‘അതിഥി’ എന്ന ഹ്രസ്വചിത്രത്തിലൂടെ ജീവന്റെ മൂല്യത്തെ ഉറക്കെ പ്രഘോഷിച്ച് ഒരു സന്യാസിനി

സി. സൗമ്യ DSHJ

‘നിങ്ങൾ കൊന്നുകളഞ്ഞത് ഈശ്വരന്റെ സ്വപ്നങ്ങളെയല്ലേ? ഞങ്ങളുടെ സ്വപ്നങ്ങളെയല്ലേ?’ എന്ന മൂന്നു വയസുകാരിയുടെ നിറമിഴിയോടെയുള്ള ചോദ്യം ആരുടെയും നെഞ്ചുലയ്ക്കുന്ന ഒന്നാണ്. ‘അതിഥി’ എന്ന ഹ്രസ്വചിത്രത്തിലെ ഈ സംഭാഷണത്തിൽ തന്നെയുണ്ട് ഗർഭച്ഛിദ്രത്തിലൂടെ വധിക്കപ്പെടുന്ന അനേകായിരം കുഞ്ഞുങ്ങളുടെ വേദന. ജീവന്റെ മൂല്യത്തെ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ഈ ഹൃസ്വചിത്രം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത് തയ്യാറാക്കിയിരിക്കുന്നത് സി. സെബി MSMI ആണ്. ഈ ഹ്രസ്വചിത്രം തയ്യാറാക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സിസ്റ്റർ സംസാരിക്കുന്നു.

“ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ നമ്മളൊക്കെ കൂടുതൽ സമയവും വീടിനുള്ളിൽ തന്നെയാണ് ചിലവഴിക്കുന്നത്. എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് സ്വന്തം ആരോഗ്യം സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് മനുഷ്യരെല്ലാവരും. ഈയൊരു സാഹചര്യത്തിൽ നമ്മെ സംരക്ഷിക്കാൻ ഗവണ്മെന്റ്, ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ എല്ലാവരുമുണ്ട്. എന്നാൽ, ജനിക്കുന്നതിനു മുമ്പ് ഗർഭപാത്രത്തിൽ വച്ച് കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ നിലവിളി കേൾക്കാൻ ആരുമില്ല. നിഷ്കളങ്കരായ ഈ കുഞ്ഞുങ്ങളുടെ നിലവിളിയുടെ പ്രതിഫലനമാണോ ഈ പകർച്ചവ്യാധിയെന്നുപോലും ചിന്തിച്ചുപോയ അവസ്ഥ” – സിസ്റ്റർ പറയുന്നു.

“ഈ നിഷ്‍കളങ്ക ശിശുക്കളുടെ ജീവനുവേണ്ടി നമ്മൾ ശബ്ദിച്ചില്ലെങ്കിൽ മറ്റാരാണ്‌ അവര്‍ക്കുവേണ്ടി ശബ്ദിക്കുക?” – സി. സെബി ചോദിക്കുന്നു. അബോർഷന് അനുകൂലമായ നിയമങ്ങൾ ഇന്ന് ലോകമെമ്പാടും ഉയർന്നുവരുന്ന ഒരു സാഹചര്യമാണ് ഉള്ളത്. ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് സിസ്റ്റർ ‘അതിഥി’ എന്ന ഈ ഹ്രസ്വചിത്രം നിർമ്മിക്കുന്നത്.

ഈ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചവർ എല്ലാവരും തന്നെ ആദ്യമായാണ് ക്യാമറയ്ക്ക് മുമ്പിലെത്തുന്നത്. ഈ ചിത്രം കാണുമ്പോൾ മനസിലാകും, അവരെല്ലാം തന്നെ വളരെ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ടെന്ന്. അതിൽ എടുത്തുപറയത്തക്ക വസ്തുത, അതിഥിയായി അഭിനയിക്കുന്ന കുട്ടിയുടെ പ്രകടനമാണ്. മൂന്നിൽ പഠിക്കുന്ന ഇവാന ജോഷി എന്ന കുട്ടിയാണ് ആ വേഷം ചെയ്തിരിക്കുന്നത്. ഇവാനയുടെ മാതാപിതാക്കൾ പോലും അതിശയിച്ചുപോയി തങ്ങളുടെ മകൾ ഇത്രയും നന്നായി അഭിനയിക്കുന്നത് കണ്ട്.

അതിഥി എന്ന കുട്ടിയായി അഭിനയിച്ച ഇവാനയെ ആ കഥാപാത്രമാക്കി മാറ്റാൻ സി. സെബി കഠിനാദ്ധ്വാനം ചെയ്തു. മികച്ച പരിശീലനം നൽകി കുട്ടിയെ കഥാപാത്രമാക്കി മാറ്റാൻ പരിശ്രമിച്ചു. എങ്കിൽ മാത്രമേ, കഥാപാത്രം പ്രേക്ഷകരോട് പറയാൻ ഉദ്ദേശിക്കുന്ന കാര്യം അതിന്റെ തനിമ നഷ്ടപ്പെടാതെ ചെയ്യുവാൻ സാധിക്കുകയുള്ളൂ. അത് ഒട്ടും കുറയാതെ അവതരിപ്പിക്കാൻ ഇവാനയ്ക്ക് കഴിഞ്ഞുവെന്നത് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്ന് സി. സെബി ആവർത്തിച്ചു പറയുന്നു.

ഈ ഹ്രസ്വചിത്രത്തിന്റെ പിന്നിൽ അനേകരുടെ സഹായവും സന്നദ്ധതയുമുണ്ട്. ലിജു എന്ന ക്യാമറാമാൻ സിസ്റ്ററിന്റെ എല്ലാ വർക്കിന്റെയും പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഡോക്ടർ ആയി വേഷമിട്ടത് അമ്പലവയൽ സ്വദേശിനിയായ രാഗിലയാണ്. ബാക്കിയുള്ള എല്ലാവരും മരകാവ് ഇടവകയിൽ നിന്നുള്ളവരാണ്.

