സംഗീതത്തോണിയിൽ സഞ്ചരിക്കുന്ന ചേന്നങ്കരിക്കാരൻ

മരിയ ജോസ്

ജീവിതത്തിലെ ഏതു സങ്കടത്തെയും മറക്കാൻ ദൈവം തരുന്ന ഒരു ദിവ്യ ഔഷധമാണ് സംഗീതം. വേദനകളുടെ നടുവിൽ, ഒറ്റപ്പെടലുകളുടെ നടുവിൽ ഒരു കുളിർക്കാറ്റുപോലെ ഒഴുകിയെത്തുന്ന സംഗീതം അനേകജീവിതങ്ങളെ തണുപ്പിച്ചിട്ടുണ്ട്, സമാശ്വസിപ്പിച്ചിട്ടുണ്ട്. അങ്ങനെ സംഗീതത്തോണിയിൽ സഞ്ചരിച്ചവർ ഏറെയാണ്. അത്തരത്തിലൊരാളാണ് ചേന്നങ്കരിയുടെ സ്വന്തം ജോബി. ചേന്നങ്കരി സെന്റ് ജോസഫ് ദൈവാലയത്തിൽ നിന്ന് തന്റെ സംഗീതജീവിതം ആരംഭിച്ച ജോബി, ഇന്ന് ചങ്ങനാശ്ശേരി രൂപതയിലെ ഒട്ടുമിക്ക തിരുപ്പട്ട ശുശ്രൂഷകൾക്കും സ്വരമാധുര്യം പകരുകയാണ്. ശാരീരികമായി ചില അവശതകൾ ഉണ്ടെങ്കിലും ദൈവവിശ്വാസത്താലും ആത്മവിശ്വാസത്താലും അതിനെ മറികടക്കുന്ന ജോബി ചേന്നങ്കരി സംഗീതവഴികളിലെ വിശേഷങ്ങളുമായി ലൈഫ് ഡേ -യ്ക്കൊപ്പം.

സ്വസ്ഥമായി ഒഴുകുന്ന ആറിന്റെ കരയിൽ പഴമയുടെ ലാളിത്യം തുളുമ്പിനിൽക്കുന്ന ഒരു ദൈവാലയം. ചേന്നങ്കരി സെന്റ് ജോസഫ് ചർച്ച്. ചാവറയച്ചൻ മാമ്മോദീസ സ്വീകരിച്ച ആ പള്ളിയിൽ നിന്നുമാണ് ജോബി തന്റെ സംഗീതജീവിതം ആരംഭിക്കുന്നത്. മുത്തച്ഛനായ സി.സി. ആന്റണി ഭാഗവതരിൽ നിന്നും സംഗീത പാരമ്പര്യം പകർന്നുകിട്ടിയ ജോബിക്ക് ചെറുപ്പത്തിൽ തന്നെ സംഗീതം ഏറെ ഇഷ്ടമായിരുന്നു. പള്ളിയിൽ പാട്ടുപാടുന്ന ചേച്ചിക്കൊപ്പം നടന്നിരുന്ന ജോബി, ഒരു ഇടവേളയില്‍ നേരമ്പോക്കിനെന്നോണം ക്വയറിൽ ഉപയോഗിക്കുന്ന ‘കൈമണി’ അടിക്കുന്നത് കണ്ടതോടെയാണ് ആ ബാലനിലെ താളബോധം വൈദികനും മറ്റുള്ളവരും തിരിച്ചറിയുന്നത്. അന്നുമുതൽ ആ പള്ളിയിലെ ഗായകസംഘത്തിലൊരാളായി ജോബിയെയും അവർ കൂടെ കൂട്ടി.അങ്ങനെ, സൺഡേ സ്കൂളിൽ മത്സരങ്ങൾക്കും മറ്റും ഗായകസംഘത്തിനൊപ്പം സംഗീതലോകത്തേയ്ക്ക് ജോബി പിച്ചവച്ചു തുടങ്ങി. അതിനിടയിൽ കൈമണിയിൽ തുടങ്ങിയ പരീക്ഷണം പതിയെപ്പതിയെ തബലയിലേയ്ക്കും കീ-ബോർഡിലേയ്ക്കും വഴിമാറി. ഈ സംഗീതോപകരണങ്ങളൊക്കെ ജോബി വായിക്കാൻ പഠിച്ചത് സ്വന്തം പരിശ്രമത്താലാണ്.

