തീയേറ്റർ പഠനവും പരിശീലനവുമായി ഒരു വൈദികൻ 

ഐശ്വര്യ സെബാസ്റ്റ്യൻ

“വെയിലാണ്; പുറത്തുപോയി കളിക്കേണ്ട. പാട്ടും ഡാൻസും ഒന്നും വേണ്ട; പഠിച്ചാൽ മതി” എന്നിങ്ങനെ മാതാപിതാക്കളുടെ നിരന്തരമുള്ള വാക്കുകൾ കേട്ട് മടുത്തവരാണ് ഇന്നത്തെ തലമുറയിലെ കുട്ടികൾ. എന്നാൽ കലകളുടെ പഠനവും അഭ്യസനവും നൽകുന്ന ക്രിയാത്മക കഴിവുകൾ നൽകാൻ ഒരു പുസ്തകത്തിനും ട്യൂഷനും കഴിയില്ലെന്നത് ഇന്നത്തെ മാതാപിതാക്കൾ മനസിലാക്കുന്നില്ല. പഠനത്തോടൊപ്പം എന്റർടൈൻമെന്റ് ആയി കുട്ടികൾക്കു നൽകേണ്ടത് മൊബൈൽ ഫോണോ, വീഡിയോ ഗെയിമുകളോ അല്ല; പിന്നെയോ കലകളുടെ ലോകമാണ്.

കലകളുടെ ഈ പ്രാധാന്യം തിരിച്ചറിഞ്ഞ ഒരു വൈദികനാണ് എം.എസ്.റ്റി. സമൂഹാംഗമായ ഫാ. ഡായ് കുന്നത്ത്‌. പതിനൊന്നു വർഷമായി എറണാകുളത്തെ മിഷൻ അനിമേഷൻ ആൻഡ് കമ്യൂണിക്കേഷന്‍ സെന്ററായ ‘ഇമ്പാക്ടി’ലെ സജീവ സാന്നിധ്യമാണ് ഈ വൈദികൻ.

അഭിനയമോഹമുണർത്തിയ ബാല്യം  

ആറാം ക്‌ളാസിൽ പഠിക്കുമ്പോളാണ് ഡായ് എന്ന ബാലൻ ആദ്യമായി ഒരു തെരുവുനാടകത്തിൽ അഭിനയിക്കുന്നത്. തനിക്കും അഭിനയിക്കാനുള്ള കഴിവുണ്ടെന്ന് അന്നവൻ തിരിച്ചറിയുകയായിരുന്നു. ഇടവകയിൽ നിന്നുള്ള ഈ മത്സരത്തിന് രൂപതാതലത്തിൽ വരെ വിജയം നേടാൻ കഴിഞ്ഞത് ഡായി എന്ന ബാലനെ സന്തോഷവാനാക്കി. തന്നിൽ ഒരു കലാകാരൻ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് ഡായ് മനസിലാക്കിയ നിമിഷങ്ങളായിരുന്നു അത്. മുന്നോട്ടുള്ള തന്റെ ജീവിതത്തിൽ തന്നിലെ കലാകാരനെയും അദ്ദേഹം വളർത്തി.

സെമിനാരിയിലെ നാടകകൃത്ത് 

സ്കൂൾ പഠനകാലത്തിനു ശേഷം വൈദികനാകാനുള്ള തീവ്ര അഭിലാഷത്തിൽ ഡായ് സെമിനാരിയിൽ പ്രവേശിച്ചു. സെമിനാരി പഠനകാലം, തന്നിലെ കലാകാരനേയും രൂപപ്പെടുത്തുകയായിരുന്നുവെന്നാണ് ഫാ. ഡായ് പറയുന്നത്. തന്റെ പന്ത്രണ്ടു വർഷത്തെ സെമിനാരി പരിശീലന കാലത്ത് അനവധി നാടകങ്ങൾ രചിക്കാനും സംവിധാനം ചെയ്യാനും ആ വൈദികാർത്ഥിക്ക് അവസരം ലഭിച്ചു.

