ലേബർ ക്യാമ്പുകളിൽ വർഷങ്ങളോളം പീഡനങ്ങൾ അനുഭവിച്ച റിട്ടയേർഡ് ചൈനീസ് ബിഷപ്പ് അന്തരിച്ചു

സാംസ്കാരിക വിപ്ലവകാലത്ത് ലേബർ ക്യാമ്പുകളിൽ വർഷങ്ങളോളം കഴിയാൻ നിർബന്ധിതനാവുകയും ശിക്ഷ അനുഭവിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത ചൈനീസ് റിട്ടയേർഡ് ബിഷപ്പ്, സ്റ്റീഫൻ യാങ് സിയാങ്തായ് അന്തരിച്ചു. വിശ്വാസികൾക്കൊപ്പം നിൽക്കുകയും വത്തിക്കാൻ അംഗീകരിക്കുകയും സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ചൈനയിലെ സഭയിൽ അംഗമാകാതിരിക്കുകയും ചെയ്തതിനാണ് നീണ്ട 15 വർഷക്കാലം ലേബർ ക്യാമ്പുകളിൽ അദ്ദേഹത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നത്.

72 വർഷമായി ബിഷപ്പ് യാങ് കർത്താവിനോട് ശക്തമായ വിശ്വസ്തതയും എല്ലാവരോടും ദയയും ലാളിത്യവും തന്റെ ആട്ടിൻകൂട്ടത്തോടുള്ള അശ്രാന്തമായ സമർപ്പണവും പ്രകടമാക്കിയ വ്യക്തിയായിരുന്നു. 1922 നവംബർ 17 -ന് ഹെബെ പ്രവിശ്യയിലെ വുവാൻ നഗരത്തിലാണ് സ്റ്റീഫൻ യാങ് സിയാങ്തായ് ജനിച്ചത്. 1949 ആഗസ്റ്റ് 27 -ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, നിരവധി തവണ പോലീസിന്റെ പിടിയിൽപെടുകയും വർഷങ്ങളോളം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

1996 നവംബർ 30 -ന് അദ്ദേഹത്തെ സഹായമെത്രാനായി നിയമിക്കുകയും 1999 സെപ്റ്റംബർ 17 -ന് ഹന്ദന്റെ ബിഷപ്പായി നിയമിക്കപ്പെടുകയും ചെയ്തു. വത്തിക്കാൻ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കത്തോലിക്കാ സഭയിൽ നിന്നുകൊണ്ട് വിശ്വാസികളെ നയിച്ച അദ്ദേഹം, ചൈനീസ് ഭരണപാർട്ടിയുടെ കീഴിലുള്ള ക്രിസ്ത്യൻ സഭയിൽ ചേരാൻ വിമുഖത കാണിക്കുകയും എതിർക്കുകയും ചെയ്തു. ഇത് പലപ്പോഴും ഭരണാധികളുടെ കണ്ണിലെ കരടായി അദ്ദേഹത്തെ മാറ്റിയിരുന്നു.

ദൈവാലയങ്ങളും കുരിശുകളും ക്രിസ്തീയചിഹ്നങ്ങളും തകർക്കുന്ന ചൈനീസ് സർക്കാരിന്റെ നടപടിയെ അദ്ദേഹം ധീരതയോടെ എതിർക്കുകയും അപലപിക്കുകയും ചെയ്തിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് നിര്യാതനായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.