നടക്കാൻ സാധിക്കില്ലെങ്കിലും ലോകത്തിനു പ്രചോദനമായി ഒരു പത്തു വയസുകാരിയുടെ ഡാൻസ്

ഫ്രിയ ബുക്കർ എന്ന പത്ത് വയസുകാരി ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ്. ഗുരുതരമായ രോഗാവസ്ഥ മൂലം തന്റെ പത്താമത്തെ വയസിലും നടക്കുവാൻ സാധിക്കാത്ത അവൾ പിതാവിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് വൈറലായത്. സംഗീതത്തോടുള്ള ഇഷ്ടവും അവളുടെ പിതാവിന്റെ സാന്നിധ്യവും ഡാൻസ് ചെയ്യാൻ അവൾക്ക് പ്രചോദനമായി.

സെറിബ്രൽ അപസ്മാരം, ഇതുവരെയും നിർണ്ണയിക്കാത്ത മസ്തിഷ്കത്തിന്റെ പ്രത്യേക അവസ്ഥ മുതലായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെയാണ് ഫ്രിയ ജനിച്ചത്. തന്റെ പത്താമത്തെ വയസിലും നടക്കാൻ സാധിക്കാത്ത ഫ്രിയക്ക്, മാതാപിതാക്കളായ ഗ്രഹാം ബുക്കറും ജോഹന്ന എക്സ്ട്രോമും വേണ്ട ചികിത്സകൾ എല്ലാം നൽകിവരുന്നു. അവൾക്ക് കൂടുതൽ ആത്മവിശ്വാസം പകരാൻ എല്ലാവിധ പ്രോത്സാഹനങ്ങളും ഈ മാതാപിതാക്കൾ നൽകിവരുന്നു.

“നിൽക്കാനും നടക്കാനും കഴിയുന്ന രീതിയിൽ അവളെ ആക്കിയെടുത്ത് സ്വയം പര്യാപ്തയാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ഞങ്ങൾ ഫ്രിയയ്‌ക്കായി എല്ലാവിധ ചികിത്സകളും സഹായവും ചെയ്യുന്നുണ്ട്. സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന അവൾക്ക് ഡാഡിയുടെ സാമീപ്യവും സ്നേഹവും വളരെ പ്രചോദനമാണ്. അങ്ങനെയാണ് അവൾ ആദ്യത്തെ തന്റെ ഡാൻസ് ചെയ്തതും” – അമ്മ ജോഹന്ന പറയുന്നു. അല്പം ബുദ്ധിമുട്ടിയാണെങ്കിലും കാലിൽ നിൽക്കാൻ ഫ്രിയയ്ക്ക് കഴിഞ്ഞു. രണ്ട് പ്രാവശ്യം വീഴാൻ പോയെങ്കിലും തന്റെ പിതാവിന്റെ കരങ്ങളിൽ അവൾ സുരക്ഷിതയായിരുന്നു. അതിനാൽ അവൾ ചിരിച്ചുകൊണ്ട് തന്റെ ഡാൻസ് തുടരുന്നതും ആ വീഡിയോയിൽ ദൃശ്യമാകും.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഈ വീഡിയോ ഒരു പ്രചോദനമാണ്. വൈകല്യങ്ങളോ രോഗങ്ങളോ ഉള്ള അനേകം കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇത് ഒരു ആശ്വാസവും ധൈര്യവുമാണെന്ന് ഈ മാതാപിതാക്കൾ ഉറച്ചു വിശ്വസിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.