ഒരു  ജപമാല അനുഭവ സാക്ഷ്യം

ക്ലിന്റൺ എൻ. സി. ഡാമിയൻ

ക്ലിന്റൺ എൻ. സി. ഡാമിയൻ

ഞാനൊരു വലിയ ജപമാല ഭക്തനല്ലായിരുന്നു. അഞ്ച് അംഗങ്ങളുള്ള കുടുംബമായതിനാൽ വീട്ടിൽ കുടുംബ പ്രാർത്ഥനയിൽ ജപമാലയിലെ ഒരു രഹസ്യത്തിന്റെ പത്തു മണി ചൊല്ലൽ എന്റെ നേതൃത്വത്തിലായിരിക്കും. ചിലപ്പോൾ ഉച്ചത്തിൽ അല്ലെങ്കിൽ പതുക്കെ. വേഗത്തിലോ സാവധാനത്തിലോ ആയ തലങ്ങളിൽ ജപമാല ചൊല്ലൽ അവസാനിക്കും. പലപ്പോഴും അമ്മ വന്നു വഴക്കു പറയും  ജപമാലയ്ക്ക് വരാതെ കവലയിൽ മുങ്ങി നടന്നാൽ.

പക്ഷേ ഒരു ചെറിയ അനുഭവം എന്നിലെ ഇത്തരം ചിന്തകളെ അപ്പാടെ തച്ചുടച്ചു കളഞ്ഞു. അനുഭവങ്ങളിൽ നിന്നാണല്ലോ മനുഷ്യർക്ക് മാനസാന്തരം ഉണ്ടാകുന്നത്. നിങ്ങളോട് പങ്കു വയ്ക്കുന്നതും ജപമാലയിലേയ്ക്ക് എന്നെ നയിച്ച എന്റെ ജീവിതാനുഭവങ്ങൾ തന്നെയാണ്. അത്തരത്തിലുള്ള രണ്ട് കുഞ്ഞ് അനുഭവങ്ങളാണ് നിങ്ങൾക്കു മുമ്പിൽ പങ്കുവയ്ക്കുന്നതും.

കഴിഞ്ഞ മാസമായിരുന്നു എറണാകുളം പാലാരിവട്ടത്തു വച്ച് കെസിബിസി മീഡിയാ – ബൈബിൾ കമ്മീഷനുകളുടെ ആഭിമുഖ്യത്തിൽ ലൂമെൻ 2018 എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം വർക്ക്ഷോപ്പ് സംഘടിപ്പിക്കപ്പെട്ടത്. കേരളത്തിലെ രൂപതകളിൽ നിന്നും  തിരെഞ്ഞടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. മൂന്നു ദിനങ്ങൾ ഷോർട്ട് ഫിലിമിന്റെ ബാലപാഠങ്ങൾ പകർന്നു നൽകപ്പെട്ടു. അവസാന ദിവസം ചെറിയൊരു പരീക്ഷണ ചിത്രം ഷൂട്ട് ചെയ്ത് കഴിയുമ്പോൾ സമയം വൈകുന്നേരം 5.30.

അടുത്ത ദിവസം ക്ലാസ്സിൽ എത്തണമെന്ന ചിന്ത തിരികെ വീട്ടിലേയ്ക്ക് അന്നു തന്നെ മടങ്ങണം എന്നു തന്നെ തീരുമാനിച്ചു. എറണാകുളത്തു നിന്ന് തിരുവനന്തപുരം വരെ ചെല്ലണം. അവിടെ നിന്നും കെഎസ്ആർടിസി മാത്രം സർവ്വീസ് നടത്തുന്ന വിഴിഞ്ഞം പൂവ്വാർ ബസ്സ് കേറി എന്റെ സ്വദേശവും തീരദ്ദേശഗ്രാമവുമായ വിഴിഞ്ഞത്ത് ഇറങ്ങണം.

