തീവ്രവാദികളുടെ പിടിയിലമർന്നപ്പോഴും കർത്താവിന്റെ പൗരോഹിത്യത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഒരു സെമിനാരിക്കാരൻ

1988 -ൽ പന്ത്രണ്ടാമത്തെ വയസിൽ വൈദികാർത്ഥിയായി സെമിനാരിയിൽ ചേർന്നയാളാണ് ചാൾസ് എംബികോ. ഒരു വർഷത്തിന് ശേഷം സൗത്ത് സുഡാനിൽ നിന്നും സായുധ സംഘം തട്ടിക്കൊണ്ടുപോയവരിൽ ചാൾസും ഉണ്ടായിരുന്നു. അങ്ങനെ വിശുദ്ധ കുർബാന എടുക്കാൻ ആഗ്രഹിച്ച ആ കരങ്ങൾ ആയുധമെടുക്കാൻ നിർബന്ധിക്കപ്പെട്ടു. അതിനുള്ള പരിശീലനമായിരുന്നു അവിടെ ലഭിച്ചത്. എന്നാൽ, പിന്നീട് മോചിതനായ ശേഷവും പൗരോഹിത്യം എന്ന തന്റെ സ്വപ്നം അദ്ദേഹം കൈവെടിഞ്ഞില്ല. ഇന്നദ്ദേഹം അനേകർക്ക് പ്രതീക്ഷ പകരുന്ന വൈദികനാണ്. അറിയാം, പൗരോഹിത്യത്തിലേയ്ക്ക് വ്യത്യസ്ത വഴികളിലൂടെ ദൈവം നടത്തിയ ഒരു വ്യക്തിയുടെ ജീവിതം.

സെമിനാരി പഠനത്തിന്റെ ഒരു വർഷം പിന്നിട്ടപ്പോൾ ആണ് അദ്ദേഹത്തിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ച ആ സംഭവം ഉണ്ടായത്. അർദ്ധരാത്രിയിൽ വിമതരുടെ ഒരു ഗ്രൂപ്പ് ആളുകൾ ആയുധങ്ങളോടെ വന്ന് വാതിലിൽ മുട്ടി. വിമത ഗ്രൂപ്പുകൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് അറിവുണ്ടായിരുന്ന സെമിനാരി അധികൃതർ വാതിൽ തുറക്കാൻ മടിച്ചു. എന്നാൽ, പുറത്തുള്ളവർ നിസാരക്കാരായിരുന്നില്ല. വാതിൽ തുറന്നില്ലെങ്കിൽ എല്ലാവരെയും കൊലപ്പെടുത്തും എന്ന് ഭീഷണിയുണ്ടായി. അങ്ങനെ ഭീതിയോടെ അവർ വാതിൽ തുറന്നു. അവരുടെ റെക്ടർ ഉൾപ്പെടെ ചാൾസും മറ്റ് 40 സെമിനാരി വിദ്യാർത്ഥികളെയും അവർ ബന്ദികളാക്കി കൊണ്ടുപോയി.

തടവിൽ അവർക്ക് ലഭിച്ച ആദ്യത്തെ നിർദ്ദേശം “രക്ഷപ്പെടുവാൻ ശ്രമിക്കുന്നവരെ വെടിവച്ച് കൊല്ലും” എന്നതായിരുന്നു. മൂന്ന് മാസത്തേക്ക് ഈ കുട്ടികൾ വിമതരുടെ കർശനമായ സൈനിക പരിശീലനത്തിൻ കീഴിലായിരുന്നു. “ഞങ്ങൾക്ക് തവളകളെപ്പോലെ ചാടേണ്ടിവന്നു. എങ്ങനെ തോക്കുപയോഗിച്ച് ഷൂട്ട് ചെയ്യാം എന്ന് ഞങ്ങളെ അവിടെ പരിശീലിപ്പിച്ചു. ബുള്ളറ്റുകളിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും പരിശീലനം നൽകി” -ഫാ. ചാൾസ് വെളിപ്പെടുത്തി.

സ്വന്തം പിതാവിനെപ്പോലെ ആയുധത്തെ കാണണം. കാരണം, നിങ്ങൾക്ക് വേണമെന്ന് ആഗ്രഹിക്കുന്നതെന്തും തോക്ക് ഉപയോഗിച്ച് നേടാമെന്നും അവർ നിർദ്ദേശിച്ചു. ഫാദർ ചാള്‍സ്  പറയുന്നതനുസരിച്ച്, അവന്റെയും കൂട്ടുകാരുടെയും പ്രതീക്ഷയും സ്വപ്നങ്ങളും എല്ലാം നഷ്ട്ടപ്പെട്ട ദിനങ്ങളായിരുന്നു അത്. “വീട്ടിലേക്ക് പോകാമെന്ന പ്രതീക്ഷ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. സ്കൂളിലേക്ക് മടങ്ങാനുള്ള പ്രതീക്ഷയും പുരോഹിതരാകാനുള്ള പ്രതീക്ഷയും എല്ലാം ഞങ്ങൾക്ക് നഷ്ടപ്പെട്ടു.”

