ഒരു ടാന്‍സാനിയന്‍ അനുഭവം

ആഫ്രിക്കന്‍ മിഷനറി എന്നു പറയുമ്പോഴും ഞാന്‍ സേവനം ചെയ്യുന്നത് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയായിലാണ്. ടാന്‍ഗനിക്ക, സാന്‍സിബാര്‍ എന്നീ രാജ്യങ്ങള്‍ ബ്രിട്ടന്റെ ഭരണത്തില്‍ നിന്നും സ്വതന്ത്രമാവുന്നത് 1961-ലാണ്. ഈ രണ്ടു രാജ്യങ്ങള്‍ക്കും സ്വതന്ത്രമായി വളരാന്‍ അവസരം കുറവായിരുന്നതിനാല്‍ അവ രണ്ടും 1964-ല്‍ ഒന്നിച്ചുചേര്‍ന്ന് ‘ടാന്‍സാനിയാ’ എന്ന ഒറ്റരാജ്യം രൂപീകൃതമായി. എങ്കിലും 1992-ല്‍ മാത്രമാണ് ഈ രാജ്യത്ത് ‘മള്‍ട്ടിപാര്‍ട്ടിസിസ്റ്റം’ നിലവില്‍ വന്നത്. സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ ഇന്നുവരെ ചാമാ ചാ മപുന്‍ഡൂസി (CCM) എന്ന പാര്‍ട്ടിയാണ് ഈ രാജ്യം ഭരിക്കുന്നത്. ജോണ്‍ ജോസഫ് പോംബേ മഗുഫുളിയാണ് ടാന്‍സാനിയായുടെ ഇപ്പോഴത്തെ പ്രസിഡന്റ്.

പൊതുവെ, ക്രിസ്ത്യന്‍ രാജ്യം എന്നുപറയുമ്പോഴും കേവലം 150 വര്‍ഷത്തെ ചരിത്രം മാത്രമേ കത്തോലിക്കാ സഭയ്ക്ക് ഇവിടെയുള്ളൂ. നമുക്കു മുമ്പുതന്നെ ലൂഥറന്‍, ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, പെന്തക്കോസ്റ്റല്‍ തുടങ്ങിയ സഭാവിഭാഗങ്ങള്‍ ഇവിടെ വേരൂന്നിയിരുന്നു. എന്നിരുന്നാലും കഴിഞ്ഞ 150 വര്‍ഷങ്ങള്‍ കൊണ്ട് 20 രൂപതകളും നൂറുകണക്കിന് ഇടവകകളുമായി കത്തോലിക്കാ സഭ നല്ല വളര്‍ച്ച കൈവരിച്ചിരിക്കുന്നു. ആഫ്രിക്കക്കാരായ വൈദികര്‍ക്കു പുറമേ ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമെല്ലാം നിരവധി വൈദികരും സന്യസ്തരും ഇവിടെ സേവനം ചെയ്യുന്നു.

വിവിധതരം ഗോത്രവര്‍ഗ്ഗക്കാരുടെ നാടാണിത്. അരൂഷാ രൂപതയിലെ ‘മുറിയേറ്റ്’ എന്ന ഇടവകയിലാണ് ഞാന്‍ ഇപ്പോള്‍ ശുശ്രൂഷ ചെയ്യുന്നത്. ‘മസായി’ എന്ന ഗോത്രവര്‍ഗ്ഗക്കാരുടെ നാടാണിത്. ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു പൊതുവേ ki സ്വാഹിലി എന്ന ഭാഷയുമുണ്ടെങ്കിലും മസായികള്‍ പൊതുവെ ki മസായി എന്ന ഭാഷയാണ് സംസാരിക്കുന്നത്. കന്നുകാലി മേയ്ക്കലും കൃഷിയുമാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍. ഗോത്രസംസ്‌കൃതിയനുസരിച്ച് ഇവിടെ പുരുഷന്മാര്‍ക്ക് എത്ര ഭാര്യമാര്‍ വേണമെങ്കിലുമാവാം. അതിനാല്‍ ഒരു കുടുംബത്തില്‍ ധാരാളം അംഗങ്ങള്‍ കാണും. അതുകൊണ്ടു തന്നെ ഇടവകയില്‍ കുടുംബാംഗങ്ങളുടെ എണ്ണവും വളരെ കൂടുതലാണ്.

മറ്റു സഭാവിഭാഗങ്ങള്‍ ശക്തമായതിനാല്‍ അവരുടെ പ്രലോഭനങ്ങളില്‍ നിന്ന് സഭാതനയരെ സംരക്ഷിച്ച് ചേര്‍ത്തുനിര്‍ത്തുകയെന്നുള്ളത് കത്തോലിക്കാ മിഷനറിമാരെ സംബന്ധിച്ചിത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അതുകൊണ്ടു തന്നെ തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഭവനസന്ദര്‍ശനങ്ങള്‍ കൃത്യമായി നടക്കുന്നു. ചൊവ്വ, വെള്ളി ദിവസങ്ങള്‍ ഓഫീസ് ദിവസങ്ങളാണ്. അതായത്, ഇടവകാംഗങ്ങള്‍ക്ക് ബഹു. വികാരിയച്ചനെ കാണാനുള്ള ദിവസങ്ങള്‍. എല്ലാ ശനിയാഴ്ചയും കൂട്ടായ്മകളില്‍ വിശുദ്ധ കുര്‍ബാനയും കുമ്പസാരവും.