അങ്ങനെ 6.30ന് വൈറ്റില ഹബ്ബിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ബസ്സ് കയറി. ബസ്സിലിരുന്നപ്പോഴും മനസ്സിൽ ആകുലതകൾ മാത്രം. തിരുവനന്തപുരത്തു നിന്നും വിഴിഞ്ഞത്തേയ്ക്കുള്ള അവസാന ബസ്സ് രാത്രി പതിനൊന്ന് മണിക്കാണ്. പിന്നെ അതിരാവിലെയുള്ളൂ. ഇടയ്ക്ക് ഫെയ്സ് ബുക്കിലും വാട്ട്സ്ആപ്പിലും പരതി നോക്കിയിരുന്നു. വന്ന കോളുകളോടു സംവദിച്ച്  കുറച്ചു നേരം കടന്നു പോയി. വീണ്ടും അവസാന ബസ്സ് ചിന്ത. കഴിഞ്ഞ വട്ടം കൃത്യം പതിനൊന്ന് മണിയ്ക്ക് കൃത്യം കിട്ടിയതാണ്. ഇത്തവണ നൂറു ശതമാനവും കിട്ടത്തില്ലെന്ന ഉറപ്പാണ്. നെഞ്ചിൽ കൈവച്ചീടുമ്പോൾ ജപമാലണികളിൽ തട്ടുന്നുണ്ടായിരുന്നു. പതിയെ ജപമാല കഴുത്തിൽ നിന്നും ഊരിയെടുത്ത് ചൊല്ലാൻ തുടങ്ങി. ഏറ്റവും പുറകുവശത്തെ സീറ്റിൽ ജപമാല ചൊല്ലി ഇടയ്ക്കൊക്കെ പുറത്തു നോക്കിയിരുന്നു. ആവർത്തിച്ചു ചൊല്ലിക്കൊണ്ടിരിന്നു.

കായംകുളം കഴിഞ്ഞ് കൊല്ലവും താണ്ടി ബസ്സ് അനന്തപുരിയുടെ മണ്ണിലെത്തി. സമയം രാത്രി  11.17 pm. തമ്പാനൂർ ബസ്സ് ടെർമിനലിൽ നിന്നും വിഴിഞ്ഞം ബസ് സ്റ്റോപ്പിലെയ്ക്ക് നടന്നു നീങ്ങി. ആ ബസ്സ്റ്റോപ്പിൽ പതിവില്ലാത്ത കുറച്ചു ആളുകൾ. എന്നെപ്പോലെ ബസ്സ് കിട്ടാതെ പോയവരായിരിക്കും. എന്നിരുന്നാലും അടുത്തു നിന്ന അമ്മച്ചിയോട് ‘പതിനൊന്ന് മണിയുടെ ബസ്സ് പോയി അല്ലേ’ എന്നു ചോദിച്ചു. ‘സമയം പതിന്നൊരയായിട്ടും ആ വണ്ടി ഇതുവരെ വന്നില്ലല്ലോടാ.’

അപ്പോൾ ചിന്ത വീണ്ടും മാറി.  ഇന്നാ ബസ്സുമില്ല. ജപമാലയും മുറുകെ പിടിച്ച് നിലത്ത് നോക്കി നിൽക്കുമ്പോൾ ഒരു ബസ്സ് ലൈറ്റും തെളിയിച്ച് കുതിച്ചു വരുന്നു. അതെ നാട്ടിലേയ്ക്കുള്ള ബസ്സ് തന്നെ. സീറ്റിലിരുന്ന് വൈകിയതിന്റെ ആലസ്യത്തിൽ മുഴുകിയിരിക്കുന്ന കണ്ടക്ടറിനെ നോക്കി ടിക്കറ്റെടുത്തു. വൈകിയതു കൊണ്ട് ആനവണ്ടി കുതിച്ചു പാഞ്ഞു. അവസാനം വീട്ടിലെത്തി. ജപമാല തിരികെ കഴുത്തിലേയ്ക്ക് ഇടുമ്പോഴും മനസ്സുനിറയെ നന്ദിയായിരുന്നു. അസാധ്യമെന്നു മനസ്സ് വിധിച്ചത് പ്രാർത്ഥനയിലൂടെ സാധ്യമാണെന്ന് പഠിപ്പിച്ചു തന്ന ജപമാല അനുഭവം.

ക്ലിന്റൺ എൻ. സി. ഡാമിയൻ

2 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.