ഫാ. ആബേല്‍ – 2500 ഓളം മാമ്മോദീസകള്‍ പരികര്‍മ്മം ചെയ്ത വൈദികന്‍

    “എന്റെ അമ്മ എപ്പോഴും എന്നോട് പറയുമായിരുന്നു: നീ ഒരു വൈദികന്‍ ആകുമെന്ന്. അമ്മ എന്നെ അതിന് സഹായിക്കുകയും ചെയ്തു.” പറയുന്നത് ധാക്കയിലെ ഏറ്റവും പ്രായം ചെന്ന വൈദികന്‍ ഫാ. ആബേല്‍ റൊസാരിയോ ആണ്. തന്റെ വിശുദ്ധമായ ജീവിതം കൊണ്ട് ബംഗ്ലാദേശിലെ ആദിവാസി സമൂഹത്തെ ക്രിസ്തീയ വിശ്വസത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ വൈദികന്റെ ജീവിതത്തിലൂടെ നമുക്കൊന്ന് കടന്നുപോകാം…

    വിശുദ്ധമായ കുടുംബത്തില്‍ നിന്ന്

    ആഴമായ കത്തോലിക്ക വിശ്വാസം പുലര്‍ത്തിയിരുന്ന കുടുംബത്തില്‍ നിന്നാണ് ഫാ. ആബേല്‍ വൈദികവൃത്തിയിലേയ്ക്ക് കടന്നുവരുന്നത്. ധാക്കാ അതിരൂപതയിലെ ടുയിറ്റല്‍ ഇടവകയിലാണ് അദ്ദേഹം ജനിച്ചതും വളര്‍ന്നതും. തന്റെ പത്ത് മക്കളില്‍ നിന്ന്, ഒരു മകന്‍ വൈദികനായി കാണണം എന്ന് ആഗ്രഹിച്ച ഒരു അമ്മ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനായി അമ്മ ഒരുക്കിയത് ഫാ. ആബേലിനെ ആയിരുന്നു. ആ അമ്മ മകന്റെ ആത്മീയമായ വളര്‍ച്ചയ്ക്ക് ഉതകുന്ന കാര്യങ്ങള്‍ എല്ലാംതന്നെ ഒരുക്കിക്കൊടുത്തു. മകന്റെയുള്ളില്‍ ദൈവത്തെയും വിശ്വാസത്തെയും ആഴമായി സ്ഥാപിക്കുവാന്‍ ആ അമ്മയ്ക്ക് കഴിഞ്ഞു.

    അമ്മ പകര്‍ന്ന വിശ്വാസമൂല്യങ്ങള്‍ അണുവിട തെറ്റാതെ പാലിച്ചുപോന്നിരുന്ന ആ ബാലന്‍ വൈകാതെ തന്നെ വൈദികനാകുവാനായി ഇറങ്ങിത്തിരിച്ചു. 1965-ല്‍ അമ്മയുടെ സ്വപ്നം ആ മകന്‍ പൂര്‍ത്തിയാക്കി. ഇന്ന് 82 വയസ് പൂര്‍ത്തിയാക്കുന്ന ഈ വൈദികന്‍ ദൈവത്തിനു മുന്നില്‍ സദാ നന്ദി പറയുകയാണ് – പൗരോഹിത്യത്തിലേയ്ക്ക് തന്നെ കൈപിടിച്ച് നടത്തിയ ദൈവത്തിനും അതിന് തന്നെ സഹായിച്ച തന്റെ അമ്മയ്ക്കും.

    ക്രിസ്തുവിലേയ്ക്ക് വഴിയൊരുക്കിയ വൈദികന്‍

    മറ്റുള്ളവരിലേയ്ക്ക് ക്രിസ്തുവിനെ പകരുവാന്‍ വല്ലാത്ത ഒരു തീക്ഷ്ണത അദ്ദഹത്തിന്റെ ഉള്ളില്‍ ജ്വലിച്ചിരുന്നു. കടന്നുചെന്ന ഇടങ്ങളിലെല്ലാം ക്രിസ്തുവിന്റെ സ്നേഹം പകരുവനായി അദ്ദേഹം ഓടിനടന്നു. ആഴമായ വിശ്വാസവും ദൈവത്തിനായി ഏതുനേരവും പ്രവര്‍ത്തിക്കുന്നതില്‍ അദ്ദേഹം കാണിച്ച തീക്ഷ്ണതയും ഇടവക ജനങ്ങളുടെ ഹൃദയത്തില്‍ അദ്ദേഹത്തിന് പ്രത്യേകമായ ഒരു സ്ഥാനം നേടിക്കൊടുത്തു. ജനങ്ങളുടെ ആത്മീയകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ അദ്ദേഹം സദാ ശ്രദ്ധാലുവായിരുന്നു.

    ഏതെങ്കിലും ആവശ്യവുമായി തന്നെ സമീപിക്കുന്നവരെ വെറുംകൈയ്യോടെ അദ്ദേഹം മടക്കി അയച്ചിരുന്നില്ല. കടന്നുചെന്ന ഇടവകകളിലെല്ലാം പിതാവായ ദൈവത്തിന്റെ പ്രതിരൂപമായി മാറുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ വിശുദ്ധജീവിതത്തിന്റെ മാതൃക അനേകം ആളുകളെ വിശ്വാസത്തിലേയ്ക്ക് നയിച്ചു. തന്റെ 54 വര്‍ഷം നീണ്ട പൗരോഹിത്യജീവിതത്തിനിടയില്‍ 2500-ഓളം ആളുകള്‍ക്കാണ് അദ്ദേഹം മാമ്മോദീസ നല്‍കിയത്.

