പാപബന്ധനങ്ങളിൽ നിന്ന് മോചനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നോ..? എങ്കിൽ ശക്തമായ ഒരു പ്രാർത്ഥന ഇതാ

    നമ്മൾ അറിഞ്ഞോ അറിയാതെയോ, നമ്മെ അടിമകളാക്കുവാനുള്ള വലിയ ശക്തി പാപത്തിനുണ്ട്. ആദ്യമായി ഒരു പ്രത്യേക പാപം ചെയ്ത ശേഷം, പ്രലോഭനങ്ങൾ വർദ്ധിക്കുകയും അത് ദൈവകൃപ നമ്മിൽ നിന്ന് ഇല്ലാതാക്കുകയും ചെയ്യുന്നു. അങ്ങനെ അതൊരു ദുശീലമായി മാറുന്നു. ഈ പാപകരമായ ശീലം താമസിയാതെ നമ്മുടെ ഹൃദയത്തിൽ വേരുറപ്പിക്കും. കാലം കഴിയുന്തോറും അത് തകർക്കാൻ കൂടുതൽ ബുദ്ധിമുട്ടായിത്തീരും.

    നാം ഒരു പാപത്തിന് അടിമയായിക്കഴിയുമ്പോൾ ആ പാപം ചെയ്യാനുള്ള കൂടുതൽ അവസരങ്ങൾ നമ്മെ തേടിയെത്തുക സ്വാഭാവികമാണ്. പലപ്പോഴും പാപത്തിന്റെ പിടിയിലമർന്നവർക്ക് അത് ഉപേക്ഷിക്കണം എന്ന ആഗ്രഹം ഉണ്ടാകാം. എന്നാൽ, അവർക്ക് തനിയെ അതിനു സാധിച്ചുവെന്ന് വരില്ല. അതിന് ദൈവത്തിന്റെ സഹായം ആവശ്യമാണ്.

    അത്തരമൊരു ശീലത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഏറ്റവും ശക്തമായ മാർഗ്ഗം കുമ്പസാരിക്കുക എന്നതാണ്. കാരണം, കുമ്പസാരിക്കുമ്പോൾ നമ്മുടെ പാപത്തെ പരമ കാരുണ്യവാനായ ദൈവത്തിന്റെ മുന്നിൽ നാം ഏറ്റുപറയുകയാണ്. ഈ വിശുദ്ധ കർമ്മത്താൽ ശുദ്ധീകരിക്കപ്പെട്ടതിനു ശേഷം, പാപത്തിന്റെ ബന്ധനങ്ങളെ കൂടുതൽ തകർക്കാനുള്ള മറ്റൊരു മാർഗ്ഗം വി. പത്രോസിനോട് പ്രാർത്ഥിക്കുക എന്നതാണ്. തടവറയിലെ ചങ്ങലകളിൽ നിന്ന് ദൈവം പത്രോസിനെ രക്ഷിച്ചു. അതിനാൽ പാപങ്ങളാകുന്ന ബന്ധനങ്ങൾ അഴിയുന്നതിനും തകർക്കപ്പെടുന്നതിനും തീവ്രമായി ആഗ്രഹിച്ചുകൊണ്ട് പത്രോസ് ശ്ലീഹായോടു മാദ്ധ്യസ്ഥ്യം യാചിച്ചു  പ്രാർത്ഥിക്കാം. അതിനു സഹായിക്കുന്ന ലളിതവും ശക്തവുമായ ഒരു പ്രാർത്ഥന ഇതാ…

    “നിന്റെ വിശുദ്ധ അപ്പൊസ്തലനായ വി. പത്രോസിനെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിക്കുകയും വിലങ്ങുകൾ തകർക്കുകയും ചെയ്ത കാരുണ്യവാനായ ദൈവമേ, ഞങ്ങൾ ഇപ്പോൾ അങ്ങയോടു പ്രാർത്ഥിക്കുന്ന ഞങ്ങളെ എല്ലാ പാപബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ. തിന്മയുടെ എല്ലാ ബന്ധനങ്ങളിൽ നിന്നും ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ അങ്ങയുടെ കരുണയുള്ള കണ്ണുകൾ തിരിക്കേണമേ. പിതാവായ ദൈവമേ, പരിശുദ്ധാത്മാവേ, ഈശോയെ, നിങ്ങളുടെ സുരക്ഷിത വലയത്തിനുള്ളിൽ എന്നെയും ചേർക്കണമേ. വി. പത്രോസ് ശ്ലീഹായേ, പാപത്തിന്റെ ബന്ധനത്തിൽ നിന്ന് അകന്നിരിക്കുവാൻ നിരന്തരം എനിക്കായി പ്രാർത്ഥിക്കണേ. ആമ്മേൻ.”