നല്ല ജീവിതപങ്കാളിയെ തേടുന്ന പെൺകുട്ടികൾക്കായി ഒരു പ്രാർത്ഥന

    നല്ല ഒരു ജീവിതപങ്കാളിയെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. ദൈവത്തോട് വളരെ പ്രാർത്ഥിച്ച് ഒരുങ്ങേണ്ടത് ആവശ്യമാണ്. കാരണം, ജീവിതകാലം മുഴുവൻ നാം ആയിരിക്കേണ്ടത് അവരുടെ ഒപ്പമാണ്. അതിനാൽ തന്നെ നമ്മെ വിശുദ്ധിയിലേയ്ക്ക് നയിക്കുവാൻ സഹായിക്കുന്ന ഒരാൾ ആയിരിക്കേണ്ടതും ആവശ്യമാണ്.

    വിശുദ്ധനായ, ദൈവഭയമുള്ള ഒരു ജീവിതപങ്കാളിക്കായി ആഗ്രഹിക്കുന്ന- പ്രാർത്ഥിക്കുന്ന പെൺകുട്ടികൾക്കായി ഒരു പ്രാർത്ഥന ഇതാ…

    “പ്രിയ ഈശോയെ, യുവജനങ്ങളുടെ സ്നേഹിതാ, എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തേ, ഒരു ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി എന്റെ കുടുംബം നടത്തുന്ന എല്ലാ പരിശ്രമങ്ങളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു. എന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ വിവേകം എനിക്ക് തരണമേ. അങ്ങനെ ഞാൻ ഉചിതമായ പങ്കാളിയെ തിരഞ്ഞെടുക്കുവാൻ ഇടയാകട്ടെ. പ്രിയപ്പെട്ട യേശുവേ, വിവാഹത്തിൽ എന്നോടൊപ്പം ഐക്യപ്പെടാൻ ഏറ്റവും അനുയോജ്യമായ വ്യക്തിയെ എനിക്ക് കാട്ടിത്തരണമേ. അങ്ങയുടെ തിരുഹൃദയത്തിന്റെ സവിശേഷത ആ വ്യക്തിയിലും നിറയ്ക്കേണമേ. അവൻ നേരുള്ളവനും വിശ്വസ്തനും നിർമ്മലനും ആത്മാർത്ഥതയുള്ളവനും ശ്രേഷ്ഠനുമായിരിക്കട്ടെ. അങ്ങനെ ശുദ്ധമായ സ്നേത്തിലൂടെ ആത്മാവിലും ശരീരത്തിലും ഒന്നായി അങ്ങയോടുള്ള വിശ്വസ്തതയിൽ ഞങ്ങള്‍ ജീവിക്കുവാൻ ഇടയാകട്ടെ.

    വിവാഹത്തിനു മുമ്പുള്ള നമ്മുടെ സൗഹൃദത്തെ അനുഗ്രഹിക്കേണമേ. ആ സൗഹൃദം നസ്രത്തിലെ തിരുക്കുടുംബത്തിന്റെ വിശുദ്ധിയിലേയ്ക്ക് ഞങ്ങളെ നയിക്കുമാറാകട്ടെ. അമലോത്ഭവ മാതാവേ, യുവതികളുടെ അമ്മേ, എന്റെ ഭാവിഭർത്താവിനെ സംബന്ധിച്ച് ഞാനും എന്റെ കുടുംബവുമെടുക്കുന്ന തീരുമാനത്തിൽ ഞങ്ങൾക്കൊപ്പം നിൽക്കേണമേ. ദൈവത്തിന്റെ പരിശുദ്ധഹിതം നിറവേറ്റുവാൻ എന്നെ സഹായിക്കുന്ന വ്യക്തിയിലേയ്ക്ക് എന്നെ നയിക്കേണമേ. അങ്ങനെ സന്തോഷത്തിലും സ്നേഹത്തിലും ദൈവവുമായുള്ള ഐക്യത്തിലും ഞങ്ങൾ ജീവിക്കുകയും നിത്യസൗഭാഗ്യത്തിൽ പ്രവേശിക്കുകയും ചെയ്യട്ടെ. ആമ്മേൻ.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.