല്ലാനുള്ള അനുവാദം നല്‍കുന്ന അമന്റ്‌മെന്റ് 2021 -ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസാക്കി.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

1. ഇരുപത്തിനാല് ആഴ്ചകള്‍ വരെ ഗര്‍ഭസ്ഥശിശുവിനെ കൊല്ലാമെങ്കില്‍ ഒറ്റ ദിവസം കഴിഞ്ഞാല്‍ കുഞ്ഞിന് ജീവിക്കാനുള്ള അവകാശം കിട്ടുന്നത് എങ്ങനെയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗര്‍ഭസ്ഥശിശുവിന്റെ ജീവന്റെയും മരണത്തിന്റെയും അതിര്‍-മണിക്കൂര്‍ നിശ്ചയിക്കാന്‍ ജനപ്രതിനിധികള്‍ക്കും ന്യായാധിപന്മാര്‍ക്കും എവിടെ നിന്നാണ് അധികാരം ലഭിച്ചിട്ടുള്ളത്?

2. പതിനാറു മുതല്‍ പതിനെട്ടു വരെ ആഴ്ചകള്‍ വളര്‍ച്ചയെത്തിയ ശിശുക്കള്‍ പോലും ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വന്നതും ഇന്‍ക്യുബേറ്ററിന്റെ സഹായത്തിലൂടെ പൂര്‍ണ്ണവളര്‍ച്ചയെത്തിയതുമായ അനുഭവങ്ങള്‍ നമുക്കിടയിലുണ്ടായിട്ടില്ലേ? എങ്കില്‍, അവരെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍ കൊല്ലുന്നതില്‍ എന്തു ന്യായമാണുള്ളത്?

3. മനുഷ്യഭ്രൂണം ഒരു മനുഷ്യവ്യക്തിയല്ലാതെ മറ്റെന്തെങ്കിലും ആയിത്തീര്‍ന്നതായി ചരിത്രത്തില്‍ കേട്ടിട്ടുണ്ടോ? ഇല്ലായെങ്കില്‍, മനുഷ്യനുള്ള നിയമപരിരക്ഷ ഭ്രൂണാവസ്ഥ മുതല്‍ തന്നെ ഗര്‍ഭസ്ഥശിശുവിനു നല്‍കുക എന്നതല്ലേ കൂടുതല്‍ യുക്തിസഹം?

4. ഇന്ത്യയില്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയ പരിശോധന അനുവദിച്ചിട്ടില്ല. പക്ഷേ, ഇരുപതാം ആഴ്ച മുതല്‍ സാധാരണ സ്‌കാനിങ്ങിലൂടെ ആണ്‍കുട്ടിയെ തിരിച്ചറിയാനാകും എന്ന് അനുഭവസമ്പത്തുള്ള ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കുന്നു. വ്യക്തിസവിശേഷതകളുടെ ഇത്തരം സൂചനകള്‍ പോലും വ്യക്തമായിരിക്കേ എന്ത് അടിസ്ഥാനത്തിലാണ് മനുഷ്യവ്യക്തിക്കു ലഭിക്കേണ്ട ജീവിക്കാനുള്ള അവകാശം ഗര്‍ഭത്തിലെ കുഞ്ഞുങ്ങള്‍ക്കു നിഷേധിക്കുന്നത്?

സത്യത്തില്‍, ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ കഴിയാത്തവിധം ഹൃദയവും മനസ്സും മന്ദീഭവിച്ചവര്‍ക്കേ ഇന്നത്തെ ഫറവോ-വിളയാട്ടത്തെ നിസ്സംഗതയോടെ നോക്കിനില്‍ക്കാനാകൂ. പാര്‍ലിമെന്റിലും കോടതിയിലും നടക്കുന്നത് അക്ഷന്തവ്യമായ കോപ്പിയടിയാണ് – വികസിതരാജ്യങ്ങളില്‍ നടക്കുന്നത് അതേപടി പകര്‍ത്തിവയ്ക്കുന്ന ബുദ്ധിശൂന്യവും നാണംകെട്ടതുമായ ഏര്‍പ്പാട്!

