യേശുവിനെക്കുറിച്ച് ഒരു അപൂര്‍വ്വ ചലച്ചിത്രം “യേഷ്വാ”

മലയാളത്തിന്റെ ചലച്ചിത്ര സംവിധായകന്‍ ആന്റണി ആല്‍ബര്‍ട്ട് യേശുവിന്‍റെ ജീവചരിത്രം ചിത്രീകരിക്കാന്‍ ഒരുങ്ങുന്നു. മദ്രാസിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിക്കും മുന്‍പേ ആല്‍ബര്‍ട്ട് മനസ്സിലേറ്റി നടന്ന ഒരു സ്വപ്നമാണ് യേശുവിനെക്കുറിച്ചൊരു സിനിമ എന്നത്! മാനവരാശി കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ യേശുവിന്‍റെ ജീവിതം തനിമയാര്‍ന്ന ശൈലിയിലും, ബൈബിളിലെ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ചരിത്രസംഭവങ്ങളും കോര്‍ത്തിണക്കി ഒരു 3-ഡി ചിത്രം നിര്‍മ്മിക്കാനുള്ള തിരക്കഥയും സംഭാഷണവും ഇദ്ദേഹം ആവിഷ്ക്കരിച്ചു കഴിഞ്ഞു.

യേശു ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുടെ രാജ്യാന്തര തിരഞ്ഞെടുപ്പിനുശേഷം ഇറ്റലിയിലെ വിഖ്യാതമായ “ചിനെചിത്ത” (Cinecittà) – ഫിലിം സിറ്റിയുടെ ബൃഹത്തും അത്യാധുനിവുമായ കലാ-സാങ്കേതിക സംവിധാനങ്ങളെയും, അമേരിക്കന്‍ – യൂറോപ്യന്‍ താരങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ട് നിര്‍മ്മാണത്തിലേയ്ക്ക് നീങ്ങാനുള്ള യത്നത്തിലാണ് ഇപ്പോള്‍ ആന്റണി ആല്‍ബര്‍ട്ട്.

റോമിലെ വിഖ്യാതമായ “സിനിച്ചിത്ത”യുമായുള്ള നിര്‍മ്മാണ-ആസൂത്രണ ചര്‍ച്ചകള്‍ക്കായി റോമിലെത്തിയ ആല്‍ബര്‍ട്ടിന് ഫ്രാന്‍സിസ് പാപ്പയെ നേരില്‍ക്കണ്ട് തിരക്കഥയുടെ പകര്‍പ്പ് സമര്‍പ്പിക്കാനുള്ള ഭാഗ്യം ലഭിച്ചു. ആഗസ്റ്റ് 4-ാο തീയതി വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച വേദിയില്‍ വച്ചായിരുന്നു അത്. എതാനും നിമിഷങ്ങള്‍ തിരക്കഥയുടെ ഉള്ളടക്കത്തെക്കുറിച്ച് ആന്റണി, ഫ്രാന്‍സിസ് പാപ്പായുമായി സംസാരിച്ചു. വിശുദ്ധ ഗ്രന്ഥത്തോടും സഭാപാരമ്പര്യങ്ങളോടും വിശ്വസ്തത പുലര്‍ത്തുന്നതും എന്നാല്‍, പതിവ് ചേരുവകളില്‍ നിന്നും വ്യത്യസ്തവുമായ കാഴ്ചപ്പാടില്‍ യേശുവിനെ വരച്ചുകാട്ടുന്ന ചിത്രമാണ് ഇതെന്നും ഫ്രാന്‍സിസ് പാപ്പായുമായി പങ്കുവയ്ക്കാന്‍ സാധിച്ചത് ഒരു അനുഗ്രഹമായി കണക്കാക്കുന്നുവെന്നും ആന്റണി ആല്‍ബര്‍ട്ട് പറഞ്ഞു. തിരക്കഥയില്‍ കൈയ്യൊപ്പ് വച്ച പാപ്പാ, ആല്‍ബര്‍ട്ടിനെ സന്തോഷപുരസ്സരം ആശീര്‍വ്വദിക്കുകയും ചെയ്തു.

നസ്രായനായ യേശുവിന്‍റെ ഹെബ്രായ ഭാഷയിലെ “യേഷ്വാ” (Yeshua) എന്ന സംജ്ഞാനാമം തന്‍റെ സ്വപ്നസാക്ഷാത്ക്കാരമാകേണ്ട സിനിമയുടെ തനിമയുള്ള പേരായി മനസ്സിലേറ്റിയാണ് ആന്റണി ധനശേഖരണത്തിന്‍റെയും മറ്റ് ഒരുക്കങ്ങളുടെയും തിരക്കില്‍ മുന്നോ‌ട്ടുപോകുന്നത്. രണ്ട് സഹസ്രാബ്ദമപ്പുറമുള്ള കഥയുടെ ഛായാഗ്രഹണം, വേഷവിധാനങ്ങള്‍, രംഗസംവിധാനം, സംഗീതം എന്നിവയിലും ഒപ്പം ബൈബിള്‍ പടുക്കളുമായുള്ള വിഷയത്തിന്‍റെ സൂക്ഷ്മനിരീക്ഷണത്തിലും താന്‍ വ്യാപൃതനാണെന്ന് വത്തിക്കാന്‍റെ വാര്‍ത്താവിഭാഗം സന്ദര്‍ശിക്കവെ ആന്റണി ആല്‍ബര്‍ട്ട് പങ്കുവച്ചു.

വന്‍ മുടക്കുമുതലുള്ള ഈ 3-ഡി ചിത്രത്തിന്‍റെ നിര്‍മ്മാണവുമായി സഹകരിക്കാന്‍ സന്മനസുള്ള യുഎസ്-ലെ ലോസ് ആഞ്ചലസിലുള്ള നിക്ഷേപകരുടെയും അഭ്യുദയകാംക്ഷികളുടെയും സുഹൃത്തുക്കളുടെയും പക്കലേയ്ക്ക് നവംബര്‍ 7-ാο തീയതി പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.

“കണ്ണേ മടങ്ങുക” എന്ന ചലച്ചിത്രത്തിലൂടെ മലയാളത്തിനു ശ്രദ്ധേയനായ സംവിധായകനാണ് തിരുവനന്തപുരം സ്വദേശി ആന്റണി ആല്‍ബര്‍ട്ട്. ഇന്ത്യന്‍ പനോരമയില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. കൂടാതെ, മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും ഈ സിനിമ കരസ്ഥമാക്കുകയുണ്ടായി. അതുപോലെ “വാടാമല്ലി,” “ക്രോസ് റോഡ്” എന്നിവയും ആല്‍ബര്‍ട്ടിന്‍റെ നല്ല ചിത്രങ്ങളാണ്. ദേശീയ അംഗീകാരമുള്ള 10 സംവിധായകര്‍ ചേര്‍ന്നൊരുക്കിയ “ക്രോസ് റോഡ്” എന്ന ചെറുസിനിമകളുടെ കൂട്ടുചിത്രത്തില്‍ (cinematic anthology) ആന്റണി ആല്‍ബര്‍ട്ടിന്‍റെ “മുദ്ര”യുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.