“സ്ഥിതി അതിദയനീയം, ഇനിയും സൂക്ഷിച്ചില്ലെങ്കില്‍ വലിയ ദുരന്തം”: നിസ്സഹായത വിവരിച്ചും മുന്നറിയിപ്പ് നല്‍കിയും ഭോപ്പാലില്‍ നിന്നും ഒരു സിസ്റ്റര്‍ ഡോക്ടര്‍

കീര്‍ത്തി ജേക്കബ്

“വലിയ ദുരിതത്തിലൂടെയാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ദയവു ചെയ്ത് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് എല്ലാവരും അനുസരിക്കണം. കോവിഡ് പ്രതിരോധത്തിനായി നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ വലിയ നിസ്സഹായതയ്ക്കും ദുരന്തത്തിനും നാം ഓരോരുത്തരും സാക്ഷ്യം വഹിക്കേണ്ടതായി വരും” – മധ്യപ്രദേശിലെ ഭോപ്പാലില്‍ ബെനഡിക്ടന്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ലിയോബാ കോണ്‍ഗ്രിഗേഷന്റെ കീഴിലുള്ള ദേവമാതാ ഹോസ്പിറ്റലിലെ ഡോക്ടറായ സിസ്റ്റര്‍ ബെറ്റി OSB യുടേതാണ് ഈ വാക്കുകള്‍.

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ മുഴുവന്‍ ഉലച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ താന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലും സമീപപ്രദേശങ്ങളിലുമുള്ള കോവിഡ് രോഗികളുടേയും അവരെ ശുശ്രൂഷിക്കുന്നവരുടേയും നിസ്സഹായാവസ്ഥയും അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളും എന്തൊക്കെയാണെന്ന് വിവരിക്കുകയാണ് ഡോ. സി. ബെറ്റി.

രോഗവ്യാപനം അതിരൂക്ഷം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെന്നതുപോലെ തന്നെ കോവിഡ് വ്യാപനം ഇവിടേയും അതിരൂക്ഷമാണ്. കേരളത്തെ വച്ചു നോക്കുമ്പോള്‍ ഇവിടെ രോഗികളുടെ എണ്ണം വളരെയധികം കൂടുതലാണ്. അമ്പത് ബെഡാണ് ആശുപത്രിക്കുള്ളതെങ്കിലും 25 ബെഡാണ് നിയമപരമായി അനുവദിച്ചിട്ടുള്ളത്. ഭോപ്പാലിലുള്ള എല്ലാ ഹോസ്പിറ്റലുകളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഒരിടത്തും രോഗികള്‍ക്ക് ബെഡ് കിട്ടാനില്ല. മരുന്ന്, ഓക്‌സിജന്‍ ക്ഷാമവും അതിരൂക്ഷം. ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയായാല്‍ അത് വീണ്ടും നിറയ്ക്കാന്‍ മൂന്നും നാലും ദിവസം കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. മരണസംഖ്യയും നിയന്ത്രണാതീതമായി ഉയരുകയാണ്. കോവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നാല്‍ ഞങ്ങള്‍ തീര്‍ത്തും നിസ്സഹായരാകും.

ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ രോഗികളാകുന്ന സാഹചര്യം

സന്യസ്തര്‍ ഉള്‍പ്പെടെ 10 നഴ്‌സിംഗ് സ്റ്റാഫാണ് ഞങ്ങളുടെ ഹോസ്പിറ്റലിലുള്ളത്. കൂടാതെ മൂന്ന് റിസപ്ഷനിസ്റ്റുകളും നാല് ഫാര്‍മസി സ്റ്റാഫും. ഇതില്‍ ആറ് നഴ്‌സിംഗ് സ്റ്റാഫ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. റിസപ്ഷനിസ്റ്റ്‌സില്‍ രണ്ടു പേരും പോസിറ്റീവായി. ഫാര്‍മസിസ്റ്റുമാരും കോവിഡ് ചികിത്സയിലായിരുന്നു. ഡോക്ടര്‍മാരിലും പലരും കോവിഡ് പോസിറ്റീവായി. ഇത്രയും സ്റ്റാഫ് കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ രോഗികളാകട്ടെ സാധാരണയിലും മൂന്നിരിട്ടിയാണ് ചികിത്സ തേടി എത്തിക്കൊണ്ടിരിക്കുന്നത്. ബഹുഭൂരിപക്ഷവും കോവിഡ് ചികിത്സയ്ക്കായി.

