അനുദിനവും അനേകായിരങ്ങളെ സ്വാധീനിക്കുന്ന ചിന്തകളുമായി ഷിജി ടീച്ചര്‍

കീര്‍ത്തി ജേക്കബ്

നല്ല ചിന്തകള്‍ നല്ല സ്വപ്‌നത്തിലേയ്ക്കും നല്ല സ്വപ്‌നങ്ങള്‍ നല്ല ആഗ്രഹങ്ങളിലേയ്ക്കും നല്ല ആഗ്രഹങ്ങള്‍ നല്ല പ്രവൃത്തിയിലേയ്ക്കും നല്ല പ്രവൃത്തികള്‍ ആത്യന്തികമായ നന്മയിലേയ്ക്കും മനുഷ്യനെ നയിക്കും. കാലികപ്രസക്തിയുള്ളതും സമൂഹശ്രദ്ധ പതിയേണ്ടതും നന്മയിലേയ്ക്ക് നയിക്കുന്നതുമായ സദ്ചിന്തകള്‍ അനുദിനം പങ്കുവച്ചുകൊണ്ട് നന്മയുടെ വിത്തുകള്‍, തന്നെ കേള്‍ക്കുന്നവരുടെ ഹൃദയങ്ങളില്‍ വിതച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് കറുകച്ചാല്‍ സ്വദേശിനിയും അധ്യാപികയുമായ ഷിജി ജോണ്‍സണ്‍. ചങ്ങനാശേരി മീഡിയ വില്ലേജിന്റെ ചാനലായ MV TV യിലെ THOUGHT FOR THE DAY എന്ന പ്രോഗ്രാം അവതരണത്തിലൂടെ സമൂഹശ്രദ്ധയും ഈ വര്‍ഷത്തെ കെസിബിസി സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡും കരസ്ഥമാക്കിയ ഷിജി ടീച്ചറെ അടുത്തറിയാം…

നല്ല നാളേയ്ക്കായുള്ള അനുദിന ചിന്തകള്‍

ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മീഡിയ വില്ലേജിന്റെ ചാനലാണ് മീഡിയാ വില്ലേജ് ടിവി അഥവാ MV TV. ചാനലിലൂടെ അനുദിനം പോസിറ്റീവ് ചിന്തകള്‍ പങ്കുവയ്ക്കുന്ന ഒരു പ്രോഗ്രാം തുടങ്ങുന്നതിനെക്കുറിച്ച് ആലോചന വന്നപ്പോള്‍ തന്നെ ഷിജി ടീച്ചറുടെ പേര് പരിഗണിക്കപ്പെട്ടു. രൂപതയുടെ സ്‌കൂളിലെ അധ്യാപികയെന്നതും അതിരൂപതയുടെ വിവിധ പരിപാടികള്‍ക്ക് അവതാരകയായതുമെല്ലാം അതിനു കാരണമായി. പ്രോഗ്രാം തുടങ്ങിവയ്ക്കാം, പോരായ്മകളുണ്ടായാല്‍ വേറെ ആളെ കണ്ടെത്താം എന്ന ചിന്തയോടെയാണ് ടീച്ചര്‍ സമ്മതം മൂളിയതെങ്കിലും പ്രോഗ്രാമിന് മികച്ച അഭിപ്രായങ്ങള്‍ കേള്‍വിക്കാരില്‍ നിന്ന് ലഭിച്ചുതുടങ്ങിയതിനാല്‍ മുന്നോട്ടുതന്നെ പോയി. ഇന്ന് THOUGHT FOR THE DAY എന്ന പ്രോഗ്രാം 870 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുന്നു.

കഥയിലൂടെ കാര്യം പറച്ചില്‍

രണ്ടര മുതല്‍ മൂന്നര മിനിട്ട് വരെ മാത്രമാണ് പ്രോഗ്രാമിന്റെ ദൈര്‍ഘ്യം. ഒരു ചെറുകഥയിലൂടെയോ കാലികപ്രസക്തമായ സംഭവങ്ങളിലൂടെയോ തുടക്കമിട്ട്, പോസിറ്റീവ് ചിന്തകളിലേയ്ക്ക് കേള്‍വിക്കാരുടെ മനസിനെ എത്തിക്കുന്ന തരത്തിലാണ് ഷിജി ടീച്ചറുടെ അവതരണം. ലളിതമായ ഭാഷയും തെളിമയാര്‍ന്ന ശൈലിയും ഉള്‍ക്കൊള്ളിച്ചുള്ള ടീച്ചറുടെ അവതരണം കൊച്ചുകുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കുന്നതുമാണ്.