തിയേറ്റർ പഠിച്ച വൈദികൻ 

വൈദിക പരിശീലന കാലത്ത്, ‘തൃശൂർ സ്കൂൾ ഓഫ് ആർട്ടി’ൽ ചേർന്ന് തീയേറ്റർ പഠനം നടത്താനുള്ള അവസരം ലഭിച്ചത് അദ്ദേഹത്തെ സംബന്ധിച്ച് വലിയ ഒരു കാര്യമായിരുന്നു. സെമിനാരിയിൽ നിന്നും തീയേറ്റർ പഠനം നടത്തിയ ഏക വ്യക്തിയായിരുന്നു ഡായ്. സെമിനാരിയിൽ, നാടകാഭിനയത്തോട് താല്പര്യമുള്ള സഹപാഠികൾ ഉണ്ടായിരുന്നെങ്കിലും, തീയേറ്ററിനോട് പാഷനുള്ള കൂട്ടുകാർ ഇല്ലായിരുന്നെന്ന് ഫാ. ഡായ് ഇപ്പോഴും ഓർക്കുന്നു.

തുടർന്ന് പോണ്ടിച്ചേരിയിൽ നിന്നും മാസ്റ്റർ ഓഫ് പെർഫോമിംഗ് ആർട്സിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദം നേടി. തുടർന്നുള്ള ഫാ. ഡായിയുടെ ജീവിതം തീയേറ്റർ പരിശീലകന്റെയും പെർഫോർമറുടേതുമായിരുന്നു. ഇതിനിടയിൽ രണ്ട്‌ രാജ്യാന്തര നാടകങ്ങളിലും അഭിനയിക്കാൻ ഫാ. ഡായിക്ക് അവസരം ലഭിച്ചു.

തീയേറ്റർ പഠിപ്പിക്കുന്ന വൈദികൻ 

ഒരു വൈദികൻ എന്നതിനൊപ്പം ‘വൈദികനായ തിയേറ്റർ ആർട്ടിസ്റ്റ്’ എന്ന പേരിലാണ് ഫാ. ഡായിയെ പൊതുജനവും സഹവൈദികരും അറിയുന്നത്. ഒരു വൈദികൻ ആയതുകൊണ്ടു തന്നെ, സ്കൂളൂകളിലും കോളേജുകളിലും ഇടവകകളിലും സെമിനാരികളിലും വിലക്കുകളില്ലാതെ പ്രവേശനമുണ്ടെന്നത് ഫാ. ഡായിക്ക് കൂടുതൽ അവസരങ്ങൾ സമ്മാനിച്ചു.

ജീവിതം ഭാവാത്മകമായ രീതിയിൽ സന്തോഷിക്കാനും ആഘോഷിക്കാനും ഉള്ളതാണ്. ഈ തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവേണ്ടതാണെന്നും എങ്കിൽ മാത്രമേ വിഷാദരോഗങ്ങളെ അതിജീവിക്കാൻ നമുക്ക് സാധിക്കുകയുള്ളൂവെന്നും ഫാ. ഡായ് പറയുന്നു. “മതബോധന ക്ലാസുകളോട് പല കുട്ടികൾക്കും ഇന്ന് താല്പര്യമില്ല. അതിനു കാരണം അവിടെ കലയോ, കുട്ടികളെ ആക്റ്റീവായി നിർത്തുന്ന പ്രവർത്തികളോ ഇല്ലാത്തതാണ്. പല കുട്ടികളും അവരുടെ കഴിവുകളെക്കുറിച്ച് അജ്ഞരാണ്. ദേവാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളും മതബോധന ക്ലാസുകളും കലകൾക്കും കൂടുതൽ പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു. കലാപ്രകടനങ്ങൾക്കും പഠനത്തിനും അവസരം കുട്ടികൾക്ക് നൽകിയാൽ തീർച്ചയായും അവർ മടി കൂടാതെ ദേവാലയകാര്യങ്ങൾക്ക് എത്തിച്ചേരും” – ഫാ. ഡായ് പറയുന്നു.

