ദൈവത്തെ കണ്ടെത്തുവാന്‍ ജീവിതം മാറ്റിവച്ച പട്ടാളക്കാരന്‍

  പട്ടാളക്കാരുടെ ജീവിതം വളരെ പ്രതിസന്ധികള്‍ നിറഞ്ഞ ഒന്നാണ്. കുടുംബത്തെയും പ്രിയപ്പെട്ടവരെയും വിട്ട് ജീവന്‍ പണയപ്പെടുത്തിയുള്ള ജീവിതം. ഏതു നിമിഷവും ആക്രമണം ഉണ്ടാവാം. ജീവന്‍ തന്നെ നഷ്ടപ്പെടാം. അതിന്റെയൊക്കെ ഇടയിലും വിശ്വാസവും നല്ല ഓര്‍മ്മകളും രാജ്യസ്‌നേഹവും ഉള്ളില്‍ പേറി ജീവിക്കുന്നവര്‍. ജോണ്‍ ബീല്‍ എന്ന അമേരിക്കന്‍ പട്ടാളക്കാരന്റെ ജീവിതവും വ്യത്യസ്തമായിരുന്നില്ല.

  സാധാരണ ഒരു പട്ടാളക്കാരനായി ജീവിച്ചു പോന്നിരുന്ന അദ്ദേഹത്തെ തികഞ്ഞ ഒരു ദൈവാന്വേഷിയാക്കി മാറ്റിയത് ഡോക്ടര്‍മാര്‍ വിധിച്ച മൂന്ന് മാസത്തെ ആയുര്‍ദൈര്‍ഘ്യം ആണ്. എങ്ങനെ എന്നല്ലേ… പറയാം.

  വിയറ്റ്‌നാം യുദ്ധം കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായ അവസ്ഥയിലായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ ബാധിച്ച അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ വിധിച്ചത് വെറും മൂന്ന് മാസത്തെ ആയുസ്സാണ്. ആശുപത്രിവാസത്തിന് ശേഷം തിരികെ വീട്ടിലെത്തിയ അദ്ദേഹം ഒന്ന് ചിന്തിച്ചു. ‘എന്തായാലും മരിക്കും. അപ്പോള്‍ ഇനിയുള്ള തന്റെ ജീവിതത്തില്‍ ദൈവത്തെ കൂടുതല്‍ അറിയണം.’

  ദൈവത്തെ കൂടുതല്‍ അറിയണം എന്ന ആഗ്രഹം അദ്ദേഹത്തെ ആഴമായ പ്രാര്‍ത്ഥനാജീവിതത്തിലേയ്ക്ക് നയിച്ചു. പതിയെപ്പതിയെ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്ന് താന്‍ രോഗിയാണ് എന്ന നിരാശ വിട്ടകന്നു. പകരം മരിക്കുകയാണെങ്കില്‍ അത് നന്മ ചെയ്തിട്ട് മരിക്കണം, എന്ന ചിന്തയിലേയ്ക്ക് അദ്ദേഹത്തെ നയിച്ചു.

  എന്ത് ചെയ്യണം എന്ന് ആലോചിച്ചു നടക്കുന്നതിനിടയില്‍ ഒരിക്കല്‍ പ്രാര്‍ത്ഥന കഴിഞ്ഞു തിരികെ വീട്ടിലേയ്ക്ക് വരുന്ന വഴി സമീപത്തെ പുഴയിലേയ്ക്ക് വെറുതെ കണ്ണോടിച്ചു. പെട്ടന്ന് അദ്ദേഹം അവിടെ നിന്നു. മലിനമായി കിടക്കുന്ന പുഴ. നിറയെ വേസ്റ്റ് അടിഞ്ഞു കിടക്കുന്നു. ദൈവം മനുഷ്യന് അനുഗ്രഹമായി തന്ന വെള്ളം മനുഷ്യന്റെ അശ്രദ്ധ കൊണ്ട് നശിക്കുകയാണല്ലോ എന്ന ചിന്ത അദ്ദേഹത്തിന് തോന്നി. ആ ഒരു തോന്നലില്‍ നിന്ന് അത് വൃത്തിയാക്കുക എന്നത് എന്റെയും കൂടെ കടമയാണെന്ന ബോധ്യത്തിലേയ്ക്ക് അദ്ദേഹം എത്തി. അടുത്ത ദിവസം മുതല്‍ അദ്ദേഹം ആ പുഴയിലെ ചവറുകള്‍ മാറ്റി വൃത്തിയാക്കുവാന്‍ തുടങ്ങി.

  ഹൃദ്രോഗിയായ വ്യക്തി. പോരാത്തതിന് ഡോക്ടര്‍മാര്‍ മൂന്ന് മാസം മാത്രം ആയുസ്സും പറഞ്ഞിരിക്കുന്നു. വീട്ടുകാര്‍ ആദ്യം എതിര്‍പ്പ് പറഞ്ഞുവെങ്കിലും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി. പുഴയില്‍ നിന്ന് മാലിന്യങ്ങള്‍ മാറ്റി അത് വൃത്തിയാക്കിയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച അനേകര്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. അവര്‍ അങ്ങനെ ഒരു സംഘം രൂപീകരിച്ചു. പ്രകൃതി സംരക്ഷിക്കുക എന്ന ദൗത്യം അവര്‍ ഏറ്റെടുത്തു.

  അതിനിടയില്‍ മൂന്ന് മാസങ്ങള്‍ കടന്നുപോയി. യാതൊരു കുഴപ്പവും അദ്ദേഹത്തിന് സംഭവിച്ചില്ല. കൂടാതെ കൂടുതല്‍ കൂടുതല്‍ ക്ലീനിംഗ് ജോലികള്‍ ലഭിച്ചു തുടങ്ങി. വെറും മൂന്ന് മാസം ആയുസ് വിധിച്ച ഡോക്ടര്‍മാര്‍ക്ക് മുന്നിലൂടെ അദ്ദേഹം 27 വര്‍ഷം ജീവിച്ചു. ഒടുവില്‍ 2006-ല്‍ മരണത്തിന് കീഴടങ്ങി. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാജീവിതം അനേകര്‍ക്ക് പ്രചോദനമായി. ഒപ്പം അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ദൈവത്തെ അനുഭവിക്കുകയായിരുന്നു തന്റെ ഭര്‍ത്താവ്, എന്ന് അദ്ദേഹത്തിന്റെ ഭാര്യയും സാക്ഷ്യപ്പെടുത്തുന്നു.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.