യേശുവിനെപ്പോലെ ദരിദ്രർക്കൊപ്പം ജീവിക്കുന്ന ഒരു വൈദികൻ 

“സാവോ പോളോയിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന മുപ്പതിനായിരത്തോളം ആളുകളുടെ സമീപത്താണ് ഞങ്ങൾ ഉറങ്ങുന്നത്. ഓരോ ദിവസം കഴിയുന്തോറും ഇവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. അവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഫ്രാൻസിസ് പാപ്പാ ഫോണിലൂടെ സംസാരിച്ചപ്പോൾ പറഞ്ഞതുപോലെ, ഇവരെല്ലാവരും ‘വലിച്ചെറിയൽ സംസ്കാരത്തിന്റെ’ ഇരകളാണ്. ഇവരുടെയൊക്കെ അവസാനത്തെ അഭയസ്ഥാനം തെരുവാണ്. നഗരത്തിലെ തെരുവുകളിൽ അവർ ജീവിക്കുന്നു” – ഈ വാക്കുകളിലൂടെ ജൂലിയോ ലാൻസെലോട്ടി, ബ്രസീലിലെ ഏറ്റവും വലിയ നഗരത്തിൽ അനുഭവിക്കുന്ന സാമൂഹിക അരാജകത്വത്തിന്റെ ഒരു വിവരണം നൽകുന്നു.

തന്റെ എഴുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം അവിടെയുള്ള പട്ടിണിപ്പാവങ്ങളുടെ ആശ്രയമായി മാറുകയാണ്. ക്രിസ്തു സ്വയം മുറിഞ്ഞ് അപ്പമായതു പോലെ അശരണർക്കും അഗതികൾക്കും മുന്നിൽ ഈ പുരോഹിതനും വിശക്കുന്നവരുടെ അപ്പമായി മാറുകയാണ്.

ഫാ. ജൂലിയോയുടെ ഒരു ദിവസം 

ഫാ. ജൂലിയോയുടെ പാവങ്ങൾക്കു വേണ്ടിയുള്ള ഈ പ്രവർത്തനങ്ങൾ കുട്ടിക്കാലം മുതൽ തന്നെ ആരംഭിച്ചതാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ സഹായിക്കുന്ന സാമൂഹ്യപ്രവർത്തക സംഘടനയിലായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ ജോലി. അതിനാൽ തന്നെ കുഞ്ഞു ജൂലിയോയ്ക്ക് ഇത്തരത്തിൽപെട്ട കുട്ടികളുമായി അടുത്ത് ഇടപഴകുവാൻ അവസരം ലഭിച്ചു. “പാവപ്പെട്ടവരോടുള്ള അധികാരികളുടെ മനോഭാവം എന്നെ എപ്പോഴും വേദനിപ്പിച്ചു” – അദ്ദേഹം പറയുന്നു.

വെള്ള കോട്ടും ധരിച്ചുകൊണ്ട് എല്ലാ ദിവസവും രാവിലെ മൂക്കാ ഇടവകയിലെ വി. മിഖായേൽ മാലാഖയുടെ ദൈവാലയത്തിനു മുമ്പിൽ ഒരു ഉന്തുവണ്ടിയിൽ ഭക്ഷണവും മാസ്‌ക്കുകളുമായി ഫാ. ജൂലിയ എത്തും. പ്രാർത്ഥനയോടെ നിരവധി അനാഥരും ഭവനരഹിതരുമാണ് അവിടെ അദ്ദേഹത്തെ കാത്തുനിൽക്കുന്നത്. ദൈവത്തിനും ഈ വൈദികനും ഹൃദയം നിറഞ്ഞ നന്ദിയും പ്രാർത്ഥനകളും അറിയിക്കാൻ അവരിൽ ആരും തന്നെ മറക്കാറില്ല. 500 -ഓളം ഭവനരഹിതരാണ് അവിടെ വന്ന് പ്രഭാതഭക്ഷണം കഴിക്കുന്നത്. ചിലപ്പോൾ അവരുടെയൊക്കെ അന്നേ ദിവസത്തെ ആകെക്കൂടിയുള്ള ഭക്ഷണവും അതു തന്നെയായിരിക്കും.

പ്രതീക്ഷ നിറഞ്ഞ അവരുടെ കണ്ണുകളാണ് അടുത്ത ദിവസവും ഈ വൈദികനെ അവിടെ എത്തിക്കുന്നത്. തന്റെ കൈവശമുള്ള അവസാനത്തെ അപ്പവും വിതരണം ചെയ്തുകഴിയുമ്പോൾ, പാവപ്പെട്ടവർക്കായി മറ്റുള്ളവർ നൽകുന്ന സംഭാവനകൾ സ്വീകരിച്ചാണ് അദ്ദേഹം മടങ്ങുക.

ഫ്രാൻസിസ് പാപ്പാ വിളിച്ചപ്പോൾ 

അനേകരുടെ വിശപ്പ് അകറ്റുകയും ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഫാ. ജൂലിയോയെ 2020 ഒക്ടോബർ പത്തിന് ഫ്രാൻസിസ് പാപ്പാ ഫോണിൽ വിളിച്ചു സംസാരിച്ചു. “ഫ്രാൻസിസ് പാപ്പയുമായി ഫോണിൽ സംസാരിച്ചത് വളരെ വികാരനിർഭരമായ നിമിഷമായിരുന്നു. ‘യേശുവിനെപ്പോലെ ദരിദ്രരോടൊപ്പം ജീവിക്കൂ’ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്” – ഫാ. ജൂലിയാനോ പറയുന്നു.

തെരുവിൽ ജീവിക്കുന്നവർക്ക് സ്വന്തമായി ഒരു ഭവനം കണ്ടെത്താനും അവരുടെ ആരോഗ്യകാര്യങ്ങളിലും പ്രത്യേകമാംവിധം ശ്രദ്ധ ചെലുത്തുന്നുമുണ്ട് ഈ പുരോഹിതൻ. ദരിദ്രർക്കായി ജീവിതം സമർപ്പിച്ച ഈ വൈദികനിൽ അനേകർ യേശുവിനെയാണ് ദർശിക്കുന്നത്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.