ചങ്ങനാശേരി എസ് ബി കോളേജിലെ പഴയ കണക്ക് പ്രൊഫസർ, ഇനി കർത്താവിന്റെ പുരോഹിതൻ

സി. സൗമ്യ DSHJ

2009 മുതൽ 2013 വരെ ചങ്ങനാശേരി എസ് ബി കോളേജിൽ മാത്തമാറ്റിക്സ് പ്രൊഫസർ ആയിരുന്ന മുപ്പതു വയസുള്ള യുവാവ്. ഇനി അദ്ദേഹം കർത്താവിന്റെ അൾത്താരയിൽ  ബലിയർപ്പിക്കും. സമ്പത്തോ, ജോലിയോ, പദവിയോ, വിദ്യാഭ്യാസമോ ഒന്നും അദ്ദേഹത്തിന്റെ പൗരോഹിത്യവഴികളിൽ ഒരു തടസമായിരുന്നില്ല. എന്തിന്, തിയോളജി കാലഘട്ടത്തിൽ കടന്നുവന്ന കാൻസർ രോഗത്തിനും അദ്ദേഹത്തെ തളർത്താനായില്ല. 2021 ഡിസംബർ മുപ്പതിന് ഉച്ച കഴിഞ്ഞു 2.15 -ന് പുരോഹിതനായി അഭിഷിക്തനാകുന്ന ജിനു പുൽപ്പറമ്പിൽ സിഎംഐ – യുടെ ദൈവവിളി അനുഭവങ്ങളിലൂടെ…

സിഎംഐ സന്യാസ സമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിന്റെ ഭാഗമാണ് ഡീക്കൻ ജിനു. മാനന്തവാടി രൂപതയിലെ വെള്ളമുണ്ട സെന്റ് ജൂഡ് ഇടവക ദൈവാലയത്തിൽ വച്ചു നടക്കുന്ന ശുശ്രൂഷയിൽ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവിൽ നിന്നാണ് അദ്ദേഹം തിരുപ്പട്ടം സ്വീകരിക്കുന്നത്.

ബേബിയും ത്രേസ്യാമ്മയുമാണ് മാതാപിതാക്കൾ. പിതാവ് ബേബി, റിട്ടയർ മിലിട്ടറി ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയും ആയിരുന്നു. ജിഷ ഏക സഹോദരിയാണ്.

പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി

“ഞാൻ ദൈവവിളിയെക്കുറിച്ച് വളരെ സീരിയസ് ആയി ചിന്തിച്ച ഒരാളല്ലായിരുന്നു. എം ഫിൽ പൂർത്തിയാക്കി 2008 -ൽ പി എച്ച് ഡി ക്കായി ചേർന്നെങ്കിലും 2009 -ൽ കോളേജിൽ ജോലി ലഭിച്ചപ്പോൾ പി എച്ച് ഡി ഉപേക്ഷിച്ച് ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കോളേജിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ എസ് ബി കോളേജ് ഹോസ്റ്റലിന്റെ അസിസ്റ്റന്റ് വാർഡനും കൂടിയായിരുന്നു. നല്ല ജോലി കിട്ടാൻ വേണ്ടിയായിരുന്നു പഠിച്ചതു മുഴുവനും. ജോലി കിട്ടിക്കഴിഞ്ഞപ്പോൾ ‘ഇനി എന്ത്’ എന്നൊരു ചിന്ത എന്റെ മനസ്സിൽ ഉയർന്നു” – ഡീക്കൻ ജിനു പറയുന്നു.

കുടുംബജീവിതത്തിലേക്ക് ദൈവം തന്നെ വിളിക്കുന്നില്ല എന്നൊരു തോന്നൽ അന്നു മുതൽ തന്നെയുണ്ടായിരുന്നു. വൈദികനാകുക എന്ന ലക്ഷ്യമേ ജിനു ബ്രദറിന് അന്നൊന്നും ഉണ്ടായിരുന്നതുമില്ല.  എന്നാൽ, പതിയെപ്പതിയെ, പൗരോഹിത്യത്തിലേക്കാണ് ദൈവം തന്നെ വിളിച്ചിരിക്കുന്നത് എന്നൊരു ബോധ്യം അദ്ദേഹത്തിന് ലഭിച്ചു തുടങ്ങി. അങ്ങനെയാണ് സെമിനാരിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നത്.