വായന നല്‍കിയ ആശയങ്ങള്‍

വായനയിലൂടെയാണ് ഓരോ ദിവസത്തേയ്ക്കും വേണ്ട ആശയങ്ങള്‍ താന്‍ കണ്ടെത്തുന്നതെന്ന് ടീച്ചര്‍ പറയുന്നു. ഏതു ഭാഷയിലോ വിഭാഗത്തിലോ ഉള്ള പുസ്തകം വായിക്കുമ്പോഴും ശ്രദ്ധയില്‍പ്പെടുന്ന കാര്യങ്ങള്‍ കുറിച്ചുവയ്ക്കും അല്ലെങ്കില്‍ ഏതെങ്കിലും പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ കിട്ടുന്ന സദ്ചിന്തകള്‍ എഴുതിവയ്ക്കും. ബൈബിള്‍, ഭഗവദ്ഗീത, ഖുറാന്‍ തുടങ്ങി വിവിധ മതഗ്രന്ഥങ്ങളിലേയും സദ്വചനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയും സന്ദേശങ്ങള്‍ നല്‍കാറുണ്ട്. വായനാശീലം തന്നില്‍ വളര്‍ത്തിയെടുത്തത് മാതാപിതാക്കളാണെന്നും ടീച്ചര്‍ നന്ദിയോടെ ഓര്‍ക്കുന്നു.

അത്ഭുതപ്പെടുത്തിയ റിസള്‍ട്ട്

താന്‍ അവതരിപ്പിക്കുന്ന പ്രഭാതചിന്തകള്‍ക്ക് ലഭിക്കുന്ന റിസള്‍ട്ട് അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്ന് ടീച്ചര്‍ പറയുന്നു. “ഒരിക്കല്‍ ഒരു ഫംങ്ഷനു പോയപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്ന ദമ്പതികളും അവരുടെ കൗമാരക്കാരായ രണ്ട് മക്കളും എന്റെ അടുത്തെത്തി. ഏറെ അടുപ്പത്തോടെ കുറേ സമയം സംസാരിച്ചു. എനിക്ക് നിങ്ങളെ മനസിലായില്ലല്ലോ എന്നുപറഞ്ഞപ്പോള്‍ അവര്‍ പറയുകയാണ്, മാഡത്തെ ഞങ്ങള്‍ക്ക് നല്ല പരിചയമുണ്ട്. മാഡം ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ്. കാരണം മാഡത്തിന്റെ ടോക്കുകള്‍ ഞങ്ങളെല്ലാവരും ദിവസവും കേള്‍ക്കാറുണ്ട്. ആ ടോക്കുകള്‍ കേട്ടശേഷം മാത്രമേ കുട്ടികള്‍ ഉറങ്ങാറുള്ളു എന്നൊക്കെ. സത്യം പറഞ്ഞാല്‍ അതു കേട്ടപ്പോള്‍ ഹൃദയം നിറഞ്ഞു തുളുമ്പി.”

“അതുപോലെ തന്നെ ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ വിരസതയും നിരാശയും അനുഭവിച്ചിരുന്ന അനേകമാളുകള്‍ ഈ ടോക്കുകള്‍ കേട്ട് മാനസിക ഉണര്‍വ് നേടിയതായും ജീവിതത്തെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷ ലഭിച്ചതായുമൊക്കെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. എന്നിലൂടെ ആര്‍ക്കെങ്കിലുമൊക്കെ ജീവിതത്തിലെ സന്തോഷങ്ങളും നന്മയും കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് എന്നെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്” – ടീച്ചര്‍ പറയുന്നു.

കെസിബിസി -യുടെ അവാര്‍ഡ്

കെസിബിസി -യുടെ 2021-ലെ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡും പ്രസ്തുത പ്രോഗ്രാമിലൂടെ ടീച്ചര്‍ നേടിയെടുത്തു. ഫേസ് ബുക്ക്, വാട്ട്‌സ് ആപ്പ്, യൂ ട്യൂബ് തുടങ്ങിയ നവമാധ്യമങ്ങളെല്ലാം THOUGHT FOR THE DAY എന്ന പ്രോഗ്രാം പങ്കുവയ്ക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ‘സോഷ്യല്‍ മീഡിയയുടെ സ്വാധീനം ശരിക്കും തിരിച്ചറിഞ്ഞത് ലോക്ക് ഡൗണ്‍ കാലഘട്ടത്തിലാണ്. ആളുകള്‍ വീടുകളിലേയ്ക്ക് ഒതുങ്ങിയപ്പോള്‍ അവര്‍ സോഷ്യല്‍ മീഡിയയെ ആണ് നേരമ്പോക്കിനായി കണ്ടെത്തിയത്. അങ്ങനെയുള്ള സമയത്ത് ഇത്തരത്തിലുള്ള പ്രോഗ്രാമുകള്‍ അവരുടെ ശ്രദ്ധയില്‍പെടുകയും പലരും അത് മറ്റുള്ളവരിലേയ്ക്കു കൂടി എത്തിക്കുകയും ചെയ്തു.