മോചിതനായെങ്കിലും അവരുടെ റെക്ടർ തിരിച്ചുപോയില്ല. ആ സെമിനാരിക്കാരോടൊപ്പം അദ്ദേഹം നിന്നു. പ്രതീക്ഷ നഷ്ട്ടപ്പെട്ട അവർക്ക് അദ്ദേഹത്തിന്റെ സാമിപ്യം കൂടുതൽ ഉണർവ് നൽകി. ആരൊക്കെ ഉപേക്ഷിച്ചാലും അവരെ സംരക്ഷിക്കാൻ ദൈവമുണ്ടെന്ന ചിന്ത അദ്ദേഹം ആ വിദ്യാർത്ഥികൾക്ക് പകർന്നു. അതവർക്ക് വലിയ ആശ്വാസമായിരുന്നു.

മാസങ്ങളുടെ തടവിനു ശേഷം മറ്റ് നാല് സെമിനാരിക്കാരോടൊപ്പം രക്ഷപ്പെടാനുള്ള വഴി അവരുടെ മുന്നിൽ തെളിഞ്ഞു. വളരെ അപകടകരമായ ആ യാത്രയിൽ ഭയാനകമായ ജീവികൾ ഉള്ള രണ്ട് നദികൾ അവർക്ക് കടക്കേണ്ടി വന്നു. അത്ഭുതകരമായി അവർ അതിൽ നിന്നും രക്ഷപെട്ടു. രക്ഷപ്പെട്ട അവർ യെ എന്ന പട്ടണത്തിലേക്ക് പോയി. അവിടെ സെമിനാരി പരിശീലനം പുനരാരംഭിച്ചു. എന്നാൽ, വിമതർ വീണ്ടും വരുമെന്നുള്ള വാർത്തകൾ വീണ്ടും കേട്ട് തുടങ്ങി. “അവർ ഞങ്ങളെ വീണ്ടും കണ്ടെത്തിയാൽ ഒന്നുകിൽ ഞങ്ങളെ കൊല്ലും. അല്ലെങ്കിൽ യുദ്ധം ചെയ്യാൻ ഞങ്ങളെ കൊണ്ടുപോകും. അതായിരുന്നു അവസ്ഥ” – അദ്ദേഹം കൂട്ടിച്ചേർത്തു.

വിമതരിൽ നിന്നും രക്ഷനേടാൻ സെമിനാരി റിമെൻസെയിൽ നിന്ന് നസാരയിലേക്ക് മാറി. എന്നിട്ടും അവർ അവിടം കണ്ടെത്തിയും ആക്രമിച്ചു. ഈ ഒരു സാഹചര്യത്തിൽ ഫാ. ചാൾസ് രാജ്യം വിട്ട് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് മാറി. മൂന്നുവർഷം അവിടെ താമസിച്ച അദ്ദേഹം വിദ്യാഭ്യാസം തുടരാൻ പിന്നീട് ഉഗാണ്ടയിലേക്ക് പോയി. “ഏകദേശം ഒമ്പത് വർഷത്തോളം ഞാൻ പ്രവാസിയായി ജീവിച്ചു. കാരണം, തിരിച്ച് സ്വന്തം നാട്ടിലെത്തിയാൽ അവർ ഞങ്ങളെ വീണ്ടും റിക്രൂട്ട് ചെയ്യുമോയെന്ന് ഞങ്ങൾക്ക് ഭയമായിരുന്നു.” -അദ്ദേഹം വെളിപ്പെടുത്തി.

സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം 2007-ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് വൈദികനായ ഫാ. ചാൾസ് തന്റെ പൗരോഹിത്യ ജീവിതത്തെയോർത്ത് ഇന്ന് ഏറെ സന്തോഷിക്കുന്നു. ഈ കഷ്ടപ്പാടുകളുടെ കാലമാണ് തന്റെ ദൈവവിളിയിൽ ഉറച്ചു നിൽക്കുവാൻ സഹായകരമായതെന്ന് ഈ വൈദികൻ ഇന്ന് ഉറച്ചു വിശ്വസിക്കുന്നു. റോമിലെ ഫിലോസഫി പഠനം പൂർത്തിയാക്കിയ ശേഷം ദക്ഷിണ സുഡാനിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് ഫാ. ചാൾസ്.

“എന്റെ രാജ്യം വലിയ പ്രശ്ങ്ങളിൽ ആണ്. അവിടെ എല്ലാവരും പരിഭ്രാന്തരാണ്. അതിനാൽ ഒരു പുരോഹിതനെന്ന നിലയിൽ, പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ധൈര്യം പകരുക എന്നത് എന്റെ ഉത്തരവാദിത്വമാണ്.” -ഫാ. ചാൾസ് പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.