ജീവന്റെ പന്ത് ഡോക്ടര്‍മാരുടെ കോര്‍ട്ടില്‍

ഡോക്ടര്‍മാരുടെ വിവേചനാശക്തിക്കാണ് ഈ നിയമത്തില്‍ പ്രാമുഖ്യം ലഭിച്ചിട്ടുള്ളത്. പക്ഷേ, പ്രയോഗത്തില്‍ അത് അമ്മയുടെ ഉദരത്തില്‍ വളരുന്ന ഏറ്റവും നിസ്സഹായമായ മനുഷ്യജീവനെ നിഷ്‌കരുണം കൊല ചെയ്യുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാത്ത അവസ്ഥ രാജ്യത്ത് ഉളവാക്കിക്കഴിഞ്ഞു. ഈ കുറിക്കുന്ന ഞാന്‍ തന്നെ ഇതിനകം എത്ര മാതാപിതാക്കളില്‍ നിന്നു കേട്ടുകഴിഞ്ഞു: “കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടാകും എന്നു പറഞ്ഞ് അബോര്‍ട്ടു ചെയ്യാന്‍ ഡോക്ടര്‍ ഞങ്ങളെ നിര്‍ബന്ധിച്ചതാണ്. പക്ഷേ, ഞങ്ങള്‍ തയ്യാറായില്ല. നോക്കൂ, ഡോക്ടര്‍ പറഞ്ഞ ഒരു പ്രശ്നവും ഇവനില്ല.”

അമ്മയ്ക്കു ഗുരുതരമായ ശാരീരികപ്രശ്നങ്ങളുണ്ടാകും എന്നു പേടിപ്പിച്ച് ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിച്ച ഡോക്ടര്‍മാരെക്കുറിച്ചും അവരുടെ പാളിപ്പോയ പ്രവചനങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളും ഏറെ കേള്‍ക്കാനിടയായിട്ടുണ്ട്. പോര്‍ച്ചുഗലില്‍ ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് ലഭിച്ച സമാനമായ ഉപദേശം അവര്‍ അവഗണിച്ചതുകൊണ്ടാണല്ലോ ഇന്ന് ഫുട്‌ബോളില്‍ വിശ്രുതനായ ക്രിസ്ത്യാനോ റൊണാള്‍ഡോയെ ലോകത്തിന് ലഭിച്ചിരിക്കുന്നത്! ഒരുപക്ഷേ, ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള പൗരന്മാരുടെ കണക്കെടുക്കുകയോ അവരുടെ അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കുകയോ ചെയ്താല്‍ ജീവന്റെ സംരക്ഷകര്‍ എന്ന പട്ടം ചാര്‍ത്തിക്കൊടുത്ത്, ഡോക്ടര്‍മാരെ ഗര്‍ഭസ്ഥശിശുവധചരിതം ആട്ടക്കഥയുടെ സംഘാടകരായി നിയോഗിച്ചിരിക്കുന്നതിലെ അപകടം വ്യക്തമാകും.

കൊല്ലാന്‍ ഡോക്ടര്‍മാര്‍ക്കുള്ള ഈ ഉത്സാഹത്തിന്റെ യഥാര്‍ത്ഥ കാരണം എന്താകാം എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യയില്‍ ഗര്‍ഭസ്ഥശിശുക്കളെ കൊല്ലാന്‍ നൂറു ശതമാനം സാമ്പത്തിക സഹായവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ലഭിക്കും എന്നതാകാം ഉത്തരം. സര്‍ക്കാരിന്റെ ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സുകളായ ആയുഷ്മാന്‍ ഭാരത് (പേരിലെ വിരോധാഭാസം നോക്കണേ!), ESI എന്നിവ ഗര്‍ഭച്ഛിദ്ര ചെലവുകള്‍ പൂര്‍ണ്ണമായി വഹിക്കും. ഗര്‍ഭച്ഛിദ്ര ശസ്ത്രക്രിയയ്ക്ക് 15,500 രൂപയും മരുന്നുപയോഗിച്ചുള്ള ഗര്‍ഭച്ഛിദ്രത്തിന് 1500 രൂപയുമാണ് ഇന്നത്തെ ക്വട്ടേഷന്‍ റേറ്റ്. മാത്രമല്ല, കോസ്‌മെറ്റിക്കുകള്‍ ഉല്‍പാദിപ്പിക്കാന്‍ വ്യാവസായികമായി ഡിമാന്റുള്ള ഒന്നാണ് ഗര്‍ഭച്ഛിദ്രം ചെയ്യപ്പെട്ട ശിശുക്കളുടെ ശരീരം.