ഇക്കാരണത്താല്‍ നഴ്‌സിംഗ് സ്റ്റാഫുകളായ സിസ്റ്റര്‍മാര്‍ രാവും പകലുമായി ഇരുപത്തിനാല് മണിക്കൂറും വിശ്രമമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. പത്ത് പേര്‍ ചേര്‍ന്നാലും തീര്‍ക്കാനാവാത്ത ജോലി മൂന്നോ നാലോ പേര്‍ ചേര്‍ന്ന് വഹിക്കേണ്ട അവസ്ഥ. സി. റോസിലി, സി. ജെയ്മി, സി. ലീമാ, സി. ദീപാ, സി. ജാനറ്റ് തുടങ്ങിയവരാണ് രാപകലില്ലാതെ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നവര്‍. മെഡിക്കല്‍ സ്റ്റാഫ് അല്ലെങ്കില്‍ പോലും അക്കൗണ്ടന്റായ സി. ഗ്ലോറിയെപ്പോലുള്ളവരും ആവശ്യസമയത്ത് രോഗികളുടെ അടുക്കല്‍ ഓടിയെത്തുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.

നിസ്വാര്‍ത്ഥ സേവനവുമായി സിസ്റ്റര്‍മാര്‍

ജോലിഭാരം കൂടിയതിനാല്‍ ഒന്നിച്ചുള്ള ഭക്ഷണം കഴിപ്പും ഒന്നിച്ചുള്ള പ്രാര്‍ത്ഥനയുമൊന്നും നടക്കുന്നില്ല. ഓരോരുത്തരും അവരവര്‍ക്ക് സാധ്യമായ സമയത്ത് എത്തി ഭക്ഷണം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത് വീണ്ടും ജോലികളിലേയ്ക്ക് മടങ്ങുകയാണ് ചെയ്യുന്നത്. പരസ്പരം കാണുന്നതുപോലും ചുരുക്കമാണെന്ന് പറയാം. ജോലിഭാരവും ജോലിസമയവും കൂടിയിട്ടും അതിനനുസരിച്ച് ശമ്പളം കൊടുക്കാന്‍ പറ്റുന്ന സാഹചര്യമല്ലല്ലോ നമുക്കിപ്പോള്‍. ഇതൊക്കെയാണെങ്കിലും ഇവര്‍ക്കാര്‍ക്കും പരാതിയോ പരിഭവമോ ഇല്ല. സ്വന്തം കടമയും ഉത്തരവാദിത്വവുമായി കണ്ടാണ് ഓരോരുത്തരും തങ്ങളുടെ ജോലി ചെയ്യുന്നത്.

പ്രാര്‍ത്ഥനാജീവിതത്തില്‍ നിന്നാണ് ഇതിനെല്ലാമുള്ള ശക്തിയും ഊര്‍ജ്ജവും ഞങ്ങള്‍ സ്വീകരിക്കുന്നത്. ചികിത്സ തേടുന്ന രോഗികള്‍ സുഖപ്പെട്ട് തിരിച്ചുപോകുന്നതും നന്ദി അറിയിക്കുന്നതും പാവപ്പെട്ട രോഗികളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കാതെ ചികിത്സിക്കാന്‍ കഴിയുന്നതും അവരുടെ മനസ് നിറഞ്ഞുള്ള പുഞ്ചിരി കാണാന്‍ കഴിയുന്നതുമെല്ലാമാണ് ഈ പ്രതികൂല സാഹചര്യത്തില്‍ ഞങ്ങളെപ്പോലുള്ളവരെ താങ്ങിനിര്‍ത്തുന്നത്. പല സാഹചര്യങ്ങളിലും ചികിത്സയ്ക്കിടയില്‍ ദൈവത്തിന്റെ പ്രത്യേക ഇടപെടലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പാവപ്പെട്ട രോഗികള്‍ക്കായി ക്ലിനിക്കുകള്‍

