‘എനിക്ക് എന്റെ രാജ്യത്തെ ഓർത്ത് വേദന തോന്നുന്നു’: മിഷനറിമാരെ തട്ടിക്കൊണ്ടു പോയ വേദനയിൽ ഒരു വൈദികൻ

കഴിഞ്ഞ ദിവസം 17 മിഷനറിമാരെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ വേദനയോടെ ഒരു വൈദികൻ. ‘എനിക്ക് എന്റെ രാജ്യത്തെ ഓർത്ത് വേദന തോന്നുന്നു’ എന്നാണ് ഹെയ്തിയിലെ ഫാ. റെജിനാൾഡ് ജീൻ മേരി ഈ സംഭവത്തോട് പ്രതികരിച്ചത്. കാരണം, ഈ മിഷനറിമാരെ തട്ടിക്കൊണ്ടു പോയിട്ട് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ അവരെ കണ്ടെത്താനായിട്ടില്ല.

“എന്റെ രാജ്യത്തെ ജനങ്ങളുടെ പേരിൽ, ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. കാരണം എന്റെ രാജ്യത്ത് നടക്കുന്ന അനീതി കാണുമ്പോൾ എനിക്ക് വിഷമം തോന്നുന്നു. ഹെയ്തിയൻ ജനത മോശക്കാരല്ല, ഞങ്ങൾ വളരെ ദയയുള്ള, വിശ്വാസമുള്ള ആളുകളാണ്. പുറത്തു നിന്ന് ആരെങ്കിലും സഹായിക്കാൻ വരുമ്പോൾ നന്ദിയുള്ളവരാണ്. തട്ടിക്കൊണ്ടു പോകപ്പെട്ട കുടുംബങ്ങളോട് ക്ഷമ ചോദിക്കാനും ഞങ്ങൾ അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് ഉറപ്പ് നൽകാനും ഞാൻ ആഗ്രഹിക്കുന്നു” – ഫാ. റെജിനാൾഡ് പറഞ്ഞു.

“ഇന്നലെ ഞാൻ ഹെയ്തിയിലെ വൈദികരുമായി സംസാരിച്ചു. ഞങ്ങൾ ഖേദിക്കുന്നു. കാരണം, ഈ ആളുകൾ രാജ്യത്തെയും അനാഥാലയങ്ങളെയും സഹായിച്ച ദൈവത്തിന്റെ മിഷനറിമാരാണ്” – അദ്ദേഹം വേദനയോടെ പറയുന്നു.

മിഷനറിമാർ അമേരിക്കയിലെ ഒഹിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയ്ഡ് മന്ത്രാലയങ്ങളുടെ ഭാഗമാണ്. പോർട്ട്-ഓ-പ്രിൻസിന്റെ വടക്കു-കിഴക്കൻ പ്രാന്തപ്രദേശമായ ക്രോയിക്സ്-ഡെസ്-ബോക്കറ്റ്സിലെ ഒരു അനാഥാലയം സന്ദർശിക്കുന്നതിനിടെയാണ് അവർ തട്ടിക്കൊണ്ടു പോകപ്പെട്ടത്. തട്ടിക്കൊണ്ടു പോകപ്പെട്ട സംഘത്തിൽ അഞ്ച് പുരുഷന്മാരും ഏഴു സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. തടവിലാക്കപ്പെട്ട മുതിർന്നവരുടെ പ്രായം 18 വയസു മുതൽ 48 വയസ്സ് വരെയാണ്. കുട്ടികളുടെ പ്രായം എട്ട് മാസം മുതൽ 15 വയസ് വരെയും.

ഈ വർഷം ഏപ്രിലിൽ കത്തോലിക്കാ പുരോഹിതന്മാരെയും മതവിശ്വാസികളെയും തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ‘400 മാവോസോ’ എന്ന ക്രിമിനൽ സംഘമാണ്. കുറ്റവാളികൾ 17 ദശലക്ഷം ഡോളർ മോചനദ്രവ്യമായി ആവശ്യപ്പെടുന്നുണ്ട്. 2021 -ലെ ആദ്യത്തെ എട്ട് മാസങ്ങളിൽ, കുറഞ്ഞത് 328 തട്ടിക്കൊണ്ടു പോകലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.