കത്തോലിക്കാ സഭയും ഇക്കാലഘട്ടത്തില്‍ സമൂഹമാധ്യമങ്ങള്‍ ആളുകളില്‍ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുകയും അതിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ സുവിശേഷപ്രഘോഷണം നടത്തുന്നവരെ ആദരിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായാണ് എനിക്ക് ലഭിച്ച ഈ അവാര്‍ഡും. സമൂഹനന്മയ്ക്കായി കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ അവാര്‍ഡ് പ്രചോദനമാകും” – ടീച്ചര്‍ പറയുന്നു.

അധ്യാപനജീവിതം

കഴിഞ്ഞ ഇരുപത്തിയാറു വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുകയാണ് ഷിജി ടീച്ചര്‍. നിലവില്‍ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. അധ്യാപികയുടെ പരമപ്രധാന ദൗത്യം കുട്ടികളില്‍ പോസിറ്റീവ് ചിന്തകള്‍ പങ്കുവയ്ക്കുക എന്നതായതിനാല്‍ പ്രോഗ്രാം അവതരണവും അധ്യാപനജീവിതവും ഇഷ്ടത്തോടെ കൈകാര്യം ചെയ്യാനാവുന്നുണ്ടെന്ന് ടീച്ചര്‍ പറയുന്നു. ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് പ്രോഗ്രാമിന്റെ ഷൂട്ട് ഉണ്ടാവുക. പത്തോ പന്ത്രണ്ടോ ദിവസത്തേയ്ക്കുള്ളത് ഒന്നിച്ച് ഷൂട്ട് ചെയ്യും. കഴിഞ്ഞ 870 എപ്പിസോഡും ഷൂട്ട് ചെയ്തത് ടീച്ചറിന്റെ വീട്ടില്‍ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.

പേരന്റിംഗ്, സ്ത്രീ ശാക്തീകരണം എന്നിവയെക്കുറിച്ച് ക്ലാസുകളും ടീച്ചര്‍ എടുക്കാറുണ്ട്. ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രയില്‍ മോറല്‍ തിയോളജി ഡിപ്പാര്‍ട്ടുമെന്റ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ സെമിനാറില്‍ അത്മായ പ്രതിനിധിയായി പേപ്പര്‍ അവതരിപ്പിച്ചിട്ടുണ്ട്. ചാവറയച്ചന്റെ ‘ചാവരുള്‍’ ന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചാവരുളും ആധുനിക കുടുംബവും തമ്മില്‍ ബന്ധപ്പെടുത്തിയും സെമിനാര്‍ പേപ്പര്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ സ്‌കൂളിലെ കുട്ടികള്‍, അവരുടെ മാതാപിതാക്കള്‍ അവരോട് ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയില്‍ ആവശ്യമായ നിര്‍ദേശങ്ങളും പരിഹാരങ്ങളും നിര്‍ദ്ദേശിക്കാറുമുണ്ട്.

കുടുംബം

തന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഊര്‍ജ്ജസ്രോതസ്സ് കുടുംബാംഗങ്ങളാണെന്നും ഷിജി ടീച്ചര്‍ പറയുന്നു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ജോണ്‍സണ്‍ തോമസും മക്കളായ ഐറിന്‍, എലൈന്‍, കരോളിന്‍ എന്നിവരും അടങ്ങുന്നതാണ് ടീച്ചറുടെ കുടുംബം.

കീര്‍ത്തി ജേക്കബ്‌

2 COMMENTS

  1. ജീവിതത്തിന്റെ മുന്നോട്ടു ള്ള യാത്രയിൽ ആവശ്യമായ പ്രധാന കാര്യങ്ങൾ വ്യക്ത മാക്കുന്ന ലളിത കഥകളും കാര്യങ്ങളും കൊണ്ട്, ഷിജി ടീച്ചറെ ഇനിയും മുന്നോട്ടു പോയി അനേക മനസ്സുകളെ സുമനുസ്സുകൾ ആക്കുവാൻ കഴിയട്ടെ. ഒത്തിരി ആശംസകൾ

Leave a Reply to AnonymousCancel reply