വി. മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളുടെ ആശ്രയകേന്ദ്രം സന്ദര്‍ശിച്ച് മാര്‍പാപ്പാ

അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി യൂറോപ്യന്‍ രാജ്യമായ സ്ലോവാക്യയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ വി. മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളുടെ കീഴിലുള്ള ആശ്രയകേന്ദ്രം സന്ദര്‍ശിച്ചു. ബ്രാറ്റിസ്ലാവയില്‍ സ്ഥിതിചെയ്യുന്ന ബെത്ലഹേം സെന്റര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആതുരാലയത്തിലാണ് പാപ്പാ സന്ദര്‍ശനം നടത്തിയത്. 1997 -ല്‍ ആരംഭിച്ച ആതുരാലയത്തില്‍ ഭവനരഹിതര്‍ക്ക് തല ചായ്ക്കാന്‍ ഇടവും ഭക്ഷണവും നല്‍കി വരികയാണ്.

കുട്ടികളുടെ സംഗീതാലാപനത്തിന്റെ അകമ്പടിയോടെയായിരുന്നു പാപ്പായുടെ സന്ദര്‍ശനം. ബെത്ലഹേം സെന്ററിന് പിന്തുണ നല്‍കുന്നവര്‍ക്ക് പാപ്പാ തദവസരത്തില്‍ നന്ദി രേഖപ്പെടുത്തി. ആതുരാലയത്തിലെ എല്ലാ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പാപ്പാ നന്ദി രേഖപ്പെടുത്തി. “നമ്മള്‍ ഒരുമിച്ച് സന്തോഷത്തോടെ ഇരിക്കുമ്പോള്‍ ദൈവം നമ്മോടൊപ്പം കാണും. പരീക്ഷണസമയത്തും ദൈവം നമ്മോടൊപ്പമുണ്ട്. മോശം സമയങ്ങളിലും ദൈവം നമ്മോടൊപ്പം യാത്ര ചെയ്യുന്നു” – പാപ്പാ പറഞ്ഞു.

സന്യാസിനികള്‍ തങ്ങളുടെ സേവനത്തിലൂടെ നല്‍കുന്ന സാക്ഷ്യത്തിന് നന്ദി പറയുന്നതായി അതിഥികള്‍ക്കുള്ള ഡയറിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കുറിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ഒരു ചിത്രം ഫ്രാന്‍സിസ് മാര്‍പാപ്പ അവര്‍ക്ക് സമ്മാനമായും നല്‍കി. നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥന ചൊല്ലിയതിനുശേഷം അവരെ അനുഗ്രഹിക്കുക കൂടി ചെയ്തിട്ടാണ് പാപ്പാ മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.