ദൈവവിളിക്ക് അനുകൂലമായി നിലകൊണ്ട എസ് ബി കോളേജ് പരിസരം

പഠനകാലഘട്ടത്തിലൊന്നും ഒരു പുരോഹിതനാകാനുള്ള ആഗ്രഹം ഡീക്കൻ ജിനുവിന് ഉണ്ടായിരുന്നില്ല. എന്നാൽ, അദ്ദേഹത്തെക്കുറിച്ചുള്ള പദ്ധതിയൊരുക്കി ദൈവം കാത്തിരിപ്പുണ്ടായിരുന്നു.

ബ്രദർ ജിനു ഡിഗ്രി പഠനം പൂർത്തിയാക്കിയത് മാനന്തവാടി രൂപതയുടെ മേരി മാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ആയിരുന്നു. ചേർപ്പുങ്കലിൽ ഉള്ള ബി ബി എം ഹോളി ക്രോസ് കോളേജിൽ ആയിരുന്നു  എം എസ് സി പഠനം. ബി എഡ് പൂർത്തിയാക്കിയതാകട്ടെ, മാനന്തവാടിയിലുള്ള കണ്ണൂർ യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലും എം ഫിൽ ചെയ്തത് ട്രിച്ചിയിലും. അതിനു ശേഷമാണ് പി എച്ച് ഡി പഠനത്തിനായി പ്രവേശിക്കുന്നത്. ആ സമയത്താണ് കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിൽ ജോലി ലഭിക്കുന്നത്. അവിടെ രണ്ടു മാസം മാത്രമേ പഠിപ്പിച്ചുള്ളൂ. അതിനു ശേഷമാണ് ചങ്ങനാശേരി എസ് ബി കോളേജിൽ ജോലിയിൽ പ്രവേശിക്കുന്നത്.

ബ്രദർ ജിനുവിന്റെ ജീവിതത്തിൽ പൗരോഹിത്യം തിരഞ്ഞെടുക്കുന്നതിന് ആരെങ്കിലും മാതൃകയായിരുന്നോ എന്ന ചോദ്യത്തിന് മറുപടി, ‘ഇല്ല’ എന്നായിരുന്നു. എന്നാൽ, ചങ്ങനാശേരി എസ് ബി കോളേജും അതിന്റെ പരിസരങ്ങളുമെല്ലാം ജിനുവിനെ സംബന്ധിച്ച്, ഒരു ആത്മീയാന്തരീക്ഷം പ്രധാനം ചെയ്യുന്ന സ്ഥലങ്ങളായിരുന്നു. കോളേജിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ കോളേജിലെ ചാപ്പൽ, ചങ്ങനാശേരി പാറേൽ പള്ളി, മെത്രാപ്പോലീത്തൻ പള്ളി, സമീപത്തുള്ള മറ്റ് പള്ളികളിലുമൊക്കെ ഇടക്ക് സന്ദർശനം നടത്തുമായിരുന്നു. മാത്രമല്ല, എല്ലാ ദിവസവും വിശുദ്ധ കുർബാനയിലും സംബന്ധിക്കുമായിരുന്നു.

ഒരു വൈദികനാകണം എന്ന ഉദ്ദേശത്തോടെ ഒന്നുമായിരുന്നില്ല ഇതൊക്കെ. ജോലിയിൽ പ്രവേശിച്ച കാലഘട്ടം  മുതലേ വിശുദ്ധ കുർബാനക്ക് പോകുമായിരുന്നു. ഈ ആത്മീയാന്തരീക്ഷം ജിനുവിന്റെ ഉള്ളിലുള്ള ദൈവവിളിയെ തിരിച്ചറിയാൻ സഹായകമായി എന്നു മാത്രം.

2009 മുതൽ 2013 വരെയാണ് അദ്ദേഹം ചങ്ങനാശേരി എസ് ബി കോളേജിൽ അധ്യാപകനായി ജോലി ചെയ്തത്. അതിനു ശേഷമാണ് ലീവ് എടുത്ത് സെമിനാരിയിൽ പ്രവേശിക്കുന്നത്. അന്ന് അദ്ദേഹത്തിന് മുപ്പതു വയസാണ് പ്രായം.

