മരണമടഞ്ഞ അമ്മമാർക്കായി ഉള്ള പ്രാർത്ഥന 

അമ്മ. ആ രണ്ടു അക്ഷരങ്ങളിൽ ഒതുങ്ങിയ സ്നേഹത്തെ പ്രത്യേകമായി അനുസ്മരിച്ച ദിനമായിരുന്നു ഇന്നലെ. അമ്മമാർക്കൊപ്പം സെൽഫികൾ ഇട്ടും ഓർമ്മകൾ പങ്കുവച്ചതും ലോകം മാതൃദിനം ആഘോഷിച്ചു. മാതൃ ദിനത്തിൽ മാത്രമല്ല ഓരോ നിമിഷവും സ്നേഹത്തോടെ നാം ചേർത്തു പിടിക്കേണ്ട വ്യക്തികളാണ് ഓരോ അമ്മമാരും. കാരണം അവർ നമുക്കായി മുറിയപ്പെട്ടവരാണ്. നമുക്കായി ജീവിതം പങ്കുവച്ചവരാണ്.  പല ആളുകളും തങ്ങളുടെ മരണമടഞ്ഞ അമ്മമാരേ കുറിച്ചുള്ള വിതുമ്പുന്ന ഓർമ്മകളും പങ്കുവച്ചിരുന്നു. ഇത്തരത്തിൽ മരണം മൂലം നമ്മിൽ നിന്നും അകന്ന അമ്മമാരേ പ്രത്യേകം ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുവാൻ നമ്മെ സഹായിക്കുന്ന ഒരു പ്രാർത്ഥനയാണ് ഇവിടെ ചേർക്കുന്നത്.
“ഓ പ്രിയ ദൈവമേ ഞങ്ങളുടെ അമ്മയ്ക്കായി ഉള്ള പ്രാർത്ഥനകളും യാചനകളും ഞങ്ങൾ സമർപ്പിക്കുകയാണ്. അങ്ങയുടെ മുൻപിൽ അമ്മയെ കുറിച്ചുള്ള സമാധാന പൂർണ്ണവും സ്നേഹം നിറഞ്ഞതുമായ ഓർമ്മകൾ ഞങ്ങൾ പുതുക്കട്ടെ. അമ്മയുടെ സ്നേഹം ഒരിക്കലും മറക്കാനാവാത്തതാണല്ലോ. മരണ ശേഷവും ആ സ്നേഹം ഞങ്ങളെ പൊതിഞ്ഞു നിൽക്കുന്നു. അമ്മ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങൾ ഞങ്ങൾ ഓർത്തെടുക്കുന്നു. അമ്മയുടെ സ്നേഹവും കരുതലും സംരക്ഷണവും ജീവിച്ചിരിക്കുമ്പോൾ എന്നതുപോലെ ഇപ്പോഴും അനുഭവവേദ്യമാകുന്നു. പ്രിയ ദൈവമേ അങ്ങയുടെ ശാന്തിയും സമാധാനവും കരുണയും അമ്മയുടെ മേൽ ചൊരിയേണമേ. അങ്ങയോട് ചേർത്തു നിത്യഭാഗ്യത്തിൽ എത്തിക്കുവാൻ കനിയണമേ. ജീവിച്ചിരുന്നപ്പോൾ അമ്മ പഠിപ്പിച്ച പ്രാർത്ഥനയും സ്നേഹവും വഴി അങ്ങയോട് ചേർന്നിരിക്കുവാൻ ഉള്ള കൃപ ഞങ്ങൾക്ക് നൽകണമേ.
ജീവിതത്തിൽ എന്തെങ്കിലും പിഴകൾ സംഭവിച്ചു പോയിട്ടുണെങ്കിൽ ക്ഷമിക്കണമേ. ഈ പ്രാർത്ഥനയിലൂടെ ഞങ്ങളുടെ അമ്മയിലേയ്ക്ക് കരുണ വർഷിക്കുവാൻ കാരുണ്യം കാണിക്കണമേ. ഞങ്ങളുടെ പ്രാർത്ഥന കേൾക്കുകയും അമ്മയുടെ വേർപാടിൽ വേദനയിൽ ആയിരിക്കുന്ന ഈ നിമിഷം ശാന്തിയും സമാധാനവും ഞങ്ങളുടെ മനസ്സിൽ നിറയ്ക്കുകയും ചെയ്ത നല്ല ദൈവമേ ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.