ഇറാഖിൽ ഐഎസ് ഭീകരർ തകർത്ത ദൈവാലയത്തിനു മുകളിൽ മാതാവിന്റെ രൂപം സ്ഥാപിച്ചു

ഇറാഖിലെ നിനവേയിലെ ക്വാരഘോഷിൽ ഐഎസ് ഭീകരർ തകർത്ത വെർജിൻ മേരി സിറിയൻ കത്തോലിക്കാ ദൈവാലയത്തിന്റെ മുകളിൽ പരിശുദ്ധ കന്യകാ മാതാവിന്റെ രൂപം സ്ഥാപിച്ചു. ക്രിസ്ത്യൻ കലാകാരനും വിശ്വാസിയുമായ തബിത് മൈക്കൽ എന്ന ശിൽപ്പിയാണ് മാതാവിന്റെ മനോഹരമായ രൂപം നിർമ്മിച്ചത്. പ്രാദേശിക ക്രിസ്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് വെർജിൻ മേരി ദൈവാലയം. നിനവേ മേഖലയിലെ ഏറ്റവും വലിയ ദേവാലയ മണിമാളികയാണ് ഈ ദൈവാലയത്തിന്റേത്.

2014 ഓഗസ്റ്റിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം തുടങ്ങിയതുമുതൽ ദൈവാലയവും ഇതിലെ ക്രിസ്തീയ അടയാളങ്ങളും തീവ്രവാദികൾ അഗ്നിക്കിരയാക്കിയിരിന്നു. അധിനിവേശത്തിനു ശേഷം പ്രാദേശിക സമൂഹത്തിന്റെ സഹായത്തോടെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ ദൈവാലയം പുനർനിർമ്മിക്കുകയാണ് ഉണ്ടായത്. പഴയ മണിമാളികയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നതെന്നു ഇടവക വികാരിയായ ഫാ. പോൾ തബിത് മേക്കോ പറഞ്ഞു. ദൈവാലയം അമലോത്ഭവ മാതാവിന് സമർപ്പിക്കപ്പെട്ടിരിക്കുകയാണെന്നും രണ്ടു വർഷങ്ങൾക്ക് മുൻപ് കാരംലസിൽ ചെയ്തതു പോലെ മാതാവിന്റെ ഒരു രൂപം ഈ മണിമാളികയുടെ മുകളിലും സ്ഥാപിക്കുവാൻ തങ്ങൾ തീരുമാനിക്കുകയായിരുന്നെന്നും ഫാ. പോൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.