സെമിനാരിയിലെ വൈദിക പരിശീലനം

2013 -ലാണ് ജിനു, സിഎംഐ സന്യാസ സമൂഹത്തിൽ വൈദിക പഠനത്തിനായി ചേരുന്നത്. 2014 ഡിസംബർ എട്ടിന് ആദ്യവ്രതം സ്വീകരിച്ചു. ആദ്യവ്രത സ്വീകരണത്തിനു ശേഷം അധികാരികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ചങ്ങനാശേരി എസ് ബി കോളേജിൽ മാത്തമാറ്റിക്സ് പ്രൊഫെസറായി വീണ്ടും ജോലിയിൽ പ്രവേശിച്ചു. അങ്ങനെ സെമിനാരി പഠനത്തിനിടയിൽ അധ്യാപകനായി വീണ്ടും ജിനു ബ്രദർ കോളേജിലേക്ക്.

2014 -ൽ തന്നെ സിഎംഐ -ക്കാരുടെ ദേവഗിരി കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ഒരു വർഷത്തോളം അവിടെ അധ്യാപകനായി തുടർന്നു. പിന്നീട് വീണ്ടും സെമിനാരിയിലെ പരിശീലന കാലഘട്ടം. 2016 -ൽ ഫിലോസഫി പഠനവും അതിനെ തുടർന്ന് തിയോളജിയും. ഫിലോസഫി, തിയോളജി പഠനം ബാംഗ്ളൂർ ധർമ്മരാം കോളേജിൽ ആയിരുന്നു.

‘ഇത്രയും ശമ്പളം മേടിച്ചിട്ട് ഒരു പത്തു രൂപ ചോദിച്ചിട്ട് കൊടുക്കാൻ നിനക്ക് ഇല്ലാതെ പോയോ?’

ഒരു വൈദികനാകാനുള്ള പ്രചോദനമൊന്നും ജിനുവിന് വീട്ടിൽ നിന്നും ലഭിച്ചിട്ടില്ല. എന്നാൽ, വിശ്വാസപരമായ കാര്യങ്ങളിലും മറ്റുള്ളവരെ സഹായിക്കുന്നതിനും നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിനുമുള്ള പ്രോത്സാഹനം ലഭിച്ചത് മാതാപിതാക്കളിൽ നിന്നു തന്നെയാണ്. ചെറുപ്പം മുതലേ, മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും കരുണ കാണിക്കാനുമൊക്കെയുള്ള പരിശീലനം വീട്ടിൽ നിന്നും ലഭിച്ചിരുന്നു. അത് പിന്നീട് ജീവിതവഴികളിൽ അദ്ദേഹത്തിന് കൂടുതൽ പ്രചോദനം നൽകി.

“എസ് ബി കോളേജിൽ ജോലി ചെയ്യുന്ന കാലഘട്ടം. ആദ്യമായി ജോലിയിൽ പ്രവേശിച്ചതിനാൽ കിട്ടുന്ന ശമ്പളമൊക്കെ സൂക്ഷിച്ചുവയ്ക്കുമായിരുന്നു. ഒരു ദിവസം ചങ്ങനാശേരി ടൗണിൽ കൂടി നടക്കുമ്പോൾ ചെറുപ്പക്കാരനായ ഒരു യുവാവ് അടുത്ത് വന്നു ചോദിച്ചു. “എനിക്ക് പത്തനംതിട്ടക്ക് പോകാൻ പത്തു രൂപാ തന്ന് സഹായിക്കുമോ?” ആ ചോദ്യം എന്നോടായിരുന്നെങ്കിലും ഞാൻ പണം കൊടുത്തില്ല. കാരണം, എനിക്ക് കിട്ടുന്ന പണം മുഴുവൻ നഷ്ടപ്പെടുത്താതെ സൂക്ഷിച്ചുവയ്ക്കണം എന്ന ചിന്തയായിരുന്നു മനസു നിറയെ. എന്നാൽ, വൈകുന്നേരം ആയപ്പോൾ എനിക്ക് ഭയങ്കര മനഃസാക്ഷിക്കുത്ത്. ഒരു പത്ത് രൂപ ചോദിച്ചിട്ട് എനിക്ക് കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന്.

വൈകുന്നേരം അമ്മ വിളിച്ചപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു: “എന്നോട് ഒരു മനുഷ്യൻ പൈസ ചോദിച്ചു. പക്ഷേ, ഞാൻ കൊടുത്തില്ല” എന്ന്.

