മഹാമാരിയിൽ വിശ്വാസികൾക്ക് പ്രതീക്ഷയുമായി ബ്രസീലിന്റെ തെരുവോരങ്ങളിലൂടെ ഒരു വൈദികൻ

ബ്രസീലിലെ ബോറോമിയോയിലെ ഇമ്മാക്കുലേറ്റ് കോൺസെപ്ഷൻ ആൻഡ് സാൻ കാർലോ ദൈവാലയത്തിലെ വികാരിയച്ചനാണ് ഫാ. ബ്രൂസ് ഈഡർ ദോ. കോവിഡ് മൂലം ദൈവാലയങ്ങൾ അടച്ചിട്ടപ്പോൾ വിശുദ്ധ കുരിശുമായി തെരുവോരങ്ങളിലൂടെ ആശീർവ്വാദവുമായി വിശ്വാസികളുടെ ഇടയിലേക്കെത്തുകയാണ് ഈ വൈദികൻ. അദ്ദേഹം കണ്ടുമുട്ടുന്ന വിശ്വാസികൾക്ക് ആശീർവ്വാദം നൽകിക്കൊണ്ട് വിശ്വാസത്തെ മുറുകെപ്പിടിക്കാൻ അവരെ ആഹ്വാനം ചെയ്യുകയാണ് ഇദ്ദേഹം.

അതിനായി സമൂഹമാധ്യമങ്ങളുടെ സഹായവും ഈ വൈദികൻ തേടുന്നു. ഇടവകയുടെ ഫേസ് ബുക്ക് പേജിൽ വൈദികൻ വിശുദ്ധ കുരിശിനാൽ ആശീർവാദവുമായി പോകുന്ന സമയം പ്രസിദ്ധപ്പെടുത്തും. തങ്ങളുടെ ഇടയനെ കാണുന്നതിനോ ആശീർവ്വാദം സ്വീകരിക്കുന്നതിനോ ആ സമയം ആളുകൾക്ക് തെരുവോരങ്ങളിൽ നിൽക്കാം.

ഇത്തരത്തിലൊരു സംവിധാനം തുടങ്ങിയതിനു പിന്നിൽ ഒരു സംഭവമുണ്ട്. “ചാപ്പലിൽ പ്രഭാതപ്രാർത്ഥനയ്ക്കായി പള്ളിമുറിയിൽ നിന്ന് മാതൃ ഇടവകയിലേക്ക് പോകുന്ന വഴിയിൽ വച്ച് മോട്ടോർ സൈക്കിളിൽ കടന്നുപോകുന്ന ഒരു ചെറുപ്പക്കാരൻ എന്റെ അടുക്കൽ വന്ന് വണ്ടി നിർത്തി ആശീർവ്വാദം ചോദിച്ചു. ആശീർവ്വാദം നൽകിയപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞ വാചകം എന്റെ ഹൃദയത്തിൽ കൊണ്ടു. ‘എന്തു തന്നെയായാലും കർത്താവിനെ വഴിയിൽ വച്ച് കണ്ടുമുട്ടാൻ എനിക്ക് സാധിച്ചു. അതുകൊണ്ട് എനിക്ക് അനുഗ്രഹം ലഭിച്ചു’ – ആ ചെറുപ്പക്കാരൻ പറഞ്ഞു; ഫാ. ബ്രൂസ് ഓർത്തെടുത്തു. ആ യുവാവിന്റെ മുഖവും വാക്കുകളും ആ വൈദികന്റെ ഹൃദയത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. അങ്ങനെയാണ് ഇങ്ങനെയൊരു കാര്യം ചെയ്യാനായി പദ്ധതിയിടുന്നത്.

“ഇത് ദൈവത്തിന്റെ പ്രചോദനമാണ്. ഇത് അവിടുത്ത ഹിതമാണ്. നഗരത്തിലെ തെരുവോരങ്ങളിലൂടെ നടക്കുന്നത് ക്രിസ്തുവാണ്. പുരോഹിതൻ അവന്റെ ഉപകരണം മാത്രമാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു പകർച്ചവ്യാധിയെ ഓർത്ത് എല്ലാവർക്കും ഭയവും ആശങ്കയുമാണ്. നിരവധി കുടുംബങ്ങൾ സന്ദർശിക്കുകയും അവരുടെ വിഷമതകളും ആകുലതകളും ഈ പുരോഹിതൻ ഏറ്റെടുക്കുകയും ചെയ്യുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളിലേക്ക് കടന്നുചെല്ലുകയും അവർക്ക് ആശ്വാസം നൽകണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയുമാണ് ഈ വൈദികൻ.

“വിശ്വാസികൾക്ക് ദൈവാലയങ്ങളില്‍ പോകാൻ സാധിക്കുന്നില്ലെങ്കിൽ നാം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം” – ഫാ. ബ്രൂസ് പറയുന്നു. ദൈവത്തിന്റെ പ്രതിപുരുഷൻ ബ്രസീലിയൻ തെരുവോരങ്ങളിലൂടെ നടന്നുനീങ്ങുമ്പോൾ കൊടിയ പ്രതിസന്ധിയിലും വലിയ ആശ്വാസമായി മാറുകയാണ് അവിടുന്ന് നൽകുന്ന ആശീർവ്വാദം. വിശ്വാസം ആഴപ്പെടുവാൻ ഒരു ജനത സന്തോഷത്തോടെ തെരുവിലേക്കിറങ്ങുകയാണ്. തങ്ങളുടെ കർത്താവിന്റെ അനുഗ്രഹം സ്വീകരിക്കുവാൻ…

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.