ഈശോയുടെ തിരുഹൃദയത്തോട് നമ്മുടെ ഹൃദയത്തെ ചേർത്തുനിർത്താം ഈ ലളിതമായ പ്രാർത്ഥനയിലൂടെ …

    നമ്മുടെ ജീവിതം ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് അലിഞ്ഞുചേരണമെങ്കിൽ തീർച്ചയായും അതിനുതക്ക യോഗ്യത ഉണ്ടാവണം. ആ യോഗ്യതയ്ക്കായി നാം സ്വീകരിക്കുന്ന മാറ്റങ്ങളാണ് നമ്മെ ദൈവത്തിലേയ്ക്ക് നയിക്കുന്നത്.

    “അങ്ങ് പ്രസാദിച്ച് സീയോനോടു നന്മ ചെയ്യേണമേ! ജറുസലെമിന്റെ കോട്ടകള്‍ പുതുക്കിപ്പണിയേണമേ! അപ്പോള്‍ അവിടുന്ന് നിര്‍ദ്ദിഷ്ട ബലികളിലും ദഹനബലികളിലും സമ്പൂര്‍ണ്ണ ദഹനബലികളിലും പ്രസാദിക്കും; അപ്പോള്‍ അങ്ങയുടെ ബലിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും” എന്നാണ് സങ്കീർത്തകൻ പറയുന്നത്. മാറ്റം – അതാണ് നമ്മുടെ ജീവിതത്തെ ദൈവത്തിന് പ്രീതികരമാക്കിത്തീർക്കുന്നത്.

    ഈശോയുടെ തിരുഹൃദയത്തെ വിശേഷിപ്പിക്കുന്നത് ‘മാധുര്യമുള്ള തിരുഹൃദയം’ എന്നാണ്. ആ ഹൃദയമാധുര്യം നുകരനായാൽ അതിൽപ്പരം അനുഗ്രഹം നമുക്ക് കിട്ടാനില്ല. ഈശോയുടെ മധുരിതമായ ഹൃദയത്തിലേക്ക് നമ്മെ ചേർത്തുനിർത്തുവാൻ സഹായിക്കുന്ന വളരെ ലളിതമായ ഒരു പ്രാർത്ഥന ഇതാ:

    “അനന്തമായ സ്നേഹത്താൽ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, അങ്ങയെ ഞാൻ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. എന്റെ പാപങ്ങളാൽ ഞാൻ അയാളുടെ ഹൃദയത്തെ വേദനിപ്പിക്കുകയും നന്ദികേട് കാണിച്ച് മുറിപ്പെടുത്തുകയും ചെയ്തപ്പോഴും അങ്ങ് എന്നെ സ്നേഹിക്കുകയായിരുന്നുവല്ലോ. ആ അനന്തസ്നേഹത്തിനു മുന്നിലേയ്ക്ക് ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. അങ്ങയെ വേദനിപ്പിച്ച എന്റെ പ്രവർത്തികളെയും ചിന്തകളെയും എന്റെ കുറവുകളേയും അങ്ങയുടെ സ്നേഹപൂരിതമായ ഹൃദയത്തിലേയ്ക്ക് സമർപ്പിച്ചുകൊണ്ട് മാപ്പ് അപേക്ഷിക്കുകയാണ്.

    എന്റെ ആത്മാവിനെ ഓരോ ദിവസവും അങ്ങ് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണമേ. അങ്ങനെ അങ്ങയുടെ പരിശുദ്ധമായ ഹൃദയത്തോടു ചേർന്നുനിൽക്കുവാനും അങ്ങയുടെ വഴികൾ പഠിക്കുവാനും അനുഗ്രഹീതരായി തീരുവാനും ഞങ്ങൾക്ക് ഇടയാകട്ടെ. ആമ്മേൻ.”