അവയവക്കടത്തിൽ നിന്ന് ഒരു കുട്ടിയെ രക്ഷിക്കാൻ കുറ്റവാളിയായി അഭിനയിച്ച വൈദികൻ

ഫാ. ഇഗാൻസിയോ മരിയോ ഡോണർ എന്ന സൈനിക ചാപ്ലെന് പ്രിൻസസ് ഓഫ് ഓസ്ട്രിയസ് അവാർഡ് ലഭിച്ചിരിക്കുകയാണ്. 2021 -ലെ റ്റെൽവ മാഗസിൻ നൽകിയ ‘സോളിഡാരിറ്റി’ പുരസ്കാരവും ഫാ. ഇഗ്‌നാസിയോയ്ക്കായിരുന്നു.

ഇത്രയധികം ബഹുമതികൾ ലഭിക്കാൻ ഈ പുരോഹിതൻ ആരാണ്? മുൻ സൈനിക ചാപ്ലെനായ അദ്ദേഹം കഴിഞ്ഞ 25 വർഷമായി യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചുവരികയാണ്. ദാരിദ്ര്യത്തിനും മനുഷ്യക്കടത്തിനുമിടയിൽ ജീവിതം വഴിമുട്ടിയ അനേകം കുട്ടികൾക്കും യുവജനങ്ങൾക്കുമിടയിലാണ് അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിലേക്കായി അദ്ദേഹത്തെ നയിച്ചത് ഏകദേശം 25 വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവമാണ്.

സ്പാനിഷ് നാഷണൽ പോലീസിന്റെ ഒരു പ്രത്യേക മിഷന് സഹായിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ ലക്ഷ്യത്തിലേക്ക് സധൈര്യം മുൻപോട്ട് വന്നത്. അവയവക്കടത്തുകാരിൽ നിന്ന് 14 വയസ്സുള്ള വികലാംഗനായ ഒരു ആൺകുട്ടിയെ അതിസാഹസികമായി രക്ഷപെടുത്തിയാണ് അദ്ദേഹം ജീവന്റെ മൂല്യത്തെയും മഹിമയെയും ലോകത്തെ അറിയിച്ചത്.

വികലമായ സാധനങ്ങൾക്കിടയിൽ ഒരു ആൺകുട്ടി

എൽ സാൽവദോറിലെ സ്പാനിഷ് നാഷണൽ പോലീസിന്റെ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായിരുന്നു ഫാ. ഇഗ്നൻസിയോ. ഒരു കച്ചവടവസ്തുവിനെ ചുറ്റിപ്പറ്റിയുള്ള ഒരു അപ്രതീക്ഷിത വാണിജ്യ ഇടപാടിന്റെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.

വലിയ തോതിലുള്ള മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നും കുട്ടികളടക്കമുള്ളവരെ അവയവക്കടത്തിന് ഉപയോഗിക്കുന്നുണ്ടെന്നുമുള്ള വിവരമായിരുന്നു ലഭിച്ചത്. ഇതിൽ 14 വയസ്സുള്ള മാനുവൽ എന്ന ആൺകുട്ടിയെക്കുറിച്ചുള്ള വിവരം അവർക്ക് ലഭ്യമായി.

പക്ഷാഘാതം ബാധിച്ച 14 -കാരനാണ്‌ മാനുവൽ. കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്ന അവന്റെ മാതാപിതാക്കൾ അവനെ വിൽക്കാൻ തീരുമാനിച്ചു. മാനുവലിനെ കച്ചവടം ചെയ്തു ലഭിക്കുന്ന 25 ഡോളർ കൊണ്ട് തങ്ങളുടെ മറ്റു 4 പെൺകുട്ടികൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാം എന്ന ചിന്തയായിരുന്നു അവന്റെ മാതാപിതാക്കൾക്ക്. എന്നാൽ അവനെ വാങ്ങുന്നവർ അവന്റെ അവയവങ്ങൾ വിറ്റു വലിയൊരു തുക വാങ്ങി പണമുണ്ടാക്കാനുള്ള സാഹചര്യത്തെക്കുറിച്ച് ആ മാതാപിതാക്കൾ ആലോചിച്ചതേയില്ല.

അങ്ങനെ ശരീരത്തിന്റെ ഒരു ഭാഗം തളർന്ന മാനുവലിന്റെ ‘കച്ചവടം’ നടന്നു. അവന്റെ കിഡ്‌നി, ഹൃദയം, കണ്ണുകൾ, തുടങ്ങിയ എല്ലാ ഭാഗങ്ങളും എടുത്ത് വിറ്റ് അവസാനം അവന്റെ ശരീരത്തെ കഷണങ്ങളാക്കി അറവുശാലയിലെ കാളയെയോ പന്നിയെയോ പോലെ പ്രത്യേക പാത്രങ്ങളിൽ നിറച്ച് എവിടെയെങ്കിലും ഉപേക്ഷിക്കും. ഇതാണ് സാധാരണഗതിയിൽ സംഭവിക്കുക. വാങ്ങുന്ന ആളുകൾക്ക് കൊടുത്ത വിലയേക്കാൾ പതിന്മടങ്ങു ലാഭവും ലഭിക്കുന്നു.

അങ്ങനെ ഈ ആൺകുട്ടിയെ അവയവക്കടത്തുകാർക്ക് നൽകാൻ പോകുകയാണെന്ന് അറിഞ്ഞ ഫാ. ഇഗാൻസിയോയ്ക്ക് വെറുതെയിരിക്കാൻ കഴിഞ്ഞില്ല. കാരണം ജീവന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹം വളരെയധികം ബോധവാനായിരുന്നു. എത്ര വലിയ വില കൊടുത്തായാലും മാനുവലിനെ രക്ഷപെടുത്തണമെന്ന് അദ്ദേഹം തീരുമാനിച്ചു.

