വൈദികരാകുവാന്‍ ഒരുങ്ങുന്നവര്‍ക്കായി വിശുദ്ധ കൊച്ചുത്രേസ്യ എഴുതിയ പ്രാര്‍ത്ഥന

  പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ചിരുന്ന വി. കൊച്ചുത്രേസ്യ തന്റെ ഉള്ളില്‍ലുണ്ടായ ഒരു ആത്മീയമായ പ്രേരണയെ തുടര്‍ന്നാണ് വൈദികരാകുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ഒരു പ്രാര്‍ത്ഥന രചിച്ചത്. അന്ന് അത് അത്ര സ്വീകാര്യമായിരുന്നില്ല. കാരണം, വൈദികര്‍ക്കും വൈദികാര്‍ത്ഥികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകള്‍ അത്ര ബോധവാന്മാരായിരുന്നില്ല.

  എന്നാല്‍ കാലം കടന്നുപോയി. പൗരോഹിത്യം നേരിടുന്ന വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവന്നു. ഈ കാലയളവില്‍ കര്‍ത്താവിന്റെ മഹത്വമേറിയ പൗരോഹിത്യത്തിലേയ്ക്ക് യുവാക്കള്‍ കടന്നുവരുന്നതിനും അവര്‍ വിശുദ്ധിയോടെ അതില്‍ നിലനില്‍ക്കുന്നതിനും പ്രാര്‍ത്ഥനയുടെ പിന്‍ബലം ആവശ്യമായി വന്നു. അപ്പോഴാണ് വി. കൊച്ചുത്രേസ്യായുടെ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകള്‍ ബോധാവന്മാരായത്. നമ്മുടെ വീടുകളിലും ബന്ധുക്കളുടെയിടയിലും വൈദിക പരിശീലനത്തിലായിരിക്കുന്നവര്‍ ഉണ്ടാകാം. അവര്‍ക്കായി വി. കൊച്ചുത്രേസ്യ രചിച്ച ഈ പ്രാര്‍ത്ഥന ചൊല്ലി, അവര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

  “ദിവ്യരക്ഷകനായ ഈശോയെ, അങ്ങയുടെ മിഷനറിയാകുവാനായി ആഗ്രഹിക്കുന്നവര്‍ക്കായി ഞാൻ അങ്ങയോട് പ്രാര്‍ത്ഥിക്കുന്നു. ലോകം മുന്നോട്ട് വയ്ക്കുന്ന അപകടങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കേണമേ. ലോകത്തിന്റേതായ കാര്യങ്ങളെ അങ്ങയോടുള്ള സ്നേഹത്തെപ്രതി ഉപേക്ഷിക്കുവാനും അങ്ങയുടെ സ്നേഹത്തില്‍ അഭിമാനം കൊള്ളുവാനും അവരെ ഒരുക്കേണമേ. അങ്ങ് അപ്പസ്തോലന്മാരെ ഏല്‍പ്പിച്ച ദൗത്യം നിര്‍വ്വഹിക്കുവാന്‍ അവര്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു. ആകയാല്‍ അങ്ങയുടെ പവിത്രമായ ഹൃദയത്തിന് യോജിച്ച അപ്പസ്തോലരായി അവരെ മാറ്റണമേ.

  പരിശുദ്ധ അമ്മേ, കാര്‍മ്മല മാതാവേ, ഭാവി വൈദികരുടെ ആത്മാവിനെ അങ്ങയുടെ കരങ്ങളില്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. പരിശുദ്ധ അമ്മേ, അമ്മ തിരുക്കുമാരനെ എങ്ങനെയാണ് പൊതിഞ്ഞുപിടിച്ചിരുന്നതെന്നും ഈശോയെ ചേര്‍ത്തുപിടിച്ചപ്പോള്‍ അമ്മയ്ക്കുണ്ടായ ആത്മീയസന്തോഷത്തെക്കുറിച്ചും അമ്മ അവരെ പഠിപ്പിക്കേണമേ. അങ്ങനെ ഈശോയെ ചേര്‍ത്തുപിടിച്ച് അവര്‍ അള്‍ത്താരയിലേയ്ക്ക് യാത്രയാകട്ടെ. അമ്മയുടെ നീല കാപ്പായുടെ തണലില്‍ അവരെ സംരക്ഷിക്കുകയും സന്തോഷങ്ങളിലും പ്രതിസന്ധികളിലും പ്രലോഭാനങ്ങളിലും അവരെ കൈപിടിച്ച് നടത്തുകയും ചെയ്യണമെന്ന് അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു. അങ്ങനെ അപ്പസ്തോല ധര്‍മ്മത്തിന്റെ ആനന്ദവും ഫലങ്ങളും അവര്‍ അനുഭവിക്കുമാറാകട്ടെ. ആമ്മേന്‍.”

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