കുരുന്നുശബ്ദങ്ങളെ കുളിര്‍മാരിയാക്കി ജെസ്‌വിന്‍ പടയാട്ടിലിന്റെ വിശ്വഗീതം

കീര്‍ത്തി ജേക്കബ്

‘സ്‌നേഹമാം ഈശോയേ, ദിവ്യകാരുണ്യമേ, എന്നുള്ളില്‍ നിറയേണമേ…’ എന്ന് അഞ്ച് ഭൂഖണ്ഡങ്ങളിലെ 14 രാജ്യങ്ങളിലിരുന്ന് 183 കുട്ടികള്‍ ഒന്നുചേര്‍ന്നു യേശുവിനെ സ്തുതിച്ചു പാടിയപ്പോള്‍ വിര്‍ച്വല്‍ സംഗീത ലോകത്ത് പുതു ചരിത്രം പിറക്കുകയായിരുന്നു. അതിന് കാരണക്കാരാനായത് ലണ്ടനില്‍ ജോലി ചെയ്യുന്ന മലയാളി ജെസ്‌വിന്‍ പടയാട്ടില്‍ എന്ന യുവസംഗീതജ്ഞനാണ്. തന്റെ സംഗീത ജീവിതത്തെക്കുറിച്ചും അതില്‍ പ്രത്യേകമായി ‘സ്‌നേഹമാം ഈശോയേ..’ എന്ന ഗാനത്തിന്റെ വ്യത്യസ്തമായ അവതരണത്തിലൂടെ ലോക ക്രിസ്ത്യന്‍ ഭക്തിഗാന ചരിത്രത്തില്‍ ഇടം നേടിയതിനെക്കുറിച്ചും ലൈഫ്‌ഡേ വായനക്കാരോട് സംസാരിക്കുകയാണ് ജെസ്‌വിന്‍. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്…

വിര്‍ച്വല്‍ ക്വയറിലെ പുതു ചരിത്രം

അഞ്ച് ഭൂഖണ്ഡങ്ങളിലെ 14 രാജ്യങ്ങളിലിരുന്ന് 183 കുട്ടികള്‍ ഒന്നുചേര്‍ന്ന് ഒരു പാട്ടു പാടുക എന്നത് മലയാള സംഗീത ലോകത്ത് ആദ്യസംഭവമാണ്. അതുകൊണ്ടു തന്നെ വിര്‍ച്വല്‍ ക്വയറില്‍ ഇതു പുതിയ ചരിത്രവുമാണ്. ഞാന്‍ രചനയും സംഗീതവും നിര്‍വഹിച്ച് മലയാളത്തിലെ കുട്ടി വാനമ്പാടി ശ്രേയ ജയദീപ് ആലപിച്ച് ഹിറ്റായ ഗാനമാണ് ‘സ്‌നേഹമാം ഈശോയേ’ എന്നത്. അതാണിപ്പോള്‍ വീണ്ടും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചത്. ആറ് മിനിട്ട് ദൈര്‍ഘ്യമുളള ഗാനത്തിന്റെ വീഡിയോയില്‍ പാടുന്ന എല്ലാ കുട്ടികളുടേയും മുഖവും ശ്രദ്ധിക്കപ്പെടും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ‘ജെസ്‌വിന്‍ പടയാട്ടില്‍ ഒഫീഷ്യല്‍’ എന്ന യൂട്യൂബ് ചാനലിലാണ് പാട്ട് റിലീസ് ചെയ്തത്.

