കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മദര്‍ തെരേസ പഠിപ്പിക്കുന്ന പ്രാര്‍ത്ഥന 

ഇന്ന് ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥന ആവശ്യമുള്ള ഒരു മേഖലയാണ് കുടുംബം. കാരണം ഒരു സമൂഹത്തെ നന്മയിലേയ്ക്കും തിന്മയിലേയ്ക്കും വളര്‍ത്തുവാന്‍ കുടുംബങ്ങള്‍ക്ക് കഴിയും. കുടുംബങ്ങളില്‍ നിന്നും ലഭിക്കുന്ന മൂല്യങ്ങള്‍ അനുസരിച്ചാണ് ഒരു തലമുറ നന്മയിലേക്കോ തിന്മയിലേക്കോ തിരിയുന്നത്. അതിനാല്‍ തന്നെ കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക വളരെ അത്യാവശ്യം ആണ്.

കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വിശുദ്ധ മദര്‍ തെരേസ  ഒരു പ്രാര്‍ത്ഥന പഠിപ്പിക്കുന്നുണ്ട്. ആ പ്രാര്‍ത്ഥന ഇതാ:

‘സ്വര്‍ഗ്ഗീയ പിതാവേ, നസ്രത്തിലെ കുടുംബത്തിലൂടെ എങ്ങനെ ജീവിക്കണം എന്ന മാതൃക അങ്ങ് പകര്‍ന്നു തന്നല്ലോ. സ്‌നേഹമുള്ള പിതാവേ, എന്റെ കുടുംബം നസ്രത്തിലെ കുടുംബം പോലെ സ്‌നേഹത്തിലും സമാധാനത്തിലും ആനന്ദത്തിലും ആയിരിക്കുവാന്‍ സഹായിക്കണമേ. ആഴമായി ചിന്തിക്കുവാനും ദിവ്യകാരുണ്യത്തില്‍ ആശ്രയിക്കുവാനും അങ്ങനെ ആത്മീയമായ ഉണര്‍വ് ഉണ്ടാകുവാനും ഇടയാക്കണമേ.

സന്തോഷത്തിലും ദുഖത്തിലും  പ്രാര്‍ത്ഥനയില്‍ ഒന്നായിരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. ദുരിതങ്ങളുടെ അവസരങ്ങളിലും ഞങ്ങളുടെ കുടുംബാംഗങ്ങളില്‍ ഈശോയെ ദര്‍ശിക്കുവാനുള്ള കൃപ നല്കണമേ. ഈശോയുടെ തിരുഹൃദയം പോലെ ഞങ്ങളുടെ ഹൃദയങ്ങളെയും താഴ്മയുടെ വിളനിലമാക്കണമേ. ഞങ്ങളുടെ കുടുംബത്തിലെ കടമകള്‍ ഏറ്റവും വിശുദ്ധമായി ചെയ്യുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.

ദൈവം ഞങ്ങളെ സ്‌നേഹിക്കുന്നത് പോലെ മറ്റുള്ളവരെ സ്‌നേഹിക്കുവാനും ഓരോ ദിവസവും സ്‌നേഹത്തില്‍ കൂടുതല്‍ ആഴപ്പെടുവാനും ദൈവം ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചതുപോലെ മറ്റുള്ളവരുടെ പാപങ്ങള്‍ ക്ഷമിക്കുവാനും ഞങ്ങളെ സഹായിക്കണമേ. പ്രിയ ഈശോയെ അങ്ങ് നല്‍കുന്ന ഏതു സഹനങ്ങളെയും നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

മറിയത്തിന്റെ വിമല ഹൃദയമേ, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.
വിശുദ്ധ യൌസേപ്പിതാവേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
കാവല്‍മാലാഖമാരെ ഞങ്ങള്‍ക്കൊപ്പം ആയിരുന്നു കൊണ്ട് ഞങ്ങളെ സഹായിക്കുകയും നയിക്കുകയും ചെയ്യണമേ. ആമ്മേന്‍.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