അമ്മയ്ക്ക് മാമ്മോദിസ നല്‍കുന്ന മകന്‍

സ്വന്തം അമ്മയ്ക്ക് മാമ്മോദീസ നല്‍കാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഫാദര്‍ ഹെസുക് ഷ്‌റോഫ്. ഈ വരുന്ന ഈസ്റ്റര്‍ ദിനത്തിലാണ് അപൂര്‍വ്വമായ ഈ സംഭവം നടക്കാന്‍ പോകുന്നത്. മറ്റൊരു പുരോഹിതനും ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.

ഇന്ത്യയിലെ ന്യൂനപക്ഷ മതവിഭാഗത്തില്‍ പെടുന്നവരാണ് പാഴ്‌സികള്‍. മാത്രമല്ല സൊരാസ്ട്രിയന്‍ മതത്തിലാണ് ഇവര്‍ വിശ്വസിക്കുന്നത്. വളരെ പുരാതനമായ മതമാണ് സൊരാസ്ട്രിയനിസം. പീഡനങ്ങളുടെ കാലത്ത് പല രാജ്യങ്ങളിലായി പലായനം ചെയ്തവരാണ് സൊരാസ്ട്രിയന്‍ മതക്കാര്‍.

1971-ല്‍ ഇന്ത്യയിലെ ഒരു സൊരാസ്ട്രിയന്‍ വിശ്വാസികളായ ഒരു പാഴ്‌സി കുടുംബത്തിലാണ് ഫാദര്‍ ഹെസുക്കിന്റെ ജനനം. പിന്നീട് കാനഡയിലേക്ക് മാറിത്താമസിക്കുകയാണുണ്ടായത്. എന്നാല്‍ തീവ്രമായ മതവിശ്വാസികളായിരുന്നില്ല തങ്ങളെന്ന് ഫാദര്‍ ഹെസുക് പറയുന്നു, ”മാതാപിതാക്കള്‍ ആ വിശ്വാസത്തില്‍ ആയിരുന്നത് കൊണ്ട് അതേ മതത്തിന്റെ വിശ്വാസത്തിലൂടെയാണ് ഞാനും വളര്‍ന്ന് വന്നത്.” ഫാദര്‍ ഹെസുക്കിന്റെ വാക്കുകള്‍.

വളരെ അന്തര്‍മുഖനായ കുട്ടിയായിരുന്നു താനെന്ന് ഹെസുക് ഓര്‍ത്തെടുക്കുന്നു. ”എനിക്ക് ഹെസുക് എന്ന പേര് നല്‍കിയത് എന്റെ മുത്തശ്ശി ആയിരുന്നു. ഹെസുക്ക് എന്ന വാക്കിന്റെ അര്‍ത്ഥം പ്രപഞ്ചത്തിന്റെ വെളിച്ചം എന്നാണ്. ഇപ്പോള്‍ ആ പേരിനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ നിങ്ങള്‍ ലോകത്തിന്റെ വെളിച്ചമാകുന്നു എന്ന്.” ഫാദര്‍ ഹെസുക് സന്തോഷത്തോടെ പറയുന്നു.

മോണ്‍ട്രിയലിലെ മാക്ഗ്രില് യൂണിവേഴ്‌സിറ്റയില്‍ ബിരുദ പഠനത്തിന് എത്തുന്നത് വരെ ക്രിസ്തുമതത്തെക്കുറി ഫാദര്‍ ഹെസുക് കേട്ടിട്ട് പോലുമില്ലായിരുന്നു. ഒപ്പം താമസിച്ചിരുന്ന പെന്തക്കോസ്ത് വിശ്വാസിയായിരുന്ന ഒരാളാണ് ക്രിസ്തുവിനെക്കുറിച്ച് ആദ്യം അറിവ് നല്‍കിയത്. ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പോകാന്‍ ആ കൂട്ടുകാരന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് ഫാദര്‍ ഹെസുക്ക് പറയുന്നു. കത്തോലക്കാ വിശ്വാസത്തെക്കുറിച്ചുളള പുസ്തകങ്ങള്‍ കൂടതലായി വായിച്ചു.