കലാകായിക വിഷയങ്ങളോട് വളരെയേറെ താല്‍പര്യവും അതിനെക്കുറിച്ച് അറിവുമുള്ള വ്യക്തിയാണ് സി. സെബി. ചെറുപ്പത്തിൽ നൃത്തം അഭ്യസിച്ചിരുന്നുവെങ്കിലും കോൺവെന്റിൽ ചേർന്നതോടുകൂടി അതെല്ലാം ഈശോയ്ക്കുവേണ്ടി വേണ്ടെന്നുവച്ച് ഇറങ്ങിത്തിരിച്ച ജീവിതമാണ് ഈ സന്യാസിനിയുടേത്. എന്നാൽ ഈശോ, ഇവ വേണ്ടെന്നു വയ്ക്കുവാൻ സിസ്റ്ററിനെ സമ്മതിച്ചില്ല. ദാനമായി കൊടുത്ത കഴിവുകളും താല്‍പര്യങ്ങളും, ഒരു സമർപ്പിതയായ ശേഷവും തുടരുവാൻ അധികാരികളിലൂടെ ദൈവം തന്നെ ഈ സന്യാസിനിയുടെ ജീവിതത്തിൽ ഇടപെട്ടു. അങ്ങനെയാണ് സി. സെബി, മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചതും സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമാകുന്നതും.

“സോഷ്യൽ മീഡിയയിലൂടെ ജീവന്റെ മൂല്യത്തെ അവഗണിച്ചുകൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളും വ്യാപകമാകുമ്പോൾ അതേ സോഷ്യൽ മീഡിയ വഴി ജീവന്റെ മൂല്യത്തെ മുറുകെപ്പിടിച്ചു കൊണ്ടുള്ള ഒരു സംരംഭം ചെയ്താലെന്ത്? അതാണ് ഞാൻ ഈ ഹ്രസ്വചിത്രത്തിലൂടെ ലക്ഷ്യം വച്ചത്. ഇന്ന് ആളുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിനാൽ ആ സോഷ്യൽ മീഡിയ തന്നെ നല്ല ആശയങ്ങൾ പകരുവാനുള്ള മാധ്യമമായി ഉപയോഗിക്കാമെന്ന് തീരുമാനിച്ചു” – സിസ്റ്റർ പറയുന്നു.

ദൈവം ആഗ്രഹിക്കുന്ന സമയം, സാഹചര്യം, വിഷയം ഇത് മാത്രം ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് സി. സെബി. അധികാരികൾ തന്നോട് ആവശ്യപ്പെടുമ്പോൾ അത് ദൈവേഷ്ടമാണെന്നു മനസിലാക്കി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി. വലിപ്പച്ചെറുപ്പമില്ലാതെ നന്മയായ കാര്യങ്ങൾക്ക് മറ്റുള്ളവരെ അനുസരിക്കുവാൻ, എളിമ നിറഞ്ഞ മനോഭാവം എന്നും കാത്തുസൂക്ഷിക്കുവാൻ സന്നദ്ധമായ മനസ് ഇവയെല്ലാം സിസ്റ്ററിന്റെ സംസാരത്തിൽ തന്നെ പ്രകടമായിരുന്നു. ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ ഉയർച്ച-താഴ്ചകളുടെയും പിന്നിലുള്ളത് ദൈവത്തിന്റെ കൃപ മാത്രമാണെന്ന് ഈ സന്യാസിനി വിശ്വസിക്കുന്നു.

മാനന്തവാടി രൂപതയിലെ മരകാവ് എന്ന സ്ഥലത്താണ് ഇപ്പോൾ സെബി സിസ്റ്റർ ഉള്ളത്. MSMI കോൺഗ്രിഗേഷനിലെ ക്രിസ്തുജ്യോതി പ്രൊവിൻസിലെ അംഗമാണ്. ഇതിന് മുന്‍പ് ‘നിന്നെപ്പോലെ ഒരാള്‍’ എന്ന ഹൃസ്വചിത്രവും സിസ്റ്റര്‍ നിര്‍മ്മിച്ചിട്ടുണ്ട്. പൗരോഹിത്യ ജീവിതത്തിന്റെ മഹനീയതയെ ഉയര്‍ത്തിക്കാട്ടി കൊണ്ടുള്ള ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘അതിഥി’ എന്ന ഹൃസ്വചിത്രത്തിന്റെ സോഷ്യൽ മീഡിയ പ്രമോഷൻ കാര്യങ്ങൾ ചെയ്തതെല്ലാം ഈശോ തന്നെയാണെന്ന് സിസ്റ്റര്‍ പറയുന്നു. അതിനാൽ തന്നെ ആരോടും തന്റെ ഹൃസ്വചിത്രം ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും സിസ്റ്റർ പറയാറില്ല. അതെല്ലാം ഈശോ നോക്കിക്കൊള്ളും എന്നാ ഉറച്ച വിശ്വാസത്തിലാണിവര്‍. മാനന്തവാടി രൂപതയുടെ കീഴിലുള്ള വിവിധ വർക്കുകള്‍ ഈ സിസ്റ്ററിനെ തേടി എത്തിയിട്ടുണ്ട്. സമർപ്പിതജീവിതത്തിന്റെ സന്തോഷം അതിന്റെ പൂർണ്ണതയിൽ ജീവിക്കുന്ന ഈ സന്യാസിനി ഈ കാലഘട്ടത്തിന്റെ തന്നെ ശബ്ദമാണ്.

സി. സൗമ്യ DSHJ

2 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.