സംഗീതലോകത്തേയ്ക്കുള്ള തന്റെ പ്രയാണത്തിൽ അദ്ദേഹം എന്നും ഓർത്തിരിക്കുന്ന ഒരു പേരാണ് ആരാധനാ സന്യാസിനീ സമൂഹത്തിലെ അംഗമായ സി. കാതറിന്റേത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ, “സമ്മാനം കിട്ടിയില്ലേലും വേണ്ടില്ല, നീ പാടണം” എന്ന ആ സന്യാസിനിയുടെ നിർബന്ധത്തിനു മുന്നിലാണ് ആദ്യമായി ജോബി പാടുന്നത്. അങ്ങനെയാണ് ജോബിയിലെ സംഗീതവാസനയും മറ്റുള്ളവര്‍ തിരിച്ചറിയുന്നത്. പിന്നീട് ക്വയറിൽ പാട്ടുകാരനായി. സംഗീതമത്സരങ്ങളിലും ജോബി പങ്കെടുത്തു തുടങ്ങി.

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സംഗീതകോളേജിൽ പഠിക്കണം എന്ന ജോബിയുടെ ആഗ്രഹം നടന്നില്ല. എങ്കിലും സംഗീതത്തെ തേടിയുള്ള തന്റെ യാത്ര അവസാനിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ സമയത്താണ് അദ്ദേഹത്തെ വലച്ചുകൊണ്ട് ശാരീരിക അവശതകൾ രംഗത്തെത്തുന്നത്. ജന്മനാ, നട്ടെല്ലിന് ഒരു വളവുള്ള വ്യക്തിയായിരുന്നു അദ്ദേഹം. എങ്കിൽപ്പോലും ആ അവശതകൾ മറക്കുവാൻ ദൈവം അദ്ദേഹത്തിന് സംഗീതത്തെ കൂട്ടായി നൽകിയിരുന്നു. ശാരീരിക അവശതകൾ വലച്ചപ്പോഴും പ്രത്യാശ പകർന്നുകൊണ്ട് ജോബിയെ മുന്നോട്ടു നയിക്കുവാൻ സംഗീതത്തിനു കഴിഞ്ഞു. ആ സമയത്താണ് മധു എന്ന വ്യക്തിയാല്‍, ആലപ്പുഴ റൈബാൻ സൂപ്പർ ഹിറ്റ്‌സ് എന്ന ഗാനമേള ട്രൂപ്പിൽ പാടുവാൻ അവസരം ലഭിക്കുന്നത്. അങ്ങനെ രണ്ടു-മൂന്നു വർഷം ഈ ഗാനമേള ട്രൂപ്പിനൊപ്പം നിന്നു.

അതിനുശേഷം പല ട്രൂപ്പുകളുടെ ഭാഗമായി പാടുവാൻ പോയി. ചങ്ങനാശേരി സർഗ്ഗാക്ഷേത്ര, രാഗസുധ, എം ജി എം, മീഡിയ വില്ലേജ് കമ്മ്യൂണിക്കേഷൻ തുടങ്ങി നിരവധി ട്രൂപ്പുകളിൽ പാടിയിരുന്നു. ഈ സമയം തന്നെ കുട്ടനാട്ടിലെ ധാരാളം പള്ളികളിലും പാടാൻ അദ്ദേഹം എത്തിയിരുന്നു. എന്നാൽ, വൈകാതെ തന്നെ ശാരീരികപ്രശ്നങ്ങൾ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ അദ്ദേഹം ഗാനമേള ട്രൂപ്പുകളില്‍ പാടുന്നതു നിർത്തി. പിന്നീട് സർജറിയും മറ്റുമായി കുറച്ചുനാളുകൾ. അതിനുശേഷം വീണ്ടും സംഗീതരംഗത്ത് സജീവമായി. ഗാനമേളകൾക്ക് പോകുന്നില്ലായെങ്കിലും പള്ളി ക്വയറുകൾക്കാണ് അദ്ദേഹം ഇപ്പോള്‍ കൂടുതലായും പ്രാധാന്യം നൽകുന്നത്.

കൂടാതെ, സർഗ്ഗക്ഷേത്രയുടെ ഗാനമേള ട്രൂപ്പിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സമയം മുതൽ ഒട്ടുമിക്ക പട്ടങ്ങൾക്കും പാട്ടു പാടുന്നതിനും കീ-ബോർഡ് വായിക്കുന്നതിനുമായി ജോബി എത്താറുണ്ട്. സിഎംഐ, എംസിബിഎസ് തുടങ്ങിയ സന്യാസ സമൂഹങ്ങളിലെ പട്ടങ്ങൾക്കും ചങ്ങനാശേരി രൂപതയിലെ പട്ടങ്ങൾക്കും പിന്നിലെ സ്വരമാധുര്യമായി അദ്ദേഹം പല വര്‍ഷങ്ങളിലും മാറിയിട്ടുണ്ട്.

