
കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യത്തിനും ലോകത്തിനുമുഴുവനും സൗഖ്യവും ബലവും യാചിച്ചുകൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് എഴുപതോളം കലാകാരന്മാർ ഒരുമിച്ചു പങ്കെടുക്കുന്ന പ്രാർത്ഥനാഗാനമാണ് അതിജീവനം. അതിൻ്റെ വീഡിയോ റിലീസ് നാളെ നടക്കുന്നു.
ഭക്തിഗാനരംഗത്തെ പ്രമുഖഗായകരും സംഗീതസംവിധായകരും, വാദ്യസംഗീതജ്ഞരും എഴുത്തുകാരും, ശബ്ദ-സാങ്കേതിക പ്രവർത്തകരും, ആസ്വദകരുമെല്ലാം അംഗങ്ങളായിട്ടുള്ള കളർ + ക്രിയേറ്റീവ്സ് എന്ന ഫേസ്ബുക്ക്-വാട്ട്സ്ആപ്പ് സംഗീത സൗഹൃദക്കൂട്ടായ്മയുടെ പൂർണ്ണപങ്കാളിത്തത്തോടെയുള്ള പ്രഥമസംരംഭമാണ് ഈ ഗാനം.
ഈ മഹാമാരിയിൽ ലോകത്തിന് കരുതലും കാവലുമാകാൻ കരുണാമയനായ ദൈവത്തോട് പ്രാർത്ഥിക്കുന്ന ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ജിജോ പാലോട് ആണ്. ഫാ. നെൽസൻ ഡിസിൽവ ഒ.എസ്.ജെ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഓർക്കസ്ട്രേഷനും ശബ്ദമിശ്രണവും നിർവ്വഹിച്ചിരിക്കുന്നത് ഷാജി ജൂസ ജേക്കബും കീബോർഡ് പ്രോഗ്രാമിംഗ് ബോൾഷോയിയും ആണ് ചെയ്തിരിക്കുന്നത്.
കൊറോണക്കാലത്തെ ലോക്ഡൗണിലും മറ്റ് അനേകം പരിമിതികൾക്കിടയിലും ചെയ്യുന്ന ഈ ഗാനം അനേകർക്ക് ആശ്വാസവും പ്രത്യാശയും പകരാൻ ഇടയാക്കട്ടെ എന്ന് നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം.