“ഞാൻ ഒരു ഷെഫ്” – പാചകമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മൂന്നു വയസുകാരി

“ഇന്ന് ഞാൻ ഉണ്ടാക്കുന്നത് കുക്കുമ്പർ പച്ചടി”- പറയുന്നത് മൂന്നു വയസുകാരി.

മരിയ ജോസ്

കയ്യിൽ സ്പൂണ്‍ പിടിച്ച് ചേരുവകൾ പരിചയപ്പെടുത്തി, ഒരു വലിയ പാചകവിദഗ്ധയുടെ ഗൗരവത്തോടെ പാചകത്തിലാണ് മിഷേൽ. ആള് നിസ്സാരക്കാരിയല്ല കേട്ടോ, ‘ഞാൻ ഒരു ഷെഫ്’ എന്ന പാചകമത്സരത്തിൽ 32 വയസ് വരെയുള്ള ആളുകളെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ കുട്ടിഷെഫിന്റെ പ്രായം വെറും മൂന്നു വയസാണ്. കാഴ്ചക്കാരെ രസകരമായ അവതരണത്തിലൂടെ അത്ഭുതപ്പെടുത്തിയും സന്തോഷിപ്പിച്ചും ഒന്നാം സമ്മാനം നേടിയ ഈ കുട്ടിഷെഫിന്റെ വിശേഷങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് അമ്മ മിനു മഞ്ഞളി.

മിഷേലിന്റെ അമ്മ മിനുവും, അപ്പ ജിനുവും പാചകത്തിൽ മിടുക്കരാണ്. ഒഴിവുസമയങ്ങളിൽ പാചകപരീക്ഷണങ്ങളുമായി ചേരുന്ന ഇവരുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ കണ്ടിട്ടാവണം മിഷേലിനും പാചകത്തോട് താൽപര്യം തുടങ്ങിയത് എന്ന് അമ്മ മിനു പറയുന്നു. അടുക്കളയിൽ അമ്മയ്‌ക്കൊപ്പം പാചകത്തിനു കയറുന്ന കുഞ്ഞുമിഷേലിനെ ആരും തന്നെ തടയാറില്ല. ഉണ്ടാക്കുന്നത് പൂർണ്ണമായും ശരിയാകാറില്ലായെങ്കിലും തന്റേതായ ഒരു സംഭാവന പാചകത്തിൽ വരുത്തിയില്ലെങ്കിൽ കുഞ്ഞുമിഷേലിന് ഒരു സമാധാനം ഉണ്ടാകില്ല. അങ്ങനെയിരിക്കുന്നതിനിടയിലാണ് ലോക്ക് ഡൗണും മറ്റും കടന്നുവരുന്നത്. വീട്ടിൽത്തന്നെ ഇരിക്കുന്ന സമയം വെറുതെ കളയണ്ടല്ലോ എന്ന ചിന്തയിൽ മിനു തന്റെ പഴയ കുക്കിങ് യുട്യൂബ് ചാനൽ ഉഷാറാക്കി. ഇടയ്ക്ക് കിട്ടുന്ന സമയങ്ങളിൽ ചാനലിലേയ്ക്ക് വേണ്ട വീഡിയോകൾ തയ്യാറാക്കുന്ന അമ്മയെ നോക്കി കുഞ്ഞുമിഷേലും കൗതുകത്തോടെ ഒപ്പമുണ്ടായിരുന്നു. അതോടെ തനിക്കും അമ്മ ചെയ്യുന്നത് പോലെ  ചെയ്യണം എന്ന് വാശിയായി. കുഞ്ഞിന് ഒരു പ്രോത്സാഹനവുമാകുമല്ലോ എന്നു കരുതി അച്ഛനും അമ്മയും ഒപ്പം നിന്നു. ‘മിനു മഞ്ഞളി യു ട്യൂബ് ചാനലി’ലൂടെ ഈ കുഞ്ഞുഷെഫും തന്റെ പാചകവിരുത് പ്രകടിപ്പിച്ചു തുടങ്ങി.

