ദൈവത്തെ അനുഗമിക്കുന്നത് രസകരമാണെന്നു കാട്ടിക്കൊടുത്ത വൈദികൻ യാത്രയായി 

“ദൈവത്തെ എങ്ങനെ കൂളായി അനുകരിക്കണമെന്നു കാട്ടിത്തന്ന വൈദികനായിരുന്നു അദ്ദേഹം, വിശുദ്ധനായ പുരോഹിതൻ. അനേകർക്ക്‌ പൗരോഹിത്യത്തിലേയ്ക്കുള്ള വഴി കാട്ടുവാൻ ദൈവം തിരഞ്ഞെടുത്ത വിശുദ്ധ വൈദികൻ.” കൊറോണ ബാധിതനായി ചികിത്സയിലിരിക്കെ മരണമടഞ്ഞ അഡ്‌നെൽ ബർഗോസ് എന്ന വൈദികനെക്കുറിച്ച് ഒരു യുവവൈദികന്റെ കണ്ണുനീരിൽ കുതിർന്ന വാക്കുകളാണിത്. അദ്ദേഹം മാത്രമല്ല, ബ്രൂക്ലിൻ രൂപത മുഴുവൻ തീരാദുഃഖത്തിലാണ്. ഇവർക്ക് നഷ്ടപ്പെട്ടത് അനേകം യുവജനങ്ങളെ ദൈവവിളിയുടെ പാതയിലേയ്ക്ക് കൈപിടിച്ചു നടത്തിയ വിശുദ്ധനായ വൈദികനെയാണ്. യുവജനങ്ങളിലേയ്ക്ക് എന്തിന്, താൻ ആരെ സമീപിക്കുന്നുവോ അവരിലേയ്ക്ക്‌ കടന്നുചെന്ന് മാറ്റം വരുത്തുവാൻ കഴിവുള്ള വിശുദ്ധജീവിതത്തിന് ഉടമയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അഡ്‌നെൽ ബർഗോസ് എന്ന വൈദികന്‍.

കൊറോണ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണമടഞ്ഞത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിൽ അദ്ദേഹത്തിന്റെ ഈ ലോകവാസം അവസാനിക്കുമ്പോൾ വയസ് വെറും 57 മാത്രം. ഒരുപക്ഷേ, ഈ ലോകജീവിതത്തിൽ ദൈവത്തിനായി തനിക്കു നേടാനുള്ളവരെയൊക്കെ അദ്ദേഹം നേടിക്കഴിഞ്ഞിരിക്കാം. ഒരിക്കലെങ്കിലും ഫാ. ബർഗോസിനെ പരിചയപ്പെട്ടവർക്ക് അദ്ദേഹത്തിന്റെ വിശുദ്ധജീവിതം മറക്കുവാൻ കഴിയില്ല. ഏറെ വിനയത്തോടെ ആയിരുന്ന് അദ്ദേഹം നയിച്ച വിശുദ്ധജീവിതമാണ് തന്നെ വൈദികനാകുവാൻ പ്രേരിപ്പിച്ചതെന്ന് ജോസഫ് ഡുട്ടൻ എന്ന യുവവൈദികൻ വെളിപ്പെടുത്തുന്നു.

1962-ൽ പ്യുട്ടോറിക്കോയിൽ ജനിച്ച അദ്ദേഹം ബ്രൂക്ലിൻ രൂപതയ്ക്കുവേണ്ടി 1989-ൽ പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് ഏഴോളം പള്ളികളിൽ അദ്ദേഹം സേവനം ചെയ്തു. ജോസഫ് ഡുട്ടൻ ആദ്യമായി ബർഗോസച്ചനെ കാണുന്നതും പരിചയപ്പെടുന്നതും പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്. സെന്റ് തെരേസയിലെ 150-തോളം അൾത്താര ബാലന്മാർക്ക് അദ്ദേഹമായിരുന്നു നേതൃത്വം നൽകിയിരുന്നത്. ഒരുപക്ഷേ, കുട്ടികളിൽ ദൈവവിളിയുടെ വിത്തുകൾ പാകുവാൻ ദൈവം നൽകിയ അവസരമായിരുന്നിരിക്കാം അത്. സംഗീതത്തിലൂടെ, വിനോദത്തിലൂടെ, ചെറിയ പ്രാർത്ഥനകളിലൂടെ ദൈവത്തെ എങ്ങനെ കൂളായി അനുകരിക്കാം എന്ന് അദ്ദേഹം കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അത് എന്നെപ്പോലെ അനേകം കുട്ടികളിൽ ദൈവവിളിയുടെ വിത്തുകൾ പാകി – ജോസഫ് അച്ചൻ പറഞ്ഞു.

നല്ലൊരു കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. എന്നാൽ, തന്റെ കഴിവുകളൊന്നും പേരിനോ പ്രശസ്തിക്കോ അദ്ദേഹം ഉപയോഗിച്ചില്ല. മറിച്ച്, അതെല്ലാം മറ്റുള്ളവരെ ദൈവത്തിലേയ്ക്ക് അടുപ്പിക്കുന്നതിനായി ഉപയോഗിച്ചു. തന്റെ കഴിവുകളെ എങ്ങനെ ദൈവത്തിനായി ഉപയോഗിക്കണമെന്ന് ആ പുണ്യവൈദികന് അറിയാമായിരുന്നു എന്നതാണ് വാസ്തവം. ക്രിസ്തുവിന്റെ ശരീരമായ സഭയോട്, ദൈവാലയത്തോട് ദൈവമക്കൾ ചേർന്നുനിൽക്കണം എന്ന തീവ്രമായ ആഗ്രഹം മനസ്സിൽ കൊണ്ടുനടന്ന വ്യക്തിയായിരുന്നു ഫാ. ബർഗോസ്. അതിനായി തന്റെ ജീവിതം തന്നെ അദ്ദേഹം മാതൃകയായി നൽകി. ഒരു വിശുദ്ധനായ വൈദികനായിരുന്നു അദ്ദേഹം – ജോസഫ് അച്ചൻ വേദനയോടെ പറയുന്നു…