ഹൃദയസമാധാനം കണ്ടെത്താൻ വിശുദ്ധ ബ്രിഡ്‌ജെറ്റ് പഠിപ്പിക്കുന്ന പ്രാര്‍ത്ഥന

    ഹൃദയസമാധാനം കണ്ടെത്തുക എന്നത് ഓരോ വ്യക്തിയെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാനും സന്തുലിതമായി നിലനിർത്തുവാനും സമാധാനപരമായ ഒരു അന്തരീക്ഷം ആവശ്യമാണ്. എന്നാൽ, പുറമെ കാര്യങ്ങൾ എല്ലാം നടക്കുന്നെങ്കിലും ഹൃദയത്തിൽ ഒരു സമാധാനമില്ലായ്മ, ഭാവിയെക്കുറിച്ചുള്ള ആകുലതകൾ ഇവയൊക്കെ നമ്മെ വല്ലാതെ വലയ്ക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പൂർണ്ണമായും ദൈവത്തിനു വിട്ടുകൊടുത്തു കൊണ്ട് പ്രത്യാശയോടെ മുന്നേറാൻ സഹായിക്കുന്ന ഒരു പ്രാർത്ഥന വി. ബ്രിഡ്‌ജെറ്റ് പഠിപ്പിക്കുന്നുണ്ട്.

    പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധയാണ് ബ്രിഡ്‌ജെറ്റ്. ക്രിസ്തുവിന്റെ പീഡാസഹനങ്ങളെക്കുറിച്ച് ധാരാളം വെളിപ്പെടുത്തലുകൾ കിട്ടിയ വ്യക്തിയാണ് വി. ബ്രിഡ്‌ജെറ്റ്. ദൈവത്തിന്റെ സമാധാനം ഞങ്ങളുടെ ഹൃദയത്തിലേയ്ക്ക് അയയ്ക്കണമേ… എന്ന് യാചിച്ചുകൊണ്ട് വിശുദ്ധ രചിച്ച പ്രാർത്ഥന ചുവടെ ചേർക്കുന്നു:

    “എന്റെ പ്രിയ ഈശോയെ, ഈ രാത്രിയിൽ എന്റെ കൂടെ ആയിരിക്കണമേ. അങ്ങ് അനുവദിക്കാതെ ഒന്നും എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നില്ല എന്നും എനിക്ക് സഹിക്കാൻ പറ്റാത്തതിനും അപ്പുറമായി ഒന്നും അങ്ങ് നൽകുകയില്ല എന്നും എന്റെ മനസിനെ ബോധ്യപ്പെടുത്തണമേ. ഈശോയെ, ദൈവപുത്രാ… കുറ്റാരോപിതരുടെ മുമ്പില്‍ അങ്ങ് നിശ്ശബ്ദനായിരുന്നതുപോലെ എന്നെ കുറ്റപ്പെടുത്തുന്നവരുടെ മുന്നിലും ശാന്തതയോടെ ആയിരിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ.

    അങ്ങയുടെ വഴി കാണിച്ചുതരികയും കൈപിടിച്ചു നടത്തുകയും ചെയ്യേണമേ. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ ഞാൻ അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്ന യാചനകൾക്ക് ഉത്തരം നൽകേണമേ. മുറിവേൽക്കുന്നവർ സഹായത്തിനായി വൈദ്യനെ സമീപിക്കുന്നതുപോലെ ഞാനും അങ്ങയുടെ പക്കൽ ഇപ്പോൾ സഹായത്തിനായി എത്തിയിരിക്കുകയാണ്. കർത്താവേ, നിന്റെ സമാധാനം എന്റെ ഹൃദയത്തിനു നൽകേണമേ. ആമേൻ.”

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.