ആദിവാസികൾക്കിടയിലെ മിഷൻ അനുഭവങ്ങളുമായി ഒരു സന്യാസിനി

സി. സൗമ്യ DSHJ

രാത്രിയിൽ മഴ നനഞ്ഞ് മുറിവേറ്റു വന്ന ഒരു സ്ത്രീയെ സംരക്ഷിക്കുന്നത് എങ്ങനെ തെറ്റാകും? എന്നാൽ, അതിന്റെ പേരിൽ വലിയ ശിക്ഷ പോലും ഏറ്റെടുക്കേണ്ട ഒരു സാഹചര്യവും നിയമങ്ങളും നിലനിൽക്കുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ ഇന്ത്യയിലുണ്ട്. കേൾക്കുമ്പോൾ അതിശയം എന്നു തോന്നുമെങ്കിലും അങ്ങനെയുമുണ്ട് ഗോത്രവർഗ്ഗക്കാരുടെ ഇടയിലെ ചില നിയമങ്ങൾ. ജീവൻ പോലും അപകടത്തിലാക്കുന്ന സാഹചര്യങ്ങളിൽ നിന്നും ദൈവം കൈപിടിച്ചുയർത്തിയ അനേകം സംഭവങ്ങൾ. എട്ടു വർഷമായി അരുണാചൽ പ്രദേശിൽ മിഷനറിയായി സേവനം ചെയ്യുന്ന സി. മേരി വർഗീസ് SKD (സൊസൈറ്റി ഓഫ് ക്രിസ്തുദാസി) ലൈഫ് ഡേയുമായി തന്റെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ജീവൻപോലും അപകടത്തിലാകേണ്ട നിമിഷങ്ങൾ

ആദിവാസികളും ഗോത്രവർഗ്ഗക്കാരും വിശ്വാസികൾ ആയിട്ടുള്ള ഒരു സമൂഹമാണ് ഇവിടെയുള്ളത്. പലതരം സ്വഭാവവും രീതികളുമുള്ള മനുഷ്യരാണ് ഇവര്‍. ഇവരുടെ ഇടയിലെ ചില രീതികൾ വളരെ പ്രാകൃതവും വിചിത്രവുമാണ്. ഓരോ ഗോത്രങ്ങളുടെയും നിയമങ്ങള്‍ വ്യത്യസ്തമാണ്. അതായത്, ഓരോ ഗോത്രങ്ങൾക്കും ഓരോ നിയമം. ആ നിയമങ്ങൾ നാം പഠിച്ചിരിക്കണം. അത് തെറ്റിച്ചാൽ ചിലപ്പോൾ ജീവൻ പോലും അപകടത്തിലാകാം.

“ഭർത്താവിന്റെ മർദ്ദനത്തെ തുടര്‍ന്ന് ഒരു സ്ത്രീ രാത്രിയിൽ കോരിച്ചൊരിയുന്ന മഴയത്ത് വന്ന് അഭയം ചോദിച്ചു. ഈ സിസ്റ്റര്‍മാര്‍ ഭക്ഷണവും വസ്ത്രവും കൊടുത്തു. എന്നാൽ, അവരുടെ ഗോത്രനിയമമനുസരിച്ച് അങ്ങനെ അഭയം കൊടുക്കുന്നത് വലിയ തെറ്റാണ്. അതിനാൽ  ഈ സഹോദരിമാർ ആ സ്ത്രീയെ അവരുടെ ചേച്ചിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു. കാരണം അവിടെ താമസിപ്പിച്ചാൽ ഈ സിസ്റ്റേഴ്സിനെ ആ ഗോത്രവര്‍ഗ്ഗക്കാര്‍ കൊല്ലും.