ഈ ഹോസ്പിറ്റല്‍ കൂടാതെ ഉള്‍ഗ്രാമങ്ങളിലായി രണ്ട് ക്ലിനിക്കുകളും ഞങ്ങള്‍ നടത്തുന്നുണ്ട്. സോഷ്യല്‍ സര്‍വ്വീസിന്റെ ഭാഗമായാണ് അത് നടത്തുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ ജീവിക്കുന്ന സ്ഥലങ്ങളാണത്. സാധാരണ ആശുപത്രികളില്‍ പോകാന്‍ വണ്ടിക്കൂലി ഇനത്തില്‍ തന്നെ ഇരുന്നൂറ്റിയമ്പത് രൂപയോളം അവര്‍ക്ക് ചിലവാകും. ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതിന് വേറെ ചാര്‍ജ്. അത് മനസിലാക്കിയാണ് വാടകക്കെട്ടിടത്തില്‍ ഞങ്ങള്‍ അവരുടെ ഗ്രാമങ്ങളില്‍ ക്ലിനിക്ക് തുടങ്ങിയത്. പരമാവധി അമ്പത് രൂപയാണ് ഏത് ചികിത്സയ്ക്കായി എത്തുന്നവരോടും ഞങ്ങള്‍ വാങ്ങുന്നത്. അത് അവര്‍ക്ക് വലിയ ആശ്വാസമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും. പ്രായമായവരെ വീട്ടില്‍ ചെന്ന് കാണുകയും കൂടുതല്‍ ശ്രദ്ധ വേണ്ടവരെ ആംബുലന്‍സില്‍ ക്ലിനിക്കില്‍ എത്തിച്ച് ചികിത്സിക്കുകയും ചെയ്യാറുണ്ട്.

കോവിഡിനേയും ബിസിനസാക്കുന്നവര്‍

കോവിഡിനെ ബിസിനസാക്കുന്നവരും ഇവിടെ ധാരാളമുണ്ട്. പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ പലതും പരമാവധി ലാഭം ഉണ്ടാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. കോവിഡ് ടെസ്റ്റിനും ചികിത്സയ്ക്കും ഓക്‌സിജനുമെല്ലാം സാധാരണയേക്കാളും രണ്ടും മൂന്നും ഇരട്ടി ഫീസ് രോഗികളോട് മേടിക്കുകയാണവര്‍. എന്നാല്‍ അതിനനുസരിച്ചുള്ള ചികിത്സയോ പരിചരണമോ രോഗികള്‍ക്ക് കൊടുക്കുന്നുമില്ല. ഇവിടെ ഞങ്ങളുടെ ആശുപത്രി എങ്ങനെയാണ് വ്യത്യസ്തമാകുന്നത് എന്നാല്‍, ഞങ്ങള്‍ കോവിഡ് രോഗികളില്‍ നിന്ന് ഒരു രൂപ പോലും അധികമായി ഈടാക്കാറില്ല. കൂടെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ പോലും ഞങ്ങളെ ഉപദേശിച്ചു, മറ്റ് ആശുപത്രികളിലേതു പോലെ ഫീസ് ഈടാക്കാം എന്ന്. പക്ഷേ ക്രൈസ്തവമൂല്യങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തികളൊന്നും നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്ന തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്.

സ്വയം കരുതാം; ഒപ്പം മറ്റുള്ളവരേയും

ആളുകള്‍ക്ക് രോഗത്തെ ഭയമോ രോഗം ബാധിക്കാതിരിക്കാനുള്ള ശ്രദ്ധയോ ഇല്ലാത്തതാണ് രോഗം ഇത്രമേല്‍ വ്യാപിക്കാന്‍ കാരണം. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള കരുതലും കേരളത്തിലേതു പോലെ ഇവിടില്ല. മാസ്‌ക് ധരിക്കാനും സാനിറ്റൈസര്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കാനും കൂട്ടം കൂടാതിരിക്കാനുമൊന്നും ഇവിടങ്ങളില്‍ പലരും ശ്രദ്ധിക്കാറില്ല. ഇപ്പോള്‍ ഇവിടേയും ലോക്ക് ഡൗണ്‍ ആണെങ്കിലും ആളുകള്‍ അതും കാര്യമായെടുക്കുന്നില്ല. പലപ്പോഴും കൊറോണ വന്നു കേറുന്നതല്ല, പോയി മേടിക്കുന്ന സാഹചര്യമാണുള്ളത്.