അതിന് ശേഷം ഒരിക്കല്‍ മോണ്‍ട്രിയലിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ദിവ്യബലിയില്‍ സംബന്ധിക്കുകയും ചെയ്തു. ”ദിവ്യബലിയിലെ പ്രാര്‍ത്ഥനാ ഗീതങ്ങള്‍ എന്നെ വിശുദ്ധീകരിക്കന്നത് പോലെയാണ് തോന്നിയത്. ഏറ്റവും വിശുദ്ധമായ നിമിഷങ്ങളിലാണ് ഞാന്‍ അപ്പോള്‍ ആയിരിക്കുന്നത് എന്ന് തോന്നി. ഞാന്‍ കേട്ടറിഞ്ഞ ദൈവത്തിന്റെ മഹത്വവും സ്‌നേഹവും ഞാന്‍ അപ്പോള്‍ അനുഭവിച്ചറിഞ്ഞു. ദിവ്യകാരുണ്യത്തെയും പരിശുദ്ധ അമ്മയെയും വിശുദ്ധരെയും ഞാന്‍ എന്റെ ഹൃദയത്തില്‍ സ്വീകരിച്ചു.” ഫാദര്‍ ഹെസുക്ക് താന്‍ ക്രിസ്തുവിനെ അറിഞ്ഞ നിമിഷങ്ങളെക്കുറിച്ച് പറയുന്നു.

താന്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തുകയാണെന്ന് തന്റെ പ്രൊട്ടസ്റ്റന്റ് വിശ്വാസികളായ കൂട്ടുകാരോട് ഹെസുക് പറഞ്ഞില്ല. കത്തോലിക്കാ ദേവാലയത്തില്‍ പോകാന്‍  ആരംഭിച്ചു. 1995-ല്‍ ഹെസുക്ക് മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കനായി. മാമ്മോദീസ സ്വീകരണത്തിന് ശേഷം പൗരോഹിത്യം സ്വീകരിക്കണമെന്ന ആഗ്രഹം ഹെസൂക്കില്‍ വളര്‍ന്നു. മൂന്ന്  വര്‍ഷത്തെ പഠനത്തിന് ശേഷം ബനഡിക്ടന്‍ സന്യാസ സഭയില്‍ അംഗമായി ചേര്‍ന്നു. സെന്റ് ജോണ്‍ സഭാ സമൂഹത്തില്‍ ആറ് വര്‍ഷം താമസിക്കുകയും തിയോളജിയിലും ഫിലോസഫിയിലും ബിരുദം നേടുകയും ചെയ്തു. ഫിലിപ്പീന്‍സിലെ സെബുവിലാണ് അദ്ദഹം തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

അതിന് ശേഷമാണ് ദൈവം തന്നെ വിളിച്ചിരിക്കുന്നത് രൂപതകളിലെ പുരോഹിതനാകാനാണ് എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായത്. എന്നാല്‍ രൂപതകളിലെ പുരോഹിതര്‍ എപ്പോഴും തിരക്ക് പിടിച്ച ജിവിതത്തിലായിരിക്കുമെന്ന് യുവാക്കള്‍ പറഞ്ഞത് അദ്ദേഹം ഓര്‍മ്മിച്ചു. ജനങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് വേണ്ടി പുരോഹിതര്‍ തിരക്കുളളവരാകുന്നതില്‍ എന്താണ് തെറ്റെന്ന് ഫാദര്‍ ഹെസുക്ക് ചോദിക്കുന്നു.

2006-ല്‍ കാനഡയില്‍ തിരിച്ചത്തി സെന്റ് അഗസ്റ്റിന്‍സ് സെമിനാരിയില്‍  പുരോഹിത പഠനത്തിനായി ചേര്‍ന്നു. 2011 മെയ് 13 ന് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. കുടുംബാംഗങ്ങളെല്ലാം തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. താന്‍ പുരോഹിതനായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അമ്മയായിരുന്നു എന്ന് ഫാദര്‍ ഹെസൂക് പറയുന്നു. ക്രിസ്തുവിനെക്കുറിച്ച് കൂടുതല്‍ അറിയാനും വിശ്വാസത്തിലേക്ക് വരാനും അമ്മ ആഗ്രഹം പ്രകടിപ്പിച്ചു.

ഈ വരുന്ന ഈസ്റ്റര്‍ ദിനത്തില്‍ അമ്മയ്ക്ക് മാമ്മോദീസ നല്‍കാനുള്ള ഭാഗ്യം ലഭിച്ച മകനാകുകയാണ് ഫാദര്‍ ഹെസുക്ക്. എന്നാല്‍ തങ്ങളുടെ പാരമ്പര്യത്തെയും വേരുകളെയും മറക്കുന്നില്ലെന്ന് ഇരുവരും പറയുന്നു. ”എനിക്ക് ഈ ഭൂമിയില്‍ പിറക്കാന്‍ അവസരം നല്‍കിയ വ്യക്തിയാണ് അമ്മ. ക്രിസ്തുവിലേക്ക് അമ്മയെ എത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഞാന്‍” ഫാദര്‍ ഹെസൂക്കിന്റെ വാക്കുകള്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.