സംഗീതത്തെ നെഞ്ചോട് ചേർത്തുനിർത്തുന്ന ഈ കലാകാരന്റെ ജൈത്രയാത്രയിൽ പലപ്പോഴും ശാരീരികമായ ബുദ്ധിമുട്ടുകൾ വില്ലനായി മാറിയിട്ടുണ്ട്. നട്ടെല്ലിന്റെ വളവും നടക്കുന്നതിനുള്ള ബുദ്ധിമുട്ടും പലപ്പോഴും സ്റ്റേജ്‌ പെർഫോമെൻസുകൾക്കും മറ്റും ഒരു വിലങ്ങുതടിയായി. കൂടാതെ, അധികം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയും. അധിക ദൂരം ഒറ്റയ്ക്ക് യാത്ര ചെയ്തെത്താൻ കഴിയാത്തതിനാൽ തന്നെ നിരവധി അവസരങ്ങളും ജോബിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും, അതിനെയൊന്നും വകവയ്ക്കാതെ, സന്തോഷത്തോടെ മുന്നോട്ടു പോവുകയാണ് ജോബി.

ജീവിതത്തിൽ പ്രത്യാശയർപ്പിച്ച് മുന്നോട്ടുപോകുന്ന ജോബി, നിരവധി ഭക്തിഗാന ആൽബങ്ങളിലും പാടിയിട്ടുണ്ട്. ‘തിരുവെഴുത്ത്’ എന്ന സാബു മണ്ണട എം.സി.ബി.എസ് – അച്ചന്റെ കാസറ്റിൽ പാടിക്കൊണ്ടാണ് അദ്ദേഹം ക്രിസ്ത്യൻ ഭക്തിഗാനരംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചത്. തുടർന്നും നിരവധി കാസറ്റുകളിൽ അദ്ദേഹം പാടിയിട്ടുണ്ട്.

ജോബി ഒരു പോരാളിയാണ്. തന്റെ കുറവുകളെയോർത്തു ദുഃഖിക്കാതെ മുന്നോട്ടു കുതിച്ച പോരാളി. പ്രതിസന്ധികളെ പ്രതീക്ഷ കൊണ്ട് നേരിട്ട വ്യക്തി. ലഭിച്ച അവസരങ്ങളൊക്കെ പ്രയോജനപ്പെടുത്തിക്കൊണ്ട് സംഗീതത്തോണിയിലേറി യാത്ര ചെയ്യുന്ന ഈ പാട്ടുകാരനു കൂട്ടായി ഭാര്യ ബിന്ദുവും നെടുങ്ങാട് വീട്ടിലുണ്ട്.

യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം അദ്ദേഹം ഇപ്പോൾ താമസിക്കുന്നത് പൊങ്ങ മാർ സ്ലീവാ ഇടവകാതിർത്തിയിലാണ്. ചെറുപ്പം മുതൽ ദിവസവും പള്ളിയിൽ പോയിരുന്ന വ്യക്തിയാണ് ജോബി. പിന്നീട് ഇന്നോളമുള്ള ജീവിതത്തിൽ പാടിയതിലേറെയും ദൈവത്തിനായിട്ടായിരുന്നു. അതിന്റെയൊക്കെ ദൈവാനുഗ്രഹമാണ് ഇന്ന് തന്നേയും തന്റെ കുടുംബത്തെയും മുന്നോട്ടു നയിക്കുന്നതെന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ടുപോവുകയാണ് ജോബി.

മരിയ ജോസ്    

8 COMMENTS

  1. എൻ്റെ പ്രിയപ്പെട്ട സുഹൃത്തിൻ്റെ ഭാവി ജീവിതം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. എല്ലാവിധ നന്മകളും ആശംസകളും നേരുന്നു –

  2. ജോബി,
    എല്ലാ ഭാവുകങ്ങളും നേരുന്നു. എല്ലാ കഴിവുകൾക്കും വേദി ദൈവം ഉണ്ടാക്കാതെയിരിക്കില്ല… .പ്രിയഗായക…. ഞങ്ങളുടെ യെല്ലാം….
    രാഗതരംഗിണിയുടെ സ്വന്തം കുടുംബാഗമാണ് ജോബി ….
    ആശംസകളോടെ രാഗതരംഗിണി സമൂൾ ഗ്രൂപ്പ്

  3. ജോബി ചേട്ടനെ എനിക്ക് നല്ല പരിചയം ആണ്.. പലപ്പോളും സംസാരിക്കുമ്പോൾ തന്നിലുള്ള അവശതയുടെ ഒരു സങ്കടവും മുഖത്തോ സംസാരത്തിലോ ഉണ്ടായിട്ടില്ല അപ്പോൾ എനിക്ക് സങ്കടം ഉണ്ടാകും അന്നേരം ഞാൻ മനസ്സിൽ ഓർക്കും ഈ പോരായിമ ഓർത്തു സങ്കടപെടാതിരിക്കാൻ ആണ് ദൈവം ജോബി ചേട്ടന് പാടാനുള്ള കഴിവ് കൊടുത്തതെന്നു.. ജോബി ചേട്ടന് ഒത്തിരി ഉയരങ്ങളിൽ എത്താൻ ചേട്ടന്റെ ഫാമിലിയേം ദൈവം അനുഗ്രഹിക്കട്ടെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.