പുൽക്കൂട് എന്ന സംസ്കാരം   

പണ്ടൊക്കെ പുൽക്കൂട് ഉണ്ടാക്കൽ കുട്ടികൾക്ക് ഒരു ആഘോഷമായിരുന്നു. ഫാ. ഡായ് തന്റെ ബാല്യകാലത്ത് കൂട്ടുകാർക്കൊപ്പം കൂടി പുൽക്കൂട് ഉണ്ടാക്കാവുന്ന പുതിയ രീതികൾ ആലോചിക്കുകയും അത് പരീക്ഷിക്കുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ അത് വഴക്കുകളിലാവും അവസാനിക്കുക. എന്നാൽ ആ വഴക്കുകൾ പരിഹരിക്കുന്നതിലൂടെ തങ്ങളുടെ സർഗാത്മകതയും ഉണരുമായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.

എന്നാൽ ഇന്ന് ആ പാരമ്പര്യമൊക്കെ അന്യം നിന്നുപോയിരിക്കുന്നുവന്നത് ഈ വൈദികനെ വല്ലാതെ വേദനിപ്പിക്കുന്നു. റെഡിമെയ്ഡ് പുൽക്കൂടുകളും ക്രിസ്തുമസ് ട്രീകളും ഇന്ന് കടകളിൽ സുലഭമാണ്. വീടുകൾ റെഡിമെയ്ഡ് സാധനങ്ങൾ കൊണ്ട് നിറയുമ്പോൾ നശിക്കുന്നത് നമ്മുടെ കുട്ടികളുടെ സർഗാത്മകതയാണെന്ന് മാതാപിതാക്കൾ മറക്കുകയാണെന്നത് ഒരു കലാപരിശീലകൻ എന്ന നിലയിൽ ഫാ. ഡായിയെ സങ്കടപ്പെടുത്തുന്നു.

മുത്തശ്ശിക്കഥകളും കുട്ടികളും 

പണ്ടൊക്കെ വല്യമ്മമാർ കഥ പറഞ്ഞുകൊടുക്കുന്ന രീതി തന്നെ കുട്ടികളെ പിടിച്ചിരുത്തുന്നവ ആയിരുന്നു. ‘ഒരിടത്ത് ഒരിടത്ത്…’ എന്നൊക്കെ പറയുമ്പോൾ കുട്ടികളുടെ മുഖത്തു പോലും ഒരു ജിജ്ഞാസ ഉണ്ടാകുമായിരുന്നു. അതിനു കാരണമോ, കഥ പറയുമ്പോഴുള്ള വല്യമ്മമാരുടെ മുഖഭാവം തന്നെ. അങ്ങനെ കുട്ടികൾ ചില രൂപങ്ങൾ അവരുടെ മനസ്സിൽ മെനയുമായിരുന്നു. ഭൂതം എന്നു പറയുമ്പോൾ കൊമ്പും നീളൻ പല്ലുമുള്ളൊരു രൂപമായിരിക്കില്ലേ ഇന്നും നമ്മുടെ മനസ്സിൽ വരുക? അതിന്റെ കാരണം നമ്മുടെ വല്യമ്മമാരുടെ കഥ പറച്ചിൽ തന്നെ. ഈ നിസ്സാര ജീവിതരീതിയിലൂടെ പോലും നമ്മുടെ കുട്ടികളുടെ സർഗാത്മകത വർദ്ധിക്കുമായിരുന്നുവെന്ന് ഫാ. ഡായ് പറയുന്നു.

എന്നാൽ ഇന്നത്തെ അണുകുടുംബ സമ്പ്രദായത്തിൽ കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കാനോ, അവരോട് സംസാരിക്കാനോ മാതാപിതാക്കൾക്കു സമയമില്ല. അതിനു പകരം അവർ കുട്ടികൾക്ക് വീഡിയോ ഗെയിമുകളും മൊബൈൽ ഫോണുകളും ഇന്റർനെറ്റ് കണക്ഷനുമൊക്കെ നൽകുന്നു. അതിൽ പരതുന്ന ഇന്നത്തെ കുട്ടികൾ ആക്രമണസ്വഭാവം കാണിക്കുന്നതിൽ തെല്ലും അത്ഭുതപ്പെടാനില്ല. കാരണം അവർക്ക് പരിചയം രാജാവിനെയോ, രാജ്ഞിയെയോ അല്ല. പിന്നെയോ തോക്കും വെടിവയ്പ്പും റേസിങ്ങുമാണ്.