ആ സ്ത്രീയുടെ ഭർത്താവ് വന്ന് ഇവരുടെ ഭവനം കത്തിക്കും എന്നുപറഞ്ഞ് ഞങ്ങളെ ഭീഷണിപ്പെടുത്തി. അവിടം കൊണ്ട് കാര്യങ്ങളെല്ലാം അവസാനിക്കുമെന്നു കരുതി. എന്നാല്‍, അതൊരു തുടക്കം മാത്രമായിരുന്നു. “ഞങ്ങൾ ഗോത്രനിയമം ലംഘിച്ചവരായി. പ്രശ്നം ഗോത്രത്തലവന്റെ അടുക്കലെത്തി. പോലീസിനെ വിളിച്ച് ഞങ്ങൾ കാര്യം പറഞ്ഞു. എന്നാൽ, അവർക്ക് ഗോത്രനിയമങ്ങൾ ലംഘിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലാത്ത അവസ്ഥ. രണ്ട് ദിവസങ്ങൾക്കു ശേഷം ഗോത്രത്തലവന്റെ നേതൃത്വത്തിൽ ഞങ്ങൾക്ക് ശിക്ഷ വിധിക്കാൻ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടി. എന്ത് ശിക്ഷ വേണമെങ്കിലും വിധിക്കാം. മനുഷ്യരെ അടിച്ചുകൊല്ലാറാക്കിയ അവസ്ഥയും മുള്ള് ചാട്ടയ്ക്ക് അടിച്ച അവസ്ഥകളുമൊക്കെ ഞങ്ങൾ നേരിൽ കണ്ടിട്ടുള്ളതാണ്.

പിറ്റേ ദിവസം രാവിലെ എട്ടു മണിക്കാണ് ഞങ്ങൾ വിചാരണക്കായി എത്തേണ്ട സമയം. ആകെ ഭയപ്പെട്ടുപോയ അവസ്ഥ. രാത്രി മുഴുവനും ഞങ്ങൾ പ്രാർത്ഥിച്ചു. ദൈവം മാത്രമേ ഞങ്ങൾക്ക് സഹായത്തിനായി കൂടെയുണ്ടായിരുന്നുള്ളൂ” – സിസ്റ്റർ പറയുന്നു.

അൾത്താരയിലെ ഈശോ മാറ്റിയത് ആക്രോശിച്ചു നിന്ന മനുഷ്യരുടെ മനസുകൾ

അന്നു രാത്രി മുഴുവനും അൾത്താരയുടെ ചുവട്ടിലിരുന്ന് ഈ സന്യാസിനിമാർ പ്രാർത്ഥിച്ചു. ആ ഒരു ബലം മാത്രമേ ഇവർക്ക് കൂട്ടായി ഉണ്ടാരുന്നുള്ളൂ. ആ ശക്തിയിൽ ആശ്രയിച്ച് പിറ്റേ ദിവസം എട്ടു മണി ആയപ്പോൾ മീറ്റിംഗ് നടക്കേണ്ട ഗ്രാമത്തലവന്റെ വീട്ടിലെത്തി. അവിടെ കണ്ട കാഴ്ച ഞങ്ങളെ അതിശയിപ്പിക്കുന്നതായിരുന്നു. മീറ്റിംഗിനു വന്ന ആൾക്കാർ വളരെ കുറവ്. അതു മാത്രമല്ല, ഒരു മനുഷ്യരും ഇവർക്കെതിരെ ഒന്നും സംസാരിച്ചതുമില്ല.

അവർ പറഞ്ഞു: “നിങ്ങൾ ചെയ്തത് തെറ്റാണ്. പക്ഷേ, നിങ്ങൾ ഇവിടെ ഒരുപാട് നന്മ ചെയ്യുന്നുണ്ട് ഞങ്ങൾക്കു വേണ്ടി. അതുകൊണ്ട് നിങ്ങൾക്കെതിരായി ഞങ്ങൾക്ക് ഒന്നും പറയാൻ പറ്റുന്നില്ല” എന്നതായിരുന്നു.