അമ്മ ചോദിച്ചു: “നിന്നോട് എത്ര രൂപയാണ് ചോദിച്ചത്”

പത്ത് രൂപയാണെന്ന് ഞാൻ മറുപടി പറഞ്ഞു.

“നിനക്ക് എത്ര രൂപ ശമ്പളം കിട്ടുന്നുണ്ട്”

അന്ന് എനിക്ക് അരലക്ഷത്തിനു മേലെ ശമ്പളം ഉണ്ടായിരുന്നു. അതു പറഞ്ഞപ്പോൾ അമ്മ എന്നോട് ചോദിച്ചു:

“ഇത്രയും പണം ശമ്പളം മേടിച്ചിട്ട് ഒരു പത്തു രൂപ ചോദിച്ചിട്ട് കൊടുക്കാൻ നിനക്ക് ഇല്ലാതെ പോയോ?”

“അമ്മക്ക് ആ ചോദ്യം ചോദിക്കാൻ അവകാശമുണ്ടായിരുന്നു. കാരണം, ചെറുപ്പം മുതലേ മറ്റുള്ളവരെ സഹായിക്കാൻ പറഞ്ഞുതന്നതും മാതൃക നല്കിയതുമൊക്കെ അമ്മയായിരുന്നു. എന്നാൽ, എന്റെ കാര്യം വന്നപ്പോൾ എനിക്കത് ചെയ്യാൻ സാധിക്കാതെ പോയി” – ബ്രദർ ജിനു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഇന്നും ആ സംഭവം തെളിവോടെ നിൽക്കുന്നു.

ഇന്നും മറ്റുള്ളവരെ സഹായിക്കാൻ അവസരങ്ങൾ ലഭിക്കുമ്പോൾ ഈ സംഭവം അദ്ദേഹത്തിന്റെ മനസിലേക്ക് ഓടിയെത്തും. അതിനാൽ ഇപ്പോൾ ഇങ്ങനെയുള്ള സാഹചര്യങ്ങൾ വന്നാൽ, ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്യാറുമുണ്ട്.

മാതാപിതാക്കൾ പകർന്ന നല്ല ശീലങ്ങൾ

കൂടുതൽ സമയം ജിനുവും അമ്മയുമായിരുന്നു വീട്ടിൽ ഒന്നിച്ചുണ്ടായിരുന്നത്. കാരണം, പിതാവ് മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നതിനാൽ ജോലി സ്ഥലത്തായിരുന്നു. ആ സമയത്ത് സഹോദരി ജിഷ പഠിച്ചത് പാലാ അൽഫോൻസാ കോളേജിലും. അതിനാൽ വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു കൂടുതലും ഉണ്ടായിരുന്നത്.

വീട്ടിലായിരുന്ന സമയത്ത്, അവിടെ ആരു വന്നാലും ചായ കൊടുക്കുമായിരുന്നു. പാവപ്പെട്ടവരെന്നോ, പണക്കാരെന്നോ ഉള്ള വേർതിരിവൊന്നും അക്കാര്യത്തിൽ ഉണ്ടായിരുന്നില്ല. അമ്മ അദ്ദേഹത്തെ പഠിപ്പിച്ച ഒരു കാര്യമായിരുന്നു അത്.

ഒരിക്കൽ ഒരാൾ വീട്ടിൽ വന്നപ്പോൾ വീട്ടിൽ പാൽ ഉണ്ടായിട്ടും ജിനു കട്ടൻചായ ഉണ്ടാക്കിക്കൊടുത്തു. പാൽ, വൈകുന്നേരത്തെ ആവശ്യത്തിനു വേണ്ടിവരും എന്ന ചിന്തയോടെയാണ് പാൽ ഉപയോഗിച്ചുള്ള ചായ കൊടുക്കാതിരുന്നത്. അതു കണ്ട അമ്മ പറഞ്ഞു: “പാൽ ഉള്ളിടത്തോളം സമയം വരുന്നവർക്ക് പാൽ ഒഴിച്ചുള്ള ചായ കൊടുക്കണം. പാൽ തീർന്നാൽ മാത്രമേ കട്ടൻചായ കൊടുക്കാവൂ.”

