പോത്തിന്റെ സമയം

എം.ഡി. ജോയ് മഴുവഞ്ചേരി

“എടാ പോത്തേ, നിന്റെ സമയം നാളെ ഞായറാഴ്ച പുലർച്ചെ 5 മണി വരെ. അതൊക്കെ നിശ്ചയിക്കണതേ ദൈവോന്നുമല്ല, ഈ കശാപ്പുകാരൻ ആത്തിക്കുട്ടിയാണ്. ഞാനൊരു സമയം പറഞ്ഞാൽ ഒടേതമ്പുരാനു പോലും മാറ്റാൻ പറ്റില്ല.” നല്ല രസികൻ പച്ചപ്പുല്ലും കൂടെ തുരിശു കലക്കിയ വെള്ളവും കൊടുത്തുകൊണ്ട്, കശാപ്പു കടയുടെ മുമ്പിലിരുന്നാണ് നാളെ വെട്ടാൻ പോണ പോത്തിനോട് ആത്തിക്കുട്ടി ഈ വേദമോതിയത്.

പാവം പോത്ത്. അതിന് എന്തറിയാം? മരിക്കാൻ പോകുന്നുവെന്ന്. എന്തു മരണം? വിശന്നപ്പോൾ പുല്ലും വെള്ളവും തന്നവനെ നന്ദിയോടെ നോക്കി, ആ പാവം പോത്ത് ആർത്തിയോടെ അത് കഴിച്ചുകൊണ്ടിരുന്നു.

അത്താഴം കഴിഞ്ഞു കിടന്ന ആത്തിക്കുട്ടിക്ക് പെട്ടെന്നൊരു നെഞ്ചുവേദന. നാട്ടുകാരു കൂടി ആശുപത്രിയിലെത്തിച്ചു. രാവിലെ കശാപ്പുശാലയുടെ മുൻപിൽ നിൽക്കുന്ന പോത്തിനു സമീപം ഒരു ഫ്ലെക്സ്. പുലർച്ചെ അഞ്ചു മണിക്ക്. ചത്തത് പോത്തല്ല; ആത്തിക്കുട്ടി ആയിരുന്നു.

വിശപ്പു പിടിച്ച പോത്ത് ആ ഫ്ലെക്സിൽ കടിച്ചുവലിച്ച് അതിലുള്ള ആത്തിക്കുട്ടിയുടെ പടത്തെ നക്കിത്തുടയ്ക്കുന്നുണ്ടായിരുന്നു. തനിക്ക് പുല്ലും വെള്ളവും ഇപ്പോൾ വരുമെന്നു പ്രതീക്ഷിച്ചിരുന്ന പോത്ത്, ആത്തിക്കുട്ടിയുടെ സംസ്കാരസമയം വൈകിട്ട് 5 മണി എന്നത് കണ്ടിട്ടുണ്ടാകുമോ ആവോ?

പോത്തിന്റെ സമയം നിശ്ചയിച്ച ആത്തിക്കുട്ടിക്ക് തെറ്റിപ്പോയി. ആത്തിക്കുട്ടിയുടെ സമയം നിശ്ചയിച്ച ഒടേതമ്പുരാന് ഒട്ടും തെറ്റിയില്ല.

എം.ഡി. ജോയ് മഴുവഞ്ചേരി, ആയത്തുപടി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.