കോവിഡ് കാലത്ത് ഉദിച്ച ആശയം

കോവിഡിന്റേയും ലോക്ഡൗണിന്റേയും കാലത്താണല്ലോ സോഷ്യല്‍മീഡിയ വഴി വിര്‍ച്ച്വല്‍ ക്വയറുകള്‍ സജീവമായത്. ഇത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ കാണാനിടയായ പല തരത്തിലുള്ള വിര്‍ച്വല്‍ ക്വയറുകളാണ് കുട്ടികളുടേതായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ജനിക്കാന്‍ കാരണം. അങ്ങനെയാണ് പാടാന്‍ ആഗ്രഹമുള്ള പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളെ ക്ഷണിച്ചുകൊണ്ട് സോഷ്യല്‍മീഡിയ വഴി മേയ് മാസത്തില്‍ പരസ്യം നല്‍കിയത്. പാടിയ പാട്ടുകള്‍ അയച്ചു തരുകയും പാടാന്‍ ആഗ്രഹം അറിയിക്കുകയും ചെയ്ത എല്ലാ കുട്ടികളേയും ഈ യത്‌നത്തില്‍ പങ്കെടുപ്പിച്ചു എന്നത് ചാരിതാര്‍ത്ഥ്യം  നല്‍കുന്ന കാര്യമാണ്. സീറോ മലബാര്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ഡേവിസ് ചിറമ്മേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റോജി ജോണ്‍ എംഎല്‍എ, ഗിന്നസ് പക്രു, സംഗീതജ്ഞരായ എം.ജയചന്ദ്രന്‍, ജിനോ ജോസഫ് കുന്നുംപുറത്ത്, മധു ബാലകൃഷ്ണന്‍, ശ്വേതാ അശോക് എന്നിവരെല്ലാം ഗാനത്തിന് ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു.

പരിശീലനവും സോഷ്യല്‍മീഡിയ വഴി

തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയശേഷം അതുവഴിയായിരുന്നു പരിശീലനം നല്‍കിയത്. ഓരോരുത്തരും പാടേണ്ട വരികള്‍ ഈണവും സ്പീഡും രേഖപ്പെടുത്തി അയച്ചുകൊടുത്തു. പ്രസ്തുത വരികള്‍ കുട്ടികള്‍ പാടി, റെക്കോര്‍ഡ് ചെയ്ത് തിരിച്ചയച്ചു തന്നു. ഇത്രധികം ആളുകള്‍ പങ്കെടുക്കുന്നതിനാലും അവര്‍ കുട്ടികളായതിനാലും ഓരോരുത്തരും പല രാജ്യങ്ങളില്‍ ജീവിക്കുന്നവരായതിനാലും ഓരോ ഘട്ടവും ഏറെ ശ്രമകരമായിരുന്നു. ഓരോ കുട്ടികളും അയച്ചു തരുന്ന വീഡിയോകളിലെ പ്രശ്‌നങ്ങളും തെറ്റുകളും പരിഹരിക്കാനും വീണ്ടും റെക്കോര്‍ഡ് ചെയ്യാനുമെല്ലാമായി ധാരാളം സമയം വേണ്ടി വന്നു. വ്യക്തിജീവിതത്തില്‍ ക്ഷമയെന്ന പുണ്യം അഭ്യസിക്കാനും സ്വന്തമാക്കാനും ഈ പരിശ്രമത്തിലൂടെ എനിക്കു കഴിഞ്ഞു എന്നു തന്നെ പറയാം. ഏതാണ്ട് അഞ്ചു മാസം കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. പങ്കെടുത്ത ഒരു കുട്ടിയില്‍ നിന്നുപോലും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഗാനം തയ്യാറാക്കിയത്. ഗാനത്തിന്റെ വിജയത്തിനുവേണ്ടി പ്രാര്‍ത്ഥന മാത്രമാണ് എല്ലാവരോടും ആവശ്യപ്പെട്ടത്.