അവസാനം ഈ സിസ്റ്റേഴ്സിനു വിധിച്ച ശിക്ഷ ആ സ്ത്രീയെ കണ്ടെത്തി ഗ്രാമത്തലവന്റെ വീട്ടിൽ കൊണ്ടുവരണം എന്നതായിരുന്നു. എന്നാൽ, അവിടെയും പ്രശ്നങ്ങളുണ്ട്. കാരണം, ഈ സ്ത്രീ പോയിരിക്കുന്നത് വേറൊരു വില്ലേജിലേക്കാണ്. അവിടെയുള്ള ഗ്രാമത്തലവന്റെ സമ്മതമില്ലാതെ ആ സ്ത്രീയെ അവിടെ നിന്ന് തിരികെ കൊണ്ടുവരാനും പറ്റില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോള്‍, മറ്റൊരു സ്ത്രീ മുഖേന ഇവരുള്ള സ്ഥലം കണ്ടെത്തുകയും അങ്ങനെ അവരെ തിരിച്ചെത്തിക്കാന്‍ സാധിക്കുകയും ചെയ്തു.

ദൈവപരിപാലന തൊട്ടറിഞ്ഞ ഒരു നിമിഷമായിരുന്നു അത്. വലിയ ശിക്ഷ വിധിക്കാതെ, ശിക്ഷ ഇളവ് ചെയ്യുവാൻ പ്രവർത്തിച്ച കർത്താവ്. അൾത്താരയുടെ അരികില്‍ അഭയം തേടിയപ്പോൾ മാറിയത് കാട്ടുമനുഷ്യരെപ്പോലെ മുമ്പിൽ നിന്ന മനുഷ്യരുടെ മനസ്സായിരുന്നു.

ഇല്ലായ്മയിൽ നിന്നും വളർന്നുവന്ന അരുണാചൽ മിഷൻ

ഞങ്ങൾ അരുണാചൽ പ്രദേശിലേക്ക് ആദ്യം വരുമ്പോൾ ഏതോ ഒരു കാടിനുള്ളിലേക്ക് കൊണ്ടുവിടുന്ന അനുഭവമായിരുന്നു. വാഹനസൗകര്യമില്ല, വഴികളില്ല, വൈദ്യുതിയില്ല. രോഗം വന്നാൽ ചികിത്സിക്കാൻ ആശുപത്രികളില്ല. ആകെയുള്ളത് ഒരു ചെറിയ ഡിസ്‌പെൻസറി മാത്രം – അത് ഒൻപതു കിലോമീറ്റർ ദൂരെയും.

ആദ്യമായി അരുണാചൽ പ്രദേശിൽ SKD സിസ്റ്റേഴ്സ് തങ്ങളുടെ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ അതിലെ അംഗമായിരുന്ന സി. മേരി വർഗീസ് പറയുന്നു: “ചുറ്റുവട്ടം മുഴുവനും കാടായിരുന്നെങ്കിലും അതിന്റെയുള്ളിൽ വീടുകളും ഉണ്ടായിരുന്നു. വളരെയേറെ പാവപ്പെട്ടവരായ മനുഷ്യർ.”

എട്ട് വർഷങ്ങൾക്കു മുമ്പ് സന്യാസിനിമാർ അവിടെ ചെല്ലുമ്പോൾ താമസസൗകര്യങ്ങള്‍ ഒന്നുമില്ല. ഒരു സ്‌കൂൾ കെട്ടിടം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അവിടെ ഒരു ക്ലാസ് മുറിയുടെ പകുതിയായിരുന്നു അന്നത്തെ ഇവരുടെ താമസസ്ഥലം. വേറെ സിസ്റ്റേഴ്സ് ആരും തന്നെയില്ലാത്ത ഒരു സാഹചര്യമായിരുന്നു ഞങ്ങള്‍ അന്നവിടെ ചെല്ലുമ്പോള്‍. ക്രിസ്തുദാസി സിസ്റ്റേഴ്സിന്റെ ഒരു പ്രത്യേകത, ഏത് പരിമിതമായ സാഹചര്യത്തിലാണെങ്കിലും എവിടെയും പരാതിയില്ലാതെ ജീവിക്കുക എന്നതാണ്. അത് അക്ഷരാർത്ഥത്തിൽ ജീവിക്കാനുള്ള അവസരവും കൂടിയായിരുന്നു ഈ സന്യാസിനിമാരെ സംബന്ധിച്ച് പരിമിതമായ ഈ സാഹചര്യങ്ങൾ.