https://www.youtube.com/channel/UC0Akfzvq01EnEzwK03APVkg

ചില വാക്കുകളും ചേരുവകകളുടെ പേരുകളും വ്യക്തമായി പറയാൻ കഴിയുന്നില്ലായെങ്കിലും കേൾവിക്കാരനു മനസ്സിലാകുന്ന രീതിയിൽ ആകർഷമായി അവതരിപ്പിക്കുവാൻ കുഞ്ഞുമിഷേലിനു കഴിഞ്ഞു. ലോക്ക് ഡൗൺ സമയങ്ങളിലായി മൂന്നു പാചക വീഡിയോകള്‍ യു ട്യൂബ് ചാനലിലൂടെ കുഞ്ഞുമിഷേലിന്റേതായി പുറത്തുവന്നു. ആ അനുഭവത്തിന്റെ പിൻബലത്തിലാണ് ഡോൺ ബോസ്‌കോ വൈദികർ നടത്തിയ പാചകമത്സരത്തിൽ പങ്കെടുക്കുന്നത്. പ്രത്യേക റെസിപ്പികൾ ഒന്നും തന്നെയില്ല. വെജിറ്റേറിയൻ വിഭവം ആയിരിക്കണം. പ്രായം 35 വയസ് വരെ ആകാം. ഈ പ്രത്യേകതകൾ കൊണ്ടു തന്നെ കുഞ്ഞിനേയും പങ്കെടുപ്പിക്കാമെന്നു തീരുമാനിക്കുകയായിരുന്നു.

അമ്മ പാചക വീഡിയോ ചെയ്യുമ്പോഴുള്ള ശൈലിയും മറ്റും ശ്രദ്ധിച്ചിരുന്ന മിഷേലിന് ഇതൊക്കെ സിംപിളായിരുന്നു. ആദ്യഭാഗത്തെ ചില ചെറിയ സംശയങ്ങളൊഴിച്ചാൽ ബാക്കി മുഴുവൻ കുഞ്ഞുഷെഫ് തകർത്ത് പാചകം ചെയ്തു എന്നുതന്നെ പറയാം. മാത്രവുമല്ല, തൈരും കുക്കുമ്പറും മിഷേലിന്റെ ഇഷ്ടഭക്ഷണങ്ങളാണ്. അതിനാൽത്തന്നെ ആ താല്പര്യവും പാചകം ഉഷാറാകുന്നതിന് സഹായിച്ചു എന്ന് മിനു വെളിപ്പെടുത്തുന്നു. കുസൃതിയും കൊഞ്ചലും ആയുള്ള ഈ കുട്ടിക്കുറുമ്പിയുടെ പാചക വീഡിയോ കാഴ്ചക്കാർ ഏറ്റെടുത്തു. നാൽപത്തിയേഴ്‌ മത്സരാർത്ഥികളിൽ നിന്നും ഒന്നാം സ്ഥാനത്തിന് ഉടമയായി മാറി അങ്ങനെ ബാംഗ്ലൂരിലെ ഈ പാചകവിദഗ്ധ.

മത്സരത്തിൽ പങ്കെടുത്തപ്പോഴും സമ്മാനം കിട്ടുമെന്നൊന്നും കരുതിയിരുന്നില്ലായെങ്കിലും ഈ ഒന്നാം സ്ഥാനം കുഞ്ഞിനു പകരുന്ന കരുത്ത് വലുതാണ് എന്ന് വിശ്വസിക്കുകയാണ് മാതാപിതാക്കൾ. തന്റെ പാചക വീഡിയോ ആൾക്കാര്‍ കാണുന്നുണ്ടെന്ന് മനസിലായതോടെ കുഞ്ഞുമിഷേൽ വളരെ സന്തോഷത്തിലാണ്. തന്റെ പ്രിയപ്പെട്ടവർ കണ്ടോ എന്ന് തിരക്കി, ഇടയ്ക്കിടെ ആ വീഡിയോ എടുത്തുകണ്ട് പൊട്ടിച്ചിരിച്ചിരിക്കുന്നതിനിടയിലാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയുന്നത്. അതോടെ സന്തോഷത്തിന് ഇരട്ടി മധുരം. തനിക്ക് സമ്മാനം ലഭിച്ചത് എല്ലാവരോടും പങ്കുവച്ചു കൊണ്ട് ഈ മൂന്നു വയസുകാരി സന്തോഷത്തിലാണ്.

ബാംഗ്ലൂരിലെ സെന്റ് വിൻസെന്റ് പള്ളോട്ടി സ്‌കൂളിൽ നഴ്‌സറിയിലാണ് ഈ കുട്ടിഷെഫ് പഠിക്കുന്നത്. അച്ഛൻ ജിനു ചാര്‍റ്റേർഡ് അക്കൗണ്ടന്റ് ആണ്. അമ്മ മിനു എഞ്ചിനീയർ ആണ്. ലൈഫ് ഡേയുടെ ഒരു മികച്ച എഴുത്തുകാരി കൂടിയാണ് മിനു മഞ്ഞളി.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.