മൂന്നു വര്‍ഷം മുമ്പാണ് ഈ ഇടവക സ്ഥാപിതമായത്. അതിനാല്‍ തന്നെ ഇടവകാംഗങ്ങളില്‍ ഭൂരിഭാഗവും ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ മറ്റു സഭാവിഭാഗങ്ങളില്‍ നിന്നും ഇസ്ലാം മതത്തില്‍ നിന്നും മാമ്മോദീസ സ്വീകരിച്ച് സഭയില്‍ അംഗമായവരാണ്. അതിനാല്‍ ഞായറാഴ്ചകളില്‍ മാത്രമേ ഇവര്‍ പള്ളിയില്‍ വരാറുള്ളൂ. വീടുകളില്‍ സന്ധ്യാപ്രാര്‍ത്ഥനയോ ഈശോയുടെ രൂപം പോലുമോ ഇല്ല. ആയതിനാല്‍, ഈ വര്‍ഷത്തെ ഞങ്ങളുടെ ലക്ഷ്യം എല്ലാ വീട്ടിലും ഈശോയുടെ രൂപം സ്ഥാപിക്കുക എന്നതായിരുന്നു. ഭാഷയുടെ പരിമിതി ഉള്ളതുകൊണ്ട് സഹായത്തിന് മതാധ്യാപകനെയും കൂട്ടി ഞാനും ഭവനസന്ദര്‍ശനത്തിനു പോകും. വീടുകളില്‍ ഈശോയുടെ രൂപവും സ്ഥാപിച്ച് വെഞ്ചരിപ്പും നടത്തി മതാധ്യാപകന്റെ സഹായത്താല്‍ അത്യാവശ്യം കാര്യങ്ങളൊക്കെ സംസാരിച്ച് ഞങ്ങള്‍ തിരിച്ചുപോരും.

രണ്ടു ദിവസത്തിലൊരിക്കല്‍ മാത്രം ഭക്ഷണം കഴിക്കുന്ന ദരിദ്രരായ ആളുകള്‍ ധാരാളമുള്ള സ്ഥലം. ശുദ്ധജലം പോലും ദുര്‍ലഭമായിരിക്കുന്ന ഒരു പ്രദേശം. പലപ്പോഴും അന്യായവില കൊടുത്ത് ആളുകള്‍ വെള്ളം വാങ്ങിക്കേണ്ടിവരുന്നു. അവിടെ ഒരു വീട്ടില്‍ ഞങ്ങള്‍ ചെന്നു. മൂന്നു മക്കളുള്ള ഒരു വിധവയുടെ വീട്. സംസാരിച്ചപ്പോള്‍ ആ ചേച്ചി ദൈന്യതയോടെ പറഞ്ഞ ഒരു കാര്യം “വിശപ്പിനെ ഞങ്ങള്‍ക്കു പേടിയാണ്” എന്നാണ്. ഇത് എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു.

വിശക്കുന്നവന് അപ്പമാണ് സുവിശേഷം എന്ന് അറിയാമെങ്കിലും കൈയ്യില്‍ തല്‍ക്കാലം മറ്റൊന്നും ഇല്ലാതിരുന്നതുകൊണ്ട് ഈശോയുടെ രൂപം ആ വീടിന്റെ ഭിത്തിയില്‍ ഒട്ടിച്ചിട്ട് വീട് വെഞ്ചരിച്ച് ഞങ്ങള്‍ തിരികെയിറങ്ങി. വണ്ടിയുടെ അടുത്തേയ്ക്ക് വന്നപ്പോള്‍ വണ്ടിയ്ക്കകത്ത് മൂന്നു കുപ്പി വെള്ളമുണ്ടല്ലോ എന്നോര്‍ത്തു. അതും എടുത്തുകൊണ്ട് ഞങ്ങള്‍ ആ വീട്ടിലേയ്ക്ക് തിരിച്ചുചെന്നപ്പോള്‍ കാണുന്നത്, ഞങ്ങള്‍ ഒട്ടിച്ചുവച്ച ഈശോയുടെ രൂപത്തിനു മുന്നില്‍ നിന്നും പ്രാര്‍ത്ഥിക്കുന്ന ആ വിധവയെയും അവരുടെ കുഞ്ഞുങ്ങളെയുമാണ്. ഞാന്‍ പോലുമറിയാതെ എന്റെ കയ്യില്‍ നിന്നും അവരുടെ ഭവനത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന ദൈവം! അവരുടെ പ്രാര്‍ത്ഥനയ്ക്ക് ശല്യമുണ്ടാക്കാതെ ആ വെള്ളക്കുപ്പികള്‍ വാതില്‍പ്പടിയില്‍ വച്ച് ഞങ്ങള്‍ തിരികെപ്പോന്നു. പോരുമ്പോള്‍ ഒരു ചിന്ത എന്റെ മനസ്സിലൂടെ കടന്നുപോയി.

പുരോഹിതന്റെ കൈകളില്‍ നിന്നും അപ്പമായി കഷ്ടപ്പെടുന്നവരുടെ ജീവിതത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാനാണ് ദിവ്യകാരുണ്യ ഈശോയ്ക്ക് ഇഷ്ടം.

ഫാ. തോമസ് മൂലയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.