    1987-ലാണ് അദ്ദേഹം മൈമിന്‍സിനാഹ് രൂപത സ്ഥാപിക്കുന്നത്. ഈ രൂപത സ്ഥാപിക്കുന്നതിന് മുമ്പ് ഇവിടെ ഏതാനും കുറച്ച് ക്രിസ്ത്യാനികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആരാലും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഒരു ആദിവാസി സമൂഹം. ഇവിടെയുള്ള ആളുകള്‍ മരങ്ങളെയും കല്ലിനെയുമൊക്കെ ദൈവങ്ങളായി ആരാധിക്കുന്നവരായിരുന്നു. അങ്ങനെയുള്ള ഇവരുടെ ഇടയിലേയ്ക്കാണ് ക്രിസ്തുവിന്റെ സ്നേഹവും വചനവുമായി ആ വൈദികന്‍ കടന്നുചെല്ലുന്നത്. ഒരിക്കല്‍പ്പോലും ദേവാലയത്തില്‍ വെറുതെ ഇരിക്കുന്ന വൈദികനെ അവര്‍ക്ക് കാണുവാന്‍ കഴിഞ്ഞിട്ടില്ല. കുര്‍ബാന കഴിഞ്ഞാല്‍ അദ്ദേഹം പതിയെ ഇറങ്ങും. ആദിവാസികളുടെ വീടുകളിലൂടെ സഞ്ചരിക്കും. രോഗികളെ സന്ദര്‍ശിക്കും. അവരോട് ക്രിസ്തുവിനെയും അവിടുത്തെ സ്നേഹത്തെയും കുറിച്ച് സംസാരിക്കും.

    പതിയെ സാഹചര്യങ്ങള്‍ മാറിത്തുടങ്ങി. മരങ്ങളെയും കല്ലിനെയും ദൈവമായി ആരാധിച്ചിരുന്ന അവര്‍ സത്യദൈവത്തിലേയ്ക്ക് കടന്നുവന്നു. അവര്‍ക്കും ക്രിസ്ത്യാനികള്‍ ആകണം, എന്ന ആഗ്രഹം അവര്‍ ഫാ. ആബേലിനെ അറിയിച്ചു. അങ്ങനെ താല്പര്യമുള്ളവര്‍ക്കായി അദ്ദേഹം ആറു മാസത്തെ ഒരു ക്ലാസ്സ് നല്‍കി. അതിനുശേഷം അവര്‍ക്ക് മാമ്മോദീസ നല്‍കി സഭയിലേയ്ക്ക് – ക്രിസ്തുവിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നു. ആ ഒരു ഒറ്റദിവസം തന്നെ 900 പേരാണ് മാമ്മോദീസ സ്വീകരിച്ചത്. ഇന്ന് ഈ ആദിവാസി സമൂഹത്തില്‍ 99% ആളുകളും ക്രിസ്ത്യാനികളാണ്.

    സംതൃപ്തം ഈ വൈദികജീവിതം

    54 വര്‍ഷം പിന്നിടുന്ന ഈ ജീവിതത്തില്‍ താന്‍ അതീവസന്തുഷ്ടനാണെന്ന് ഫാ. ആബേല്‍ പറയുന്നു. “ഒരുപാട് കഷ്ടതകള്‍ ഞാന്‍ അനുഭവിച്ചു. എന്നാല്‍, ഞാന്‍ ദൈവത്തിനായി ജോലി ചെയ്യുകയാണ് എന്ന് എനിക്ക് അറിയാം. ഊന്നുവടിയുടെ സഹായമില്ലാതെ ഇന്നെനിക്ക് അധികം നടക്കാന്‍ കഴിയില്ല. എങ്കിലും എന്റെ ഉത്തരവാദിത്വങ്ങള്‍ ഞാന്‍ നിര്‍ത്തുന്നില്ല” ഫാ. ആബേല്‍ പറയുന്നു.

    പ്രായാധിക്യത്തെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുന്ന ഇദ്ദേഹം ആളുകളെ കുമ്പസാരിപ്പിക്കുവാനും രോഗികളെ സന്ദര്‍ശിക്കുവാനും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനും തന്നാലാവും വിധം ശ്രമിക്കുന്നു. താന്‍ അനുഭവിച്ച വിശ്വാസത്തിന്റെ ആഴങ്ങളില്‍ നിന്ന് അദ്ദേഹം സഭയിലെ യുവവൈദികര്‍ക്കായി ഒരു നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. “യുവവൈദികരെ, നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ശക്തിപ്പെടണം. നിങ്ങളുടെ സൗകര്യങ്ങള്‍ മാറ്റിവച്ച് കൂടുതല്‍ കൂടുതല്‍ കുടുംബങ്ങള്‍ സന്ദര്‍ശിക്കണം. കാരണം, ഇന്ന് പല കുടുംബങ്ങളിലെയും ദമ്പതികളും അവരുടെ കുഞ്ഞുങ്ങളും പല തരത്തിലുള്ള പ്രതിസന്ധികളാല്‍ വലയുകയാണ്. അവര്‍ക്ക് ആത്മീയമായ ബലം നല്‍കാന്‍ വൈദികര്‍ക്കു കഴിയണം…”