ഓരോരുത്തരും വ്യക്തിപരമായി ആവശ്യമായ കരുതല്‍ എടുത്താല്‍ കോവിഡ് രോഗത്തെ പ്രതിരോധിക്കാവുന്നതേയുള്ളൂ. മാസ്‌ക് ശരിയായി ധരിക്കുക, സാനിറ്റൈസ് ചെയ്യുക, കൈ കഴുകുക, അകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ തീര്‍ത്തും ലളിതമായ പ്രവര്‍ത്തികള്‍ ചെയ്താല്‍ തന്നെ രോഗത്തെ അകറ്റിനിര്‍ത്താമെന്നിരിക്കെ പലരും അക്കാര്യത്തില്‍ ശ്രദ്ധിക്കുന്നേയില്ല. ശാരീരിക അകലം പാലിക്കുക, മാനസികവും ആദ്ധ്യാത്മികവുമായ അടുപ്പം കൂട്ടുക എന്നതാണ് ഈ പ്രത്യേക കാലത്ത് ചെയ്യേണ്ടത്. ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നതും സര്‍ക്കാര്‍ പറയുന്നതും അനുസരിക്കാന്‍ ഇനിയെങ്കിലും എല്ലാവരും തയാറാകണം. അവര്‍ക്ക് ഗുണമുണ്ടാകുന്ന എന്തെങ്കിലും കാര്യത്തിനു വേണ്ടിയല്ലല്ലോ അവര്‍ നമ്മളോട് അഭ്യര്‍ത്ഥിക്കുന്നത്. നമ്മളേക്കാളുപരി മറ്റുള്ളവരുടെ കാര്യത്തില്‍ കരുതലുണ്ടെങ്കില്‍ നമുക്ക് ഈ രോഗം തടയാവുന്നതേയുള്ളൂ എന്ന് ഇനിയെങ്കിലും മനസിലാക്കാം, അതനുസരിച്ച് പ്രവര്‍ത്തിക്കാം. എല്ലാത്തിനുമുപരിയായി ദൈവത്തോട് പ്രാര്‍ത്ഥിക്കാം. കാരണം, ചികിത്സിയ്ക്കുന്നത് മനുഷ്യരാണെങ്കിലും സുഖപ്പെടുത്തുന്നത് ദൈവം തന്നെയാണല്ലോ – സി. ബെറ്റി പറഞ്ഞുനിര്‍ത്തി.

ബെനഡിക്ടന്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ലിയോബാ

1920-ല്‍ ജര്‍മ്മനിയില്‍ സ്ഥാപിതമായ സന്യാസ സഭയാണ് ബെനഡിക്ടന്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ലിയോബാ. മദര്‍ മരിയ ബനഡിക്ടയാണ് സഭാ സ്ഥാപക. 1973-ലാണ് സഭയുടെ സ്വതന്ത്രശാഖ ഇന്ത്യയില്‍ ആരംഭിച്ചത്. ഇപ്പോള്‍ കേരളം, കര്‍ണാടകം, മധ്യപ്രദേശ്, മേഘാലയ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ബെനഡിക്ടന്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ലിയോബാ അംഗങ്ങള്‍ സേവനം ചെയ്യുന്നു. ആശുപത്രികള്‍, സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, ആദിവാസി കുട്ടികള്‍ക്കു വേണ്ടിയുള്ള ഹോസ്റ്റലുകള്‍, സ്ത്രീകള്‍ക്കു വേണ്ടിയുള്ള സംരക്ഷണാലയം തുടങ്ങിയവയാണ് ഇവരുടെ ശുശ്രൂഷാ മേഖലകള്‍.

കീര്‍ത്തി ജേക്കബ്

7 COMMENTS

  1. I congratulate Dr. Sr. Betty and her sisters who take of Covid positive patients with full dedication, fearlessness and courage. May God’s blessings be with to continue giving comfort and healing to humanity. My prayerful support

  2. Dear Dr. Sr. Betty, Mother Prioress & the nurse sisters,
    We the CSSTs are proud to have been associated with you OSB sisters and admire the great service that you render to the sick and the suffering. May God continue to bless your efforts in caring for everyone.
    With all good wishes,
    Sr. Ann Jose CSST
    Bhopal

  3. Dear Dr Sr Betty and staff,

    Thank you so much for your most dedicated tiring sleepless and selfless service with total devotion sincerity and love, even risking your own life, at very low charges discarding all possible financial gains.
    This great compassionate service really turns to be a natural exhibition of Christian values that will go deep into the hearts of not only the poor patients and their families but of all those who witness or who come to know of this. This is the real gospel work, than preaching it directly.
    Let the Almighty bless you all, for this most invaluable service. Let the Lord keep you strong healthy and cheerful.
    I express my deep gratitude and Love for your great service to humanity and to you all. ❤️

    Philip Nedumchira IFS(Rtd)
    +919020203000

Leave a Reply to AnonymousCancel reply