“എന്റെ അനുഭവം നിങ്ങളെയും മാറ്റട്ടെ”: പുതിയ പ്രോലൈഫ് പദ്ധതിയുമായി അബ്ബി ജോൺസൺ 

ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുകയും പിന്നീട് പ്രോലൈഫ് പ്രവര്‍ത്തകയായി മാറുകയും ചെയ്ത അബ്ബി ജോൺസണിന്റെ ജീവന്‍ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ വീണ്ടും ശ്രദ്ധേയമാകുന്നു. അബി ജോൺസണിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘അൺപ്ലാന്‍ഡ്’ എന്ന ചിത്രത്തിന്റെ കോപ്പികള്‍ ഭ്രൂണഹത്യ ക്ലിനിക്കുകളിൽ പ്രവർത്തിക്കുന്നയാളുകള്‍ക്കു അയച്ചുകൊടുത്ത് അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ഉദ്യമത്തിന് ആണ് അബ്ബി ജോൺസൺ ഇപ്പോൾ തുടക്കം കുറിച്ചിരിക്കുകയാണ്.

ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ജോലിചെയ്യുന്നവർ സത്യം മനസ്സിലാക്കുകയും, തന്റെ തന്നെ കഥയാണ് അവരുടെയും കഥ എന്ന ബോധ്യം അവർക്ക് ലഭിക്കുകയും ചെയ്യേണ്ടതിനാണ് താൻ ഇങ്ങനെയൊരു ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് അബ്ബി ജോൺസൺ വ്യക്തമാക്കിയിരുന്നു. ക്ലിനിക്കുകളിലെ ജോലി ഉപേക്ഷിച്ചാൽ സാമ്പത്തികപരവും, ആത്മീയപരവുമായ സഹായം താൻ നൽകുമെന്നും പ്രസ്തുത അഭിമുഖത്തിൽ ഇവർ കൂട്ടിച്ചേർത്തു.

850 പാക്കേജുകള്‍ ഗര്‍ഭഛിദ്ര ക്ലിനിക്ക് പ്രവര്‍ത്തകര്‍ക്ക് അയക്കാനാണ് അബ്ബി ഉദ്ദേശിക്കുന്നത്. വിവിധ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്നവർക്ക് ഡിവിഡി അയച്ചു കൊടുക്കുന്നതോടൊപ്പം തന്നെ ചിത്രത്തെ പറ്റിയുള്ള വിശകലനം തനിക്ക് അയച്ചു തരണമെന്ന് ഒരു കത്തിലൂടെ ആവശ്യപ്പെടുമെന്നും അബ്ബി ജോൺസൺ വ്യക്തമാക്കി. അവർ ചിത്രത്തെ കുറിച്ച് നെഗറ്റിവ് അഭിപ്രായം ആണ് പറയുന്നതെങ്കിലും അത് അവരിൽ നിന്ന് തനിക്ക് ചിത്രത്തെ പറ്റി കേൾക്കണമെന്നും ഇവർ വെളിപ്പെടുത്തി.