തീയേറ്ററും ടീച്ചേഴ്സും   

പല സ്കൂളൂകളിലും ഫാ. ഡായ് തിയേറ്റർ പരിശീലിപ്പിക്കാൻ പോകാറുണ്ട്. അവിടെ വച്ച് പല അധ്യാപകരും തന്നോട് ഇങ്ങനെ പറഞ്ഞതായി ഫാദർ ഓർക്കുന്നു – “എനിക്ക് നല്ല ഒരു ടീച്ചർ ആകണമെന്നുണ്ട്. പക്ഷേ, സാധിക്കുന്നില്ല.”

നല്ല ഒരു അധ്യാപിക/ അധ്യാപകൻ ആകണമെങ്കിൽ ആദ്യം പഠിപ്പിക്കുന്ന കുട്ടികളുടെ മനസ്സിൽ കയറിപ്പറ്റാൻ സാധിക്കണം. അല്ലാതെ പഠിപ്പിക്കുന്ന വിഷയമല്ല ആദ്യം കയറേണ്ടതെന്ന് ഡായിഅച്ചന്‍ പറയുന്നു. അതിനായി അധ്യാപകർ ആദ്യം കുട്ടികളെ മനസിലാക്കണം. കളർ തെറാപ്പി അതിനു സഹായകമാണെന്ന് അദ്ദേഹം പറയുന്നു.

കുട്ടികളോട് തങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ഒരു കളർ തിരഞ്ഞെടുക്കാൻ ആദ്യം പറയുക. അവർ തിരഞ്ഞെടുക്കുന്ന കളറിലൂടെ അവരുടെ സ്വഭാവം, പെരുമാറ്റം എന്നിവയൊക്കെ തിരിച്ചറിയാൻ സാധിക്കും. തൊണ്ണൂറു ശതമാനം വരെയുള്ള കാര്യങ്ങൾ ഇങ്ങനെ മനസിലാക്കാൻ സാധിക്കുമെന്നത് തന്റെ അനുഭവമാണെന്ന് ഫാ. ഡായ് പറയുന്നു.

കുട്ടികളെ മനസിലാക്കാൻ ഇങ്ങനെ പല വഴികളുമുണ്ട്. എന്നാൽ അധ്യാപകരും മാതാപിതാക്കളും അവരെ പുസ്തകത്തിൽ മാത്രം ഒതുക്കാൻ നോക്കുമ്പോഴാണ് അവർ അഡിക്ഷൻസിലേക്കും അക്രമ മനോഭാവത്തിലേക്കും നീങ്ങുന്നതെന്ന് ഫാ. ഡായ് ഉറപ്പിച്ചു പറയുന്നു.

തീയേറ്റർ വർഷോപ്പുകളിൽ സജീവമായി ഫാദർ 

ഹൈപ്പർ ആക്റ്റീവ് ആയിട്ടുള്ള കുട്ടികൾക്കും ഓട്ടിസ്റ്റിക് ആയിട്ടുള്ള കുട്ടികൾക്കും ഫാ. ഡായ് വർഷോപ്പുകൾ നടത്താറുണ്ട്. പലപ്പോഴും വർഷോപ്പുകൾക്കു ശേഷം അവരിൽ വരുന്ന മാറ്റം കണ്ട ഫാദർ പലപ്പോഴും അമ്പരന്നുപോയിട്ടുണ്ട്. ഹൈപ്പർ ആക്റ്റീവ് കുട്ടികൾ തിയേറ്റർ ഗെയിമുകളിലൂടെ അച്ചടക്കമുള്ളവരായി മാറുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ കാലത്തും ഓൺലൈൻ തീയേറ്റർ വർഷോപ്പുകളുമായി അച്ചന്‍ രംഗത്തുണ്ടായിരുന്നു. തുടക്കത്തിൽ വീഡിയോ ഓൺ ചെയ്ത് ക്ലാസിലിരിക്കാൻ പലരും മടി കാണിച്ചിരുന്നു. എന്നാൽ ഒന്ന്, രണ്ട് സെഷനുകൾക്കു ശേഷം പറയാതെ തന്നെ പലരും വീഡിയോ ഓൺ ചെയ്തു തുടങ്ങി.

