ഇറ്റലിയിൽ ശുശ്രൂഷ ചെയ്യുന്ന ആഫ്രിക്കക്കാരൻ യുവ വൈദികൻ  

കഴിഞ്ഞ മാസം തെക്കൻ ഇറ്റലിയിലെ ഒരു ചെറിയ നഗരത്തിൽ മൂന്നുപേർ പുതിയതായി വൈദികപട്ടം സ്വീകരിച്ചു. അതിൽ ഒരാൾ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ യുവ വൈദികൻ ഫാ. ജെറോം പാസ്കൽ ഓംബെനിയാണ്.

റെജിയോ കാലാബ്രിയയിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു ഡസനോളം വരുന്ന സെമിനാരി വിദ്യാർത്ഥികളാണ് പഠിക്കുന്നത്. അതിൽ ഒരാളാണ് ഇപ്പോൾ വൈദികനായ 29 വയസുകാരനായ ഫാ. ഓംബെനി. തന്റെ സ്വന്തം രൂപതയായ ഉവിറയിലേക്ക് മടങ്ങുന്നതിനുമുമ്പ് അദ്ദേഹം ഇറ്റലിയിൽ മൂന്നുവർഷം ശുശ്രൂഷ ചെയ്യും. ഇറ്റാലിയൻ ഉപദ്വീപിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന റെജിയോ കാലാബ്രിയ-ബോവ അതിരൂപതയിൽ ഏകദേശം 285,000 ജനസംഖ്യയുണ്ട്. അതിൽ 98% പേരും കത്തോലിക്കാ വിശ്വാസികളാണ്.

“ഒരാൾ വൈദികനാകുന്നത് ആ രൂപതയ്ക്ക് വേണ്ടി മാത്രമല്ല. മുഴുവൻ സഭയ്ക്കും വേണ്ടിയാണെന്ന് എനിക്കറിയാം. ഞാൻ സാർവത്രിക സഭയ്ക്ക് വേണ്ടിയുള്ള ഒരു പുരോഹിതനാണ്. കാരണം സുവിശേഷം ഒന്നേയുളളൂ.” – ഫാദർ ഒംബെനി പറയുന്നു. പുതിയ നിയമനത്തിനായി അദ്ദേഹം നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു, എന്നാൽ കോവിഡ് കാരണം അദ്ദേഹത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് പകരം ഇറ്റലിയിൽ തന്നെ നിയമിക്കപ്പെട്ടത്.

കുട്ടിക്കാലത്ത് ആരംഭിച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ജൂൺ 27 -ന് ഒരു പുരോഹിതനായതിലൂടെ നടന്നതെന്ന് അദ്ദേഹം പറയുന്നു. ഇറ്റലിയിൽ പഠിക്കാൻ വരുമ്പോൾ വീടും നാടും വിട്ട് ദൂരേയ്ക്ക് പോരുന്നതിന്റെയും പുതിയ ഒരു ഭാഷയിൽ പഠിക്കുന്നതിന്റെയും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇറ്റാലിയൻ ഭാഷയുടെ ഒറ്റ വാക്കുപോലും അറിയാതെയാണ് ഇറ്റലിയിൽ എത്തിയത്. എന്നാൽ സെമിനാരിയിലെ സമൂഹത്തിൽ നിന്നുള്ള കരുതലും പ്രോത്സാഹനവും വളരെ സഹായകമായി എന്ന് ഈ വൈദികൻ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.