വിശുദ്ധ കുർബാന ഭക്തിപൂർവ്വം അർപ്പിക്കുവാൻ വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുന്ന പ്രാർത്ഥന

  വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കുവാൻ കഴിയുന്നില്ലലോ എന്നത് പലപ്പോഴും പലരുടെയും സ്വകാര്യമായ ഒരു ദുഃഖമാണ്. പല കാര്യങ്ങളും ഓർമ്മയിൽ വരുന്നത് കുർബാനയിൽ പങ്കെടുക്കുമ്പോഴാണ്. ആ ചിന്തകൾക്ക് പിന്നാലെ പോകുമ്പോൾ നാം പങ്കെടുക്കുന്നത് അപ്പവും വീഞ്ഞും  ഈശോയുടെ തിരുശരീര-രക്തങ്ങളായി മാറുന്ന വലിയ കൂദാശയിലാണ് എന്നതുപോലും നാം മറന്നുപോകുന്നു.

  പലപ്പോഴും വിശുദ്ധ കുർബാനയുടെ പ്രാധാന്യം നമുക്ക് അറിയാമെങ്കിലും പൂർണ്ണമായും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നാം പരാജയപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഭക്തിയോടെയും പൂർണ്ണഹൃദയത്തോടെയും വിശുദ്ധ കുർബാന അർപ്പിക്കുവാനായി വി. തോമസ് അക്വീനാസ് ചൊല്ലിയിരുന്ന, നമ്മെ പഠിപ്പിക്കുന്ന ഒരു പ്രാർത്ഥന ഇതാ…

  “സർവ്വശക്തനും നിത്യനുമായ ദൈവമേ, അങ്ങയുടെ ഏകജാതനായ ഞങ്ങളുടെ കർത്താവീശോമിശിഹായുടെ ദിവ്യകൂദാശയെ ഞാൻ സമീപിക്കുന്നു. ആതുരനായ ഞാൻ ജീവന്റെ വൈദ്യനെ, അശുദ്ധനായ ഞാൻ കരുണയുടെ ഉറവയെ, അന്ധനായ ഞാൻ നിത്യവെളിച്ചത്തിന്റെ പ്രകാശധോരണിയെ, ബദിരനും ബലഹീനനുമായ ഞാൻ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനെ സമീപിക്കുന്നു.

  നാഥാ, അങ്ങയുടെ മഹത്വമേറിയ ഔദാര്യത്താൽ എന്റെ രോഗത്തെ സുഖപ്പെടുത്തുകയും മാലിന്യങ്ങളെ കഴുകിക്കളയുകയും ദാരിദ്ര്യത്തെ സമ്പന്നതയാക്കുകയും നഗ്നതയെ മറയ്ക്കുകയും ചെയ്യേണമേ. എളിമ വണക്കങ്ങളോടും ശുദ്ധതയോടും വിശ്വാസത്തോടും പശ്ചാത്താപത്തോടും സ്നേഹത്തോടും എന്നെ രക്ഷയിലേയ്ക്ക് നയിക്കുന്നതിന് സഹായകമായ ദൃഢലക്ഷ്യത്തോടും കൂടെ മാലാഖമാരുടെ ഭോജനവും രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും ആയ അങ്ങയെ ഞാൻ ഉൾക്കൊള്ളട്ടെ.

  കർത്താവിന്റെ തിരുശരീരങ്ങളുടെ കൂദാശയും അതിന്റെ യഥാർത്ഥ ഓജസ്സും ഞാൻ സ്വീകരിക്കട്ടെ. ദയാപരനായ ദൈവമേ, പരിശുദ്ധ കന്യാമറിയത്തിന്റെ ഉദരത്തിൽ നിന്ന് ജാതനായ അങ്ങയുടെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുഗാത്രം ഉൾക്കൊള്ളുന്നതു വഴി അവിടുത്തെ മൗതീകശരീരത്തിൽ ഞാന്‍ എണ്ണപ്പെടുകയും ചെയ്യുമാറാകട്ടെ.

  സ്നേഹനിധിയായ പിതാവേ, ഈ ലോകതീർത്ഥാടനത്തിൽ കൂദാശയുടെ മറവിൽ അങ്ങയുടെ പ്രിയപുത്രനെ സ്വീകരിക്കുന്നതു വഴി സ്വർഗ്ഗഭാഗ്യത്തിൽ അങ്ങയോടു കൂടെ നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയുടെ തിരുസുതനെ അഭിമുഖമായി കണ്ടാനന്ദിക്കുന്നതിന് ഒരു ദിവസം ഇടയാക്കണമേ. ആമ്മേൻ.”

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