ഒരു ട്രക്ക് വാടകയ്‌ക്കെടുത്ത് താടിയും മുടിയും നീട്ടിവളർത്തി ഒരു സാധാരണക്കാരന്റെ വേഷം ധരിച്ച് അദ്ദേഹം യാത്രയായി, മാനുവലിനെ രക്ഷിക്കാൻ. അസാധാരണമായ ആത്മനിയന്ത്രണത്തോടെ, മനുഷ്യരെ വാങ്ങുന്നയാളായി അഭിനയിച്ച അദ്ദേഹം പഞ്ചിമാൽക്കോയിലെ പർവ്വതങ്ങൾക്കിടയിലൂടെ വാഹനമോടിച്ചു. ഒരു മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമായ ആൾ എന്ന പോലെയാണ് അദ്ദേഹം മാനുവലിന്റെ വീട്ടിലെത്തിയത്. മുൻപ് അവർ നൽകാമെന്നു പറഞ്ഞ തുകയേക്കാൾ വലിയൊരു തുക അദ്ദേഹം കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകി കുട്ടിയേയും ഏറ്റുവാങ്ങി അദ്ദേഹം തിരികെ പോന്നു.

പിടിക്കപ്പെട്ടാൽ അക്ഷരാർത്ഥത്തിൽ തൻേറയും മാനുവലിന്റെയും ജീവൻ നഷ്ടപ്പെടാം എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എങ്കിലും ജീവിതത്തിൽ പത്തിലൊരു നിമിഷത്തിന്റെ വ്യത്യാസത്തിൽ നമ്മുടെ മുൻപിലൂടെ കടന്നുപോകുന്ന ഒരു ട്രെയിൻ പോലെയായിരുന്നു അതെന്ന് ഫാ. ഇഗ്നസിയോ മനസ്സിലാക്കിയത്. കാരണം, “ഒന്നുകിൽ അതിൽ കയറണം. അല്ലെങ്കിൽ അത് ഉപേക്ഷിക്കണം. ഒരുപക്ഷേ നിങ്ങൾ അതിൽ കയറുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും പോകില്ലെന്നു വിചാരിച്ച ഇടത്തേക്ക് അത് നിങ്ങളെ കൊണ്ടുപോകും. ആ കുട്ടി എന്റെ ജീവിതം മാറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു” – അദ്ദേഹം പറഞ്ഞു.

നിരാശയോടെയും വിഷമത്തോടെയും മാനുവലിനെ അവന്റെ മാതാപിതാക്കൾ കച്ചവടം ചെയ്‌തു. എന്നാൽ ഫാ. ഇഗ്‌നാസിയോ അവനെ മികച്ച ചികിത്സയ്ക്ക് വിധേയമാക്കുകയും അവന്റെ അസുഖത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ 25 വർഷങ്ങൾക്കു ശേഷം ആ പുരോഹിതനെ തേടി ഒരു കത്ത് വന്നു. അത് വെറുമൊരു കത്തായിരുന്നില്ല. അതിലെ ഓരോ അക്ഷരങ്ങൾക്കും നന്ദിയുടെ വലിയ കടപ്പാടും സന്തോഷവും പറയാനുണ്ടായിരുന്നു. അത് മാനുവലിന്റെ കത്തായിരുന്നു. ‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി അങ്ങാണ്’ എന്നാണ് മാനുവൽ കുറിച്ചത്.

57 -കാരനായ പുരോഹിതൻ മാനുവലിനെ രക്ഷിച്ചതിനു ശേഷം പെറൂവിയൻ ആമസോണിൽ പ്രാദേശിക പങ്കാളിത്തത്തോടെ നസ്രേത്ത് ഹോം സ്ഥാപിച്ചു. എൽ സാൽവദോറിലെ മാനുവലിനെപ്പോലെയുള്ള അനാഥരായ കുട്ടികളെയും നിരാശരായ കുടുംബങ്ങളിലെ കുട്ടികളെയും പരിപാലിക്കാൻ പൂർണ്ണമായും സമർപ്പിക്കപ്പെട്ട ഒരു സ്ഥാപനമാണിത്.

നസ്രേത്ത് ഹോമിലെ ഓരോ കുട്ടികൾക്കും അവർ അവിടെയെത്തപ്പെട്ട വ്യത്യസ്തമായ സാഹചര്യങ്ങൾ വിവരിക്കാനുണ്ട്. പക്ഷേ, അവർക്ക് ഇപ്പോൾ ഒരു കാര്യം അറിയാം, തങ്ങൾ ഈ ഭൂമിയിൽ ഏറ്റവും സുരക്ഷിതമായ ഇടത്താണ് എത്തിച്ചേർന്നിരിക്കുന്നതെന്ന്. കാരണം, ക്രിസ്തുവിനെപ്പോലെ സ്വന്തം ജീവൻ ബലി കൊടുക്കാനും തയ്യാറായി ഒരു പുരോഹിതൻ തങ്ങൾക്ക് പിതാവായി നിലകൊള്ളുന്നു എന്ന ബോധ്യമാണിപ്പോൾ അവരുടെ ധൈര്യം.

വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവം ഇന്ന് അനേകം കുട്ടികളുടെ ജീവിതത്തിലേക്കുള്ള യാത്രയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 25 വർഷം കൊണ്ട് അനേകം മാനുവൽമാർ ഇദ്ദേഹത്തിന്റെ കരങ്ങളിൽ കൂടി ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. പുരോഹിതന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി റ്റെൽവ മാഗസിൻ 2021 -ലെ സോളിഡാരിറ്റി അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.