പലരുടെ പരിശ്രമം

അനേകമാളുകളുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ പാട്ട്. പ്രശസ്തരുള്‍പ്പെടെയുള്ള സംഗീതജ്ഞരാണ് എന്നോട് ചേര്‍ന്നു നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചത്. പലരും പ്രതിഫലം പോലും വാങ്ങിയില്ല. ഡെനി ഡെന്‍സില്‍ ഫെര്‍ണാണ്ടസാണ് പാട്ടിന്റെ പ്രോഗ്രാമര്‍. ഫ്രാന്‍സിസ് കോടെനെല്ലൂരാണ് മിക്‌സിംഗ് നടത്തിയിരിക്കുന്നത്. രാജേഷ് ചേര്‍ത്തല (ഓടക്കുഴല്‍), ജിന്റോ പോള്‍ (ഗിറ്റാര്‍), ഫ്രാന്‍സിസ് സേവ്യര്‍ (വയലിന്‍) എന്നിവരാണ് മറ്റ് പിന്നണി പ്രവര്‍ത്തകര്‍. വിജിത്ത് പല്ലൂക്കരയാണ് വീഡിയോ എഡിറ്റിംഗ് നടത്തിയത്. പാട്ടു പാടിയ കുട്ടികളുടെ മാതാപിതാക്കളുടെ സഹകരണവും പ്രോത്സാഹനവും വളരെ വലുതായിരുന്നു. ഏതാനും സുഹൃത്തുക്കളും ആദ്യാവസാനം പിന്തുണയുമായി കൂടെയുണ്ടായിരുന്നു.

കുട്ടികളോട് ഏറെ ഇഷ്ടം

ഇത്രയധികം കുട്ടികളെ ഉള്‍പ്പെടുത്തി പാട്ട് ചെയ്യുക എന്നത് ഏറെ ശ്രമകരവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് അറിയാമായിരുന്നിട്ടും പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഈ ആശയത്തില്‍ നിന്ന് പിന്തിരിയാന്‍ തയാറാകാതിരുന്നത് വ്യക്തിപരമായി കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ്. വളര്‍ന്നു വരുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. നിഷ്‌കളങ്ക ഹൃദയത്തോടെയുള്ള അവരുടെ ആലാപനത്തിന് മാധുര്യവും കൂടുതലാണല്ലോ. കേള്‍ക്കുന്നവരുടെ മനസിലും അത് കുളിര്‍മാരി പെയ്യിക്കുമെന്നുറപ്പാണ്. അതുകൊണ്ടാണ് കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി ഈ പാട്ട് ചെയ്തത്. പലരും മികച്ച അഭിപ്രായങ്ങള്‍ അറിയിച്ചു. പ്രതീക്ഷിച്ചതിലും വളരെ കൂടുതല്‍ സ്വീകാര്യത പാട്ടിന് ലഭിച്ചു എന്നതിലും സന്തോഷം. എല്ലാത്തിനുമുപരിയായി ദൈവനിയോഗമായി ഈ ഗാനത്തെ കാണുകയാണ്.

ക്രിസ്ത്യന്‍ ഭക്തിഗാനത്തോട് എക്കാലത്തും താത്പര്യം

അമ്പതിനടുത്ത് ഗാനങ്ങള്‍ക്ക് ഇതിനോടകം സംഗീതം നല്‍കി കഴിഞ്ഞു. നിരവധി ഗാനങ്ങള്‍ക്ക് വരികളുമെഴുതി. ചെറുപ്പം മുതല്‍ സംഗീതത്തോടുള്ള, പ്രത്യേകിച്ച് ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളോടുള്ള താത്പര്യമാണ് അതിന് പ്രചോദനമായത്. പള്ളി ക്വയറില്‍ സജീവമായിരുന്നു. പിയാനോയും വായിച്ചിരുന്നു. പിന്നീട് വിദേശത്ത് എത്തിയപ്പോഴും ഗാനരചനയും സംഗീത സംവിധാനവും തുടര്‍ന്നു. ഇതുവരെ ചെയ്തതെല്ലാം ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ തന്നെയാണ്.

എറണാകുളം ജില്ലയിലെ കറുകുറ്റി സ്വദേശികളായ ജെയിംസ്- ജെസി ദമ്പതികളുടെ മകനാണ് ജെസ്‌വിന്‍. ഏക സഹോദരി ജെസ്‌ലിന്‍.

കീര്‍ത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.