വിദ്യാഭ്യാസത്തിന്റെ മൂല്യമറിയാത്ത ജനങ്ങൾ

പഠിപ്പുള്ള ഒറ്റ ആള്‍ പോലും ഇവിടെയില്ല. ചുറ്റുവട്ടമുള്ള എട്ടു വില്ലേജുകളിൽ സി. മേരി തന്റെ ശുശ്രൂഷ നിർവ്വഹിച്ചിട്ടുണ്ട്. അതു കൂടാതെ, ദൂരെയുള്ള കത്തോലിക്കാ ആദിവാസി വില്ലേജുകളിലും കയറിയിറങ്ങി അവർക്ക് ക്ലാസുകൾ എടുക്കുമായിരുന്നു. പത്താം ക്ലാസ് പഠനം കഴിഞ്ഞവർ വെറും മൂന്നു പേർ മാത്രം; രണ്ടു പേർ ഗവൺമെൻറ് ജോലിക്കാരും. ബാക്കിയുള്ളവർക്ക് വിദ്യാഭ്യാസം ഒട്ടും തന്നെയില്ല. ഈയൊരു സാഹചര്യത്തിൽ വീടുകൾ കയറിയിറങ്ങി സിസ്റ്റർ അവർക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പകർന്നുകൊടുക്കുകയും സ്‌കൂളിൽ വരാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്തു.

ഒരു ടീച്ചർ മാത്രമുള്ള ഗവണ്മെന്റ് സ്‌കൂൾ

ഇവിടെ നാലാം ക്ലാസ് വരെ മാത്രമുള്ള ഒരു ഗവണ്മെന്റ് സ്‌കൂൾ ഉണ്ട്. ടീച്ചർ വരും. എന്നാല്‍, ഒന്നും പഠിപ്പിക്കുകയില്ല. വന്ന് ഒരു മണിക്കൂറിനു ശേഷം കുട്ടികളെ തിരിച്ചുവിടും.

സിസ്റ്റർമാരുടെ നേതൃത്വത്തിൽ സ്‌കൂളുകൾ ആരംഭിച്ചപ്പോൾ കുട്ടികൾ പഠിക്കാൻ വന്നു തുടങ്ങി. അതു കൂടാതെ, വില്ലേജുകൾ കയറിയിറങ്ങി പാവപ്പെട്ട കുട്ടികൾക്കായി ഇംഗ്ലീഷ് വിഷയത്തിൽ ട്യൂഷൻ എടുത്തു. ഇവിടെ കറന്റില്ലാത്തതിനാൽ വൈകുന്നേരം സമയങ്ങളിൽ ട്യൂഷൻ സാധിക്കാതെയും വന്നു. കാരണം, ഒക്ടോബർ മുതൽ മാർച്ച് മാസം വരെ വൈകുന്നേരം നാലരയാകുമ്പോഴേക്കും ഇവിടെ ഇരുട്ടാകും.

കിലോമീറ്ററുകൾ നടന്ന് വില്ലേജുകളിലേക്ക് 

എട്ടും ഒൻപതും കിലോമീറ്ററുകൾ നടന്നാണ് വില്ലേജിലുള്ള വീടുകൾ സന്ദർശിച്ചിരുന്നത്. വാഹനസൗകര്യം വളരെ കുറവാണ്. ആശുപത്രിയിൽ പോകണമെങ്കിൽ പോലും ആരും സഹായിക്കാനില്ലാത്ത അവസ്ഥ.

“ഒരിക്കൽ ആശുപത്രിയിൽ പോകുവാനായി മണിക്കൂറുകളോളം ഞങ്ങൾ ഒരു വാഹനത്തിനായി വഴിയിൽ നിന്നു. എന്നാൽ, ഒരു വണ്ടിയും വന്നില്ല. അവസാനം കണ്ണീരോടെ തിരിച്ചുപോരേണ്ടി വന്നു. തിരികെ വന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥന കൊണ്ടു മാത്രം ഞങ്ങൾക്ക് ആ രോഗത്തിൽ നിന്നും സൗഖ്യം ലഭിച്ചു” – സി. മേരി പറയുന്നു. മനുഷ്യന്റെ പദ്ധതികളും കണക്കുകൂട്ടലുകളും തെറ്റുമ്പോൾ ദൈവം പ്രവർത്തിക്കുന്നത് അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ.