ഇതൊക്കെ വീട്ടിൽ നിന്നും ചെറുപ്പത്തിൽ ലഭിച്ച ചില പരിശീലനങ്ങളുടെ ഭാഗമായിരുന്നെന്ന് അദ്ദേഹം ഇന്ന് ഓർക്കുന്നു. ചെറുപ്പം മുതലേ തുണി കഴുകാനും, ഭക്ഷണം കഴിച്ച ശേഷം സ്വന്തം പാത്രം കഴുകി വയ്ക്കാനുമൊക്കെയുള്ള പരിശീലനം നൽകിയിരുന്നു. അന്ന് അമ്മ തന്ന പരിശീലനം സെമിനാരിയിൽ വന്ന ശേഷം വളരെയധികം ഉപകാരപ്പെട്ടു എന്ന് ഇന്നദ്ദേഹം ഓർക്കുന്നു. അത്യാവശ്യം ഭക്ഷണം പാകം ചെയ്യാനും കാര്യങ്ങൾ തനിയെ ചെയ്യാനുമുള്ള പരിശീലനം വീട്ടിൽ നിന്നു തന്നെ അദ്ദേഹത്തിനു ലഭിച്ചിരുന്നു. സെമിനാരിയിൽ പോകുമെന്ന് വിചാരിച്ച് പഠിപ്പിച്ചതല്ല ഇതൊക്കെ. പക്ഷേ, പിന്നീട് ഇത് വളരെ സഹായകമാവുകയായിരുന്നു.

ഉറക്കം വരുന്നതിനു മുൻപേ തന്നെ ജപമാല ചൊല്ലണം എന്നത് അമ്മക്ക് നിർബന്ധമുള്ള കാര്യമായിരുന്നു. എവിടെയെങ്കിലും യാത്ര ചെയ്യുകയാണെങ്കിൽ വരുന്ന വഴിക്ക് തന്നെ ജപമാല ചൊല്ലാവാൻ അമ്മ പറഞ്ഞു തന്നിരുന്നു. ക്ഷീണിച്ച്, അലസമായി പ്രാർത്ഥിക്കാൻ അമ്മ സമ്മതിച്ചിരുന്നില്ല. ഉറങ്ങിക്കൊണ്ട് കൊന്ത ചൊല്ലാൻ പാടില്ല. ഉറക്കം വരുന്നുണ്ടേൽ പോയി കിടന്ന് ഉറങ്ങിക്കോളാനാണ് അമ്മ പറഞ്ഞിരിക്കുന്നത്.

വൈദികനാകണം എന്ന ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ

തനിക്ക് ഒരു വൈദികനാകാൻ പോകണമെന്ന തീരുമാനം ജിനു തിരിച്ചറിഞ്ഞു വീട്ടിൽ അറിയിച്ചത് മുപ്പതാമത്തെ വയസിലാണ്. സഹോദരിയുടെ വിവാഹവും വീട്ടിലെ മറ്റ് ഉത്തരവാദിത്വങ്ങളുമെല്ലാം ഏകദേശം കഴിഞ്ഞ സാഹചര്യം. വീട്ടിൽ ജിനു തന്റെ തീരുമാനം അറിയിച്ചപ്പോൾ ആദ്യം ആരും സമ്മതിച്ചില്ല. യാതൊരു വിധ അനുകൂല സാഹചര്യങ്ങൾ ഇല്ലാതിരുന്നിട്ടും ജിനു ഉറച്ചു വിശ്വസിച്ചു, ‘തന്നെ ദൈവം വിളിച്ചിരിക്കുന്നത് പൗരോഹിത്യത്തിലേക്കാണ്’ എന്ന്.

പരിശീലന കാലഘട്ടത്തിൽ ജിനു ബ്രദറിനേക്കാൾ പതിനഞ്ചോളം വയസ് പ്രായവ്യത്യാസമുണ്ടായിരുന്നു  സഹവൈദികാർത്ഥികൾക്ക്. പ്രായത്തിന്റെ വ്യത്യാസങ്ങളൊന്നും പരിശീലന കാലഘട്ടത്തിൽ അദ്ദേഹത്തിന് തടസമായിരുന്നില്ല. പഠിച്ചത് മാത്തമാറ്റിക്‌സ് ആയതിനാൽ ഡീക്കൻ ജിനുവിന് ഫിലോസഫി, തിയോളജി ഒക്കെ എങ്ങനെ പഠിച്ചെടുക്കും എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ, ദൈവത്തിൽ മാത്രം ആശ്രയിച്ച് മുൻപോട്ട് പോയി. അതു മാത്രമല്ല, ഫിലോസഫിക്ക് ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നു തന്നെ  ഒന്നാം റാങ്ക്. ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ് അവയൊക്കെ എന്നാണ് ഡീക്കൻ വിശ്വസിക്കുന്നത്.

