“അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയവരോട് ഞാൻ ക്ഷമിക്കുന്നു” – ഒരു യുവാവിന്റെ ക്രൈസ്തവസാക്ഷ്യം

പത്തു വർഷം മുമ്പ് ഒറ്റ രാത്രി കൊണ്ട് 20 വയസുള്ള കോപ്റ്റിക് ക്രിസ്ത്യാനിയായ കിറോ ഖലീലിന്റെ കുടുംബം കൊല്ലപ്പെട്ടു. ഇന്നും ആ ദിവസങ്ങളെ ഞെട്ടലോടെ മാത്രമേ അദ്ദേഹത്തിന് ഓർക്കാൻ സാധിക്കുകയുള്ളൂ.

ഈജിപ്തിലെ അലക്സാണ്ട്രിയയിലെ കോപ്റ്റിക് പള്ളിക്ക് പുറത്തു നടന്ന ഭീകരാക്രമണത്തിൽ കിറോ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എങ്കിലും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെല്ലാവരും കൊല്ലപ്പെട്ടിരുന്നു. തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന് പത്തു വർഷങ്ങൾക്കു ശേഷം ഈ യുവ കോപ്റ്റിക് ക്രിസ്ത്യാനി ക്ഷമയുടെ വലിയ പാഠമാണ് ലോകത്തിനു നൽകുന്നത്.

പത്തു വർഷം മുമ്പായിരുന്നു ആ സംഭവം നടന്നത്. അക്കാര്യങ്ങൾ ഇന്നലെ എന്നതുപോലെ ഇപ്പോഴും കിറോയുടെ മനസിലുണ്ട്. 2011 ജനുവരി 31 വെള്ളിയാഴ്ച രാത്രി, ഈജിപ്തിലെ അലക്സാണ്ട്രിയയിലെ കോപ്റ്റിക് പള്ളിക്ക് പുറത്തു നടന്ന ഭീകരാക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 79 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്നവരിൽ ഒരാൾ 20 വയസ്സുള്ള കോപ്റ്റിക് ക്രിസ്ത്യാനിയായ കിറോ ഖലീൽ ആയിരുന്നു. അന്നവിടെ അനുഭവിച്ച ഭീകരതയെക്കുറിച്ച് വാക്കുകളിൽ വിവരിക്കാൻ പോലും അദ്ദേഹത്തിന് കഴിയില്ല. ഭീകരാക്രമണത്തിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ഉൾപ്പെടെ മൂന്നു പേർ മരിച്ചു.

ഭീകരാക്രമണത്തിനു ശേഷം അദ്ദേഹം കടുത്ത വിവേചനവും വധഭീഷണിയും നേരിട്ടു. അങ്ങനെ ജന്മദേശം ഉപേക്ഷിച്ച് അദ്ദേഹത്തിന് ജർമ്മനിയിൽ അഭയം തേടേണ്ടതായി വന്നു. വിവാഹിതനായ അദ്ദേഹം ഇന്ന് സന്തോഷവാനാണ്. പത്തു വർഷങ്ങൾക്കു മുമ്പ് നടന്ന ഭീകരാക്രമണത്തെ അദ്ദേഹം വിവരിക്കുകയാണ്…

“എന്റെ ജന്മനാടായ അലക്സാണ്ട്രിയയിലെ സെന്റ് മാർക്കിന്റെയും സെന്റ് പീറ്ററിന്റെയും (അൽ-ക്വിഡിസിൻ പള്ളി) പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിൽ എനിക്ക് എന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. 2011 -ലെ പുതുവത്സരാഘോഷത്തിലാണ് അത് സംഭവിച്ചത്. വർഷാവസനത്തിൽ ദൈവത്തിന് നന്ദി പറയാൻ ഞങ്ങൾ പള്ളിയിലായിരുന്നു. അർദ്ധരാത്രിക്കു ശേഷം പള്ളിക്കു മുന്നിൽ ഒരു കാർ ബോംബ് പൊട്ടി. ആ ആക്രമണത്തിൽ 21 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ എന്റെ അമ്മയും സഹോദരിയും എന്റെ ഒരു അമ്മായിയും ഉണ്ടായിരുന്നു. എന്റെ മറ്റൊരു സഹോദരി മെറീനക്ക് ഗുരുതരമായി പരിക്കേറ്റു. 33 തവണ ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു അവൾക്ക് അതിനെ അതിജീവിക്കാൻ” – കിറോ ഖലീൽ പറയുന്നു.

