നൈജീരിയയില്‍ ഒരാഴ്ചയ്ക്കിടെ 150 കൊലപാതകം: തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു

നൈജീരിയയില്‍ ഫുലാനി തീവ്രവാദികള്‍ നടത്തുന്ന ആക്രമണം വര്‍ദ്ധിക്കുന്നു. ഒരാഴ്ചയ്ക്കിടെ നൂറ്റിയന്‍പതോളം ആളുകളാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനിടയില്‍ ജൂണ്‍ പതിനാറാം തീയതി നൈജീരിയയിലെ ഇഡോയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികനെ പോലീസ് മോചിപ്പിച്ചു.

ഫാ. ഐസക് അഗുബി എന്ന വൈദികനെയാണ് പോലീസ് മോചിപ്പിച്ചത്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനു ശേഷം ദേവാലയത്തിന് പുറത്തേയ്ക്കിറങ്ങിയ ഇദ്ദേഹത്തെ ഫുലാനി തീവ്രവാദികളാണ് തട്ടിക്കൊണ്ടുപോയത്. നൈജീരിയയിലും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലും ഫുലാനി, ബോക്കോ ഹറാം തീവ്രവാദികള്‍ ക്രിസ്ത്യാനികള്‍ക്കു നേരെ നടത്തുന്ന ആക്രമണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 150 പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

ജൂണ്‍ പതിനഞ്ചാം തീയതി ബോക്കോ ഹറാം തീവ്രവാദികള്‍ മൂന്ന് ഗ്രാമങ്ങളിലായി നടത്തിയ ആക്രമണത്തില്‍ 25 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. ഇതു കൂടാതെ ഒരു അമ്മയെയും മകനെയും ദേവാലയത്തിലേയ്ക്കുള്ള വഴിമധ്യേ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ജൂണ്‍ പതിനാലാം തീയതി സംഫാര നഗരത്തില്‍ നടന്ന ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടിരുന്നു.