തീയേറ്റർ പോലുള്ള കലകൾ എത്ര പെട്ടെന്നാണ് മനുഷ്യന്റെ ചിന്തകളിലും പ്രവർത്തികളിലും മാറ്റം സൃഷ്ടിക്കുന്നതെന്ന് ഡായിഅച്ചന്‍ പറയുന്നു. തങ്ങളുടെ കഴിവുകൾ തിരിച്ചറിയുന്നിടത്ത് ഒരുവന്റെ വളർച്ച തുടങ്ങുകയാണെന്ന സത്യം ഈ വൈദികൻ തിരിച്ചറിയുന്നു.

തോപ്പിൽ ഇടവകയിലെ അനുഭവം 

ഇടവകകളിലും തീയേറ്റർ പരിശീലനത്തിനായി പോകാറുണ്ട്. തോപ്പിൽ ഇടവകയിലെ ഒരു മാസം നീണ്ടുനിന്ന തീയേറ്റർ പരിശീലനം ഓർമ്മയിൽ ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നു. യുവജനങ്ങളും കുട്ടികളും മാതാപിതാക്കളും വളരെ ഉത്സാഹത്തോടെയാണ് ഈ തീയേറ്റർ പരിശീലനത്തിൽ പങ്കുചേർന്നത്. പരിശീലനത്തിനു ശേഷം ഒന്നര മണിക്കൂർ നീളുന്ന ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഇടവകക്കാർ നടത്തി. അതിന്റെ മുഴുവൻ കാര്യങ്ങളും അവർ തനിയെ നടത്തിയെന്നത് ഫാ. ഡായിയെ കൂടുതൽ സന്തോഷവാനാക്കി. അവർ ഒരു ഷോർട് ഫിലിമും ഇതിനോടകം റിലീസ് ചെയ്‌തുകഴിഞ്ഞുവെന്ന കാര്യം വളരെ അഭിമാനത്തോടെയാണ്‌ അദ്ദേഹം പറയുന്നത്.

തീയേറ്റർ സ്ഥിരപരിശീലകനായി ഫാ. ഡായ് 

സ്ഥിരമായി സെമിനാരികളിലും ബി.എഡ് കോളേജുകളിലും പരിശീലനത്തിനായി പോകാറുണ്ട്. തീയേറ്റർ പരിശീലനത്തിന്റെ ഫലമായി പല വൈദികരും സിസ്റ്റേഴ്സും കലയുടെ ലോകത്തേക്ക് ചുവടു വച്ചിട്ടുണ്ട്.

ഒരിക്കലും ആർക്കും നാടകങ്ങൾ എഴുതി സംവിധാനം ചെയ്തുകൊടുക്കാറില്ല. പകരം അവരെ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കും. എങ്കിൽ മാത്രമേ അവരുടെ സർഗാത്മകത വർദ്ധിക്കൂ എന്ന് അച്ചന്‍ അടിവരയിട്ടു പറയുന്നു. ബൈബിൾ അധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നാടകങ്ങൾ മാത്രമേ അച്ചന്‍ ചെയ്യാറുള്ളൂ. കലകളിലൂടെയും ദൈവാരാജ്യപ്രഘോഷണം സാധ്യമാണെന്ന് ഫാ. ഡായിയുടെ ജീവിതം തെളിയിക്കുന്നു.

വീണ്ടും മിഷനിലേയ്ക്കും പഠനത്തിലേയ്ക്കും 

ജനുവരിയിൽ ഫാദർ ഡായ് ഡൽഹി മിഷനിലേയ്ക്ക് യാത്രയാവുകയാണ്. മിഷൻ പ്രവർത്തനത്തിനൊപ്പം ‘നാഷണൽ സ്കൂൾ ഓഫ് ഡ്രാമ’യിൽ പഠനവും ലക്ഷ്യമാക്കുന്നുണ്ട്. മനുഷ്യനന്മയും ദൈവമഹത്വവും കലകളിലൂടെ നൽകാനും നേടാനും ആഗ്രഹിക്കുന്ന ഈ ‘വൈദികനായ തിയേറ്റർ ആർട്ടിസ്റ്റി’ന് ലൈഫ് ഡേ യുടെ ആശംസകൾ!

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.