ഏതു ശരീരത്തിനുമേല്‍ ആര്‍ക്ക് അവകാശം?

‘എന്റെ ശരീരം, എന്റെ തീരുമാനം’ എന്ന മുദ്രാവാക്യത്തിന് ഈയടുത്ത നാളുകളില്‍ വല്ലാതെ സ്വരം കൂടിയിട്ടുണ്ട്. കൊടിമൂത്ത ഫെമിനിസ്റ്റുകള്‍ വിദേശനാടുകളില്‍ നിന്ന് കോപ്പിയടിച്ച് ഇവിടെ പ്രചരിപ്പിക്കുന്ന ഒരു മുദ്രാവാക്യമാണത്. സിനിമാ കരിയറിനു വേണ്ടി ഉദരത്തിലെ കുഞ്ഞിനെ കൊല്ലുന്ന സാറാസിനെ കാണാനുള്ള ദുര്‍ഗതി പോലും കൈരളിക്ക് ഈയിടെയുണ്ടായി.

വെയ്സ്റ്റു തള്ളുന്ന ലാഘവത്തോടെ ‘മൈ ചോയിസു’കാര്‍ വെട്ടിനുറുക്കി പുറന്തള്ളുന്നത് ‘മൈ ബോഡി’ തന്നെയോ എന്നതാണ് പ്രസക്തമായ ചോദ്യം. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു ഗര്‍ഭിണിയുടെ ഉദരത്തില്‍ വളരുന്ന ജീവന്‍ അതില്‍ത്തന്നെ തനിമയുള്ളതാണോ, അതോ തന്റെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം പോലെ തന്നെ ‘എന്റേത്’ എന്ന് അവള്‍ക്കു വിളിക്കാവുന്ന ഒന്നാണോ? ഗര്‍ഭിണിയുടെ ഉള്ളില്‍ വളരുന്നത് കുഞ്ഞിന്റെ ജീവനാണ്, അമ്മയുടെ ജീവനല്ല എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ലല്ലോ. എങ്കില്‍, ആ ജീവന്‍ വളരുന്ന ശരീരം കുഞ്ഞിന്റെ ശരീരമല്ലേ? അതെങ്ങനെ അമ്മയുടെ ശരീരമാകും? ആ ശരീരത്തില്‍ എങ്ങനെയാണ് അമ്മയ്ക്ക് പരമാധികാരമുണ്ടാകുന്നത്?

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരേയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കര്‍ക്കശമായ നിയമങ്ങളുണ്ടാക്കി അവരെ പരിരക്ഷിക്കുന്നതിനു പിന്നിലെ യുക്തി അവര്‍ vulnerable ആണ് എന്നതാണല്ലോ. എങ്കില്‍, അവരെക്കാള്‍ കൂടുതല്‍ vulnerable ആയ തീര്‍ത്തും നിസ്സഹായരും ദുര്‍ബലരുമായ ഗര്‍ഭസ്ഥശിശുക്കളുടെ കാര്യത്തില്‍ അതിനേക്കാള്‍ കൂടുതല്‍ പരിരക്ഷ നല്‍കുന്ന രാഷ്ട്രനിയമങ്ങളല്ലേ ഉണ്ടാകേണ്ടത്? ഗര്‍ഭസ്ഥശിശുക്കളുടെ അവകാശത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചയും നിയമനിര്‍മ്മാണവും ഉണ്ടാകേണ്ടതല്ലേ? ഈ ചോദ്യങ്ങള്‍ തികച്ചും യുക്തിഭദ്രമാണെങ്കിലും യുക്തിയെക്കാളും ധാര്‍മ്മികതയെക്കാളും സ്ഥായിയായ സമാധാനത്തെക്കാളും ഒട്ടുമിക്കവര്‍ക്കും ഇഷ്ടം താല്‍ക്കാലികമായ ലൊട്ടുലൊടുക്കു പരിഹാരങ്ങളാണ്.