തിയോളജി കാലഘട്ടത്തിൽ കടന്നുവന്ന കാൻസർ രോഗം

തിയോളജി പഠന കാലഘട്ടത്തിലാണ് കാൻസർ രോഗം ഡീക്കൻ ജിനുവിന്റെ തേടിയെത്തിയത്. അക്കാലഘട്ടത്തിൽ വൈദികരും മറ്റ് സെമിനാരിക്കാരും കരുത്ത് പകർന്നു. പ്രാർത്ഥനയിലൂടെ ബ്രദറിന് ശക്തി പകർന്നത് നിരവധി പേരാണ്. സന്യാസിനികളും വൈദികരും നിരവധി അത്മായരും പ്രാർത്ഥനയോടെ കൂടെ നിന്നു.

കാൻസറിന്റെ ആദ്യ ഘട്ടം ആയിരുന്നു – കിഡ്നിയെ ബാധിച്ച ട്യൂമര്‍. കാൻസറിന്റെ ഓപ്പറേഷൻ സമയത്ത് എല്ലാവരും സപ്പോർട്ട് നൽകി. രോഗം ബാധിച്ചതിനാൽ സെമിനാരിയിൽ തുടരാൻ സാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും എല്ലാവരും ധൈര്യം നൽകി ചേർത്തുപിടിച്ചു. ഓപ്പറേഷനു ശേഷം രോഗം പൂർണ്ണമായി മാറി. ഇപ്പോൾ മരുന്നുകൾ പോലും കഴിക്കേണ്ട. ഓപ്പറേഷനു ശേഷം സ്കാൻ ചെയ്ത ഡോക്ടർമാർ പറഞ്ഞത്, അവിടെ അങ്ങനെയൊരു ട്യൂമര്‍ ഉണ്ടായിരുന്നു എന്നുപോലുമുള്ള ലക്ഷണങ്ങൾ ഇല്ല എന്നാണ്. എങ്കിലും ഇടയ്ക്കിടെ പരിശോധനകൾ നടത്താറുണ്ട്.

“രോഗത്തിന്റെ സമയത്ത് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ഈശോ എന്നെ നയിക്കുകയായിരുന്നു. അനേകർ പ്രാർത്ഥിച്ചു ശക്തിപ്പെടുത്തുന്ന അനുഭവം എനിക്ക് ഇക്കാലഘട്ടത്തിൽ ഉണ്ടായിരുന്നു. ഒരു ചേച്ചി എനിക്കു വേണ്ടി പ്രാർത്ഥിച്ച ശേഷം എന്റെ അമ്മയോട് പറഞ്ഞു. “മാതാപിതാക്കളുടെ കാലശേഷം ഒരു പെങ്ങൾ മാത്രമല്ലേ ബ്രദറിനു വേണ്ടി പ്രാർത്ഥിക്കാനുള്ളൂ. ബ്രദറിനു വേണ്ടി പ്രാർത്ഥിക്കാൻ ഈശോ എനിക്ക് പ്രചോദനം നൽകിയിട്ടുണ്ട്” എന്ന്. പ്രാർത്ഥനയിലൂടെയും കരുതലിലൂടെയും നിരവധി പേരുടെ സപ്പോർട്ട് ഈ പരിശീലന കാലഘട്ടത്തിൽ എനിക്കുണ്ടായിരുന്നു – ഡീക്കൻ വെളിപ്പെടുത്തുന്നു.

“നിങ്ങളുടെ ഉള്ളിലുള്ളവർ ലോകത്തിലുള്ളവരേക്കാൾ വലിയവനാണ്” (1 യോഹ. 4:4) ഉള്ളിൽ ദൈവം വസിക്കുന്നു എന്ന തിരിച്ചറിവ് മനസ്സിൽ സൂക്ഷിക്കുക. ആ ദൈവസാന്നിധ്യത്തെ അവബോധത്തോടെ മനസിലാക്കുക” – തിരുപ്പട്ട ശുശ്രൂഷയുടെ ഈ നാളുകളിൽ ഡീക്കൻ ജിനുവിന് പറയാനുള്ളത് ഇതു മാത്രമാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.