ആകുലത അകറ്റാന്‍ ഈശോയില്‍ നിന്ന് ഒരു പരിഹാരം

ആധുനിക ലോകത്തിലെ ഭൂരിഭാഗം ആളുകളുടെയും പ്രത്യേകതയാണ് ആകുലത. എന്ത് കാര്യത്തെക്കുറിച്ചായാലും പരിഭ്രമവും ഭയവും കൂടുതലാണ്. എന്നാല്‍ ക്രിസ്തുവിനോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് അവിടുന്ന് നല്‍കുന്ന ഒരു ആശ്വാസവചനമുണ്ട്. അത് ആവര്‍ത്തിച്ചു ചൊല്ലിയാല്‍ ആകുലത എന്ന വാക്ക് പോലും നാം വിസ്മരിക്കും.

അവിടുന്ന് നമ്മോട് പറയുന്ന കാര്യങ്ങള്‍ അനുസരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താല്‍ നമ്മുടെ ഉത്കണ്ഠകളും ആകുലതകളും ഇല്ലാതാകും. ഈശോ നമ്മോടു പറയുന്ന ഇക്കാര്യങ്ങള്‍ ഒന്ന് മനസ്സിലേയ്ക്ക് കൊണ്ടുവരികയും അവ ഇടയ്ക്കിടെ അയവിറക്കുകയും ചെയ്താല്‍ നമ്മുടെ എല്ലാ ആകുലതകള്‍ക്കും വിരാമമാകും.

‘ഉത്കണ്ഠ മൂലം ആയുസിന്റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ? വസ്ത്രത്തെപ്പറ്റിയും നിങ്ങള്‍ എന്തിന് ആകുലരാകുന്നു? നാളെയെക്കുറിച്ച് നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടു കൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി'( മത്തായി 6:27-34). ഈ വചനങ്ങള്‍ ആവര്‍ത്തിച്ചു പറയുക. അപ്പോള്‍ ഉള്ളില്‍ ദൈവവിശ്വാസം ദൃഢപ്പെടുന്നതും ആകുലതകള്‍ അകന്നുപോകുന്നതും നാം അറിയും.