ക്ഷിപ്രമായ പ്രായോഗികത മാത്രമാണ് പലരെയും നയിക്കുന്നത്. അതിന് വളം വച്ചു കൊടുക്കാന്‍ ആഴമായ ചിന്തയില്ലാത്ത ഭരണകര്‍ത്താക്കളും കച്ചവടക്കണ്ണുള്ളവരും മരണസംസ്‌കാരത്തിന്റെ വക്താക്കളുമുള്ളപ്പോള്‍ ഇന്നത്തെ അവസ്ഥ ഇനിയും ഗുരുതരമാകാനാണ് സാധ്യത. ഗര്‍ഭച്ഛിദ്രത്തിനു വേണ്ടി വാദിക്കാനും പണമിറക്കാനും സര്‍ക്കാരുകളെ സ്വാധീനിക്കാനും കഴിവുള്ള മരണസംസ്‌കാരത്തിന്റെ ശക്തികള്‍ പ്രബലരാണ്…

പിറക്കാതെ പോയവര്‍ക്കായി ഒരു ദിനം

കോടിക്കണക്കിന് ശിശുക്കള്‍ കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. 2015 -ല്‍ മാത്രം ഒന്നരക്കോടി കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ഈ കൊലപാതക ലൈസന്‍സിന്റെ അമ്പതാം വര്‍ഷം വെറും കരിവര്‍ഷമല്ല, കരിക്കൂറ വര്‍ഷമാണ്. മരണസംസ്‌കാരത്തിനു വളംവച്ചു കൊടുക്കുന്ന ഈ കരിനിയമത്തിന്റെ പിന്‍ബലത്തില്‍ കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കാനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും പ്രോലൈഫ് മനോഭാവം ഭാരതീയര്‍ക്കിടയില്‍ വളര്‍ത്താനുമായി ഭാരത കത്തോലിക്കാ സഭ ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനമായി ആചരിക്കുന്നു. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് എല്ലാ മെത്രാന്മാര്‍ക്കും ഇതു സംബന്ധിച്ച് കത്തുകളയച്ചു.

കൊല്ലപ്പെട്ട ശിശുക്കള്‍ക്കു വേണ്ടി ബലിയര്‍പ്പണം, പ്രാര്‍ത്ഥനായജ്ഞങ്ങള്‍, കരുണക്കൊന്ത തുടങ്ങിയവയും പൊതുജനത്തിന്റെ ബോധവത്കരണത്തിനു വേണ്ടി 24 മണിക്കൂര്‍ നീളുന്ന സോഷ്യല്‍ മീഡിയ ഉപവാസം (ഡിജിറ്റല്‍ ബ്ലാക്ക് ഔട്ട്), രണ്ടു മിനിറ്റു നേരം ദേവാലയങ്ങളില്‍ മരണമണി മുഴക്കല്‍, അനുസ്മരണ സമ്മേളനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ദിനാചരണത്തിന്റെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കേരളസഭയില്‍ ജീവസംരക്ഷണ ദിനം ആചരിക്കാന്‍ കെസിബിസി ഫാമിലി കമ്മീഷന്‍ ഇതിനകം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ രൂപതകളിലും പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിലായിരിക്കും ഈ ദിനാചരണം നടത്തപ്പെടുന്നത്.

ജീവനു വേണ്ടി കൈകോര്‍ക്കൂ …

കത്തോലിക്കാ സഭയാണ് ഇതിന് മുന്‍കൈ എടുക്കുന്നതെങ്കിലും സന്മനസ്സുള്ള ഏവര്‍ക്കും ഈ ദിനം വിവിധ രീതികളില്‍ ആചരിക്കാവുന്നതാണ്. ജീവല്‍സംസ്‌കാരത്തിന്റെ വക്താക്കളായ വ്യക്തികളും പ്രോലൈഫ് പ്രസ്ഥാനങ്ങളും ദൈവവിശ്വാസികളും നിരീശ്വരരും ഈ അവസരത്തില്‍ മുന്നോട്ടു വരേണ്ടതുണ്ട്. ജീവന്റെ സംസ്‌കാരമേ ഭാരതത്തിന് ശോഭനമായ ഭാവി സമ്മാനിക്കൂ.

ഫാ. ജോഷി മയ്യാറ്റില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.