തീവ്രവാദികളെ പേടിച്ചു ജീവിച്ച ദിവസങ്ങൾ

നാലു വർഷങ്ങൾക്കു മുൻപാണ് സംഭവം. തീവ്രവാദികളെന്നു സംശയിക്കുന്ന ആളുകൾ കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ഉപദ്രവിക്കുകയും ചെയ്യുന്ന അവസ്ഥ. ചുറ്റുപാടും കാട് ആണ്. രാത്രി ആകുമ്പോള്‍ ഇവര്‍ കാടിറങ്ങി വന്ന് ഗ്രാമവാസികളെ ആക്രമിച്ച ശേഷം തിരികെ പോകും. ഈ സിസ്റ്റേഴ്സ് ഇവരെ ഇന്നുവരെ കണ്ടിട്ടില്ല. ആ പ്രദേശത്തെ ആളുകളെല്ലാം വല്ലാത്ത ഭയപ്പാടിലായിരുന്നു. അവരെയും, ദൈവം കൂടെയുണ്ടെന്നു പറഞ്ഞു ശക്തിപ്പെടുത്താൻ ഈ സിസ്റ്റേഴ്സിനായി.

SKD സിസ്റ്റേഴ്‌സ് കുട്ടികൾക്കു വേണ്ടി ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തിയിരുന്നു. തങ്ങളുടെ തൊട്ടടുത്തു വരെ ഈ തീവ്രവാദികൾ എത്തിയെന്നു കേട്ടപ്പോൾ ആകെ ഭയപ്പെട്ടു. ഗ്രാമത്തിലുള്ള ആളുകൾ രാത്രിയിൽ മഠത്തിനു ചുറ്റും ഇവർക്ക് സംരക്ഷണത്തിനായി നിലകൊണ്ടു. അഞ്ചു ദിവസത്തോളം  രാത്രിയിൽ, ഈ കുട്ടികളും സിസ്റ്റേഴ്സും ഒരു ഇടുങ്ങിയ മുറിയിൽ താമസിച്ചു. ഇവരുടെ തന്നെ പല മഠങ്ങളിലും സിസ്റ്റേഴ്സ് ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ ആരാധന നടത്തി ഇവർക്കായി പ്രാർത്ഥിച്ചു. അനേകരുടെ പ്രാർത്ഥനയുടെ ഫലമായി യാതൊരു ആക്രമണങ്ങളും ഇവർക്ക് നേരിടേണ്ടി വന്നില്ല. പതിയെ ആ ഭീകരാന്തരീക്ഷം ശമിച്ചു.

ഈശോയെ അറിയാത്തവർക്ക് ഈശോയെ പറഞ്ഞുകൊടുക്കുക – അതായിരുന്നു ഒരു സന്യാസിനിയായി ജീവിക്കുവാൻ സി. മേരി വർഗീസിന് പ്രേരണയായിട്ടുണ്ടായിരുന്നത്. 33 വർഷമായി ഒരു സമർപ്പിതയായി ഈശോക്കു വേണ്ടി ജീവിക്കുമ്പോൾ അവരുടെ വാക്കുകളിൽ തന്നെ ഒരു മിഷനറിയായി ജീവിക്കുന്നതിന്റെ സന്തോഷവും ആർജ്ജവത്വവും പ്രകടമായിരുന്നു. ഏഴര വർഷത്തോളം അരുണാചൽ പ്രദേശിലെ സേവനങ്ങൾക്കു ശേഷം ഇപ്പോൾ ത്രിപുരയിലാണ് സിസ്റ്റർ. അവിടെ പുതിയ മിഷനും പ്രവർത്തനങ്ങളുമൊക്കെയായി സിസ്റ്റർ തന്റെ സേവനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

സി. സൗമ്യ DSHJ

2 COMMENTS

Leave a Reply to AnonymousCancel reply