ഒരു ക്രിസ്ത്യാനി ആയതിന്റെ പേരിൽ, കുട്ടിയായിരുന്നപ്പോൾ മുതൽ കടുത്ത വിവേചനം നേരിടേണ്ടി വന്നയാളാണ് ഞാൻ. പരമ്പരാഗത ക്രിസ്ത്യൻ നാമമായ കിറോ എന്ന എന്റെ പേര് കാരണം ഞാൻ പലപ്പോഴും സ്‌കൂളിൽ മറ്റ് കുട്ടികളുടെ കളിയാക്കലുകൾ നേരിടേണ്ടിവന്നു. കുട്ടിക്കാലം മുതൽ അമ്മ, നമ്മളെ മറ്റുള്ളവർ എന്തു ചെയ്താലും സഹജീവികളെ സ്നേഹിക്കണം എന്നു പഠിപ്പിച്ചു. “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” എന്ന ഈശോയുടെ കൽപന ജീവിക്കുവാൻ അമ്മയായിരുന്നു മാതൃക. എന്റെ അമ്മ യേശുവിന്റെ ഈ കല്പന ഞങ്ങളുടെ ഹൃദയങ്ങളിൽ പകർത്തിയിരുന്നു. ആക്രമണത്തിനു ശേഷം, എന്റെ വേദനയെ മറികടക്കുവാൻ അതെന്നെ വളരെയധികം സഹായിച്ചു” – അദ്ദേഹം വെളിപ്പെടുത്തി.

കത്തോലിക്കാ വിശ്വാസത്തിന്റെ പേരിലാണ് അവർ ആക്രമിക്കപ്പെട്ടത്. എങ്കിലും അദ്ദേഹം ഇന്നും ദൈവത്തെ ഇരട്ടി സ്നേഹിക്കുന്നു. “പുതുവർഷ ശുശ്രൂഷക്കായി നാലായിരം പേർ പള്ളിയിൽ ഒത്തുകൂടിയപ്പോൾ എന്റെ കുടുംബത്തിൽ നിന്ന് മൂന്ന് പേരെ ദൈവം രക്തസാക്ഷികളാക്കി മാറ്റി” – ഇതാണ് ആ ആക്രമണത്തെക്കുറിച്ച് ഇന്ന് അദ്ദേഹം പറയുന്നത്.

ആ തീവ്രവാദ ആക്രമണം നടത്തിയവരെ തിരിച്ചറിയുവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. എങ്കിലും കിറോ ഖലീലിന് ഇന്ന് അവരോട് തോന്നുന്നത് സഹതാപമാണ്. കാരണം ദൈവത്തെ പ്രസാദിപ്പിക്കാൻ മറ്റു മതങ്ങളിലെ ആളുകൾക്കെതിരെ അക്രമം ചെയ്യണമെന്ന് അവർ വിശ്വസിക്കുന്നു. ഇപ്പോൾ ജർമ്മനിയിൽ താമസിക്കുന്ന കിറോ സ്വാതന്ത്ര്യത്തോടെ തന്റെ വിശ്വാസത്തെ പ്രഘോഷിക്കാൻ സാധിക്കുന്നതിൽ അതീവ സന്തോഷവാനാണ്. തന്റെ പ്രിയപ്പെട്ടവരെ കൊലപ്പെടുത്തിയവരോട് ക്ഷമിക്കുവാൻ സാധിച്ചതിനാൽ ഇന്ന് അദ്ദേഹം വലിയ സന്തോഷത്തിലാണ് ജീവിക്കുന്നത്. ക്ഷമിക്കുവാൻ പഠിപ്പിക്കുന്ന സ്നേഹത്തെ പിന്തുടരുന്ന കിറോ എല്ലാ കാലത്തും ക്രൈസ്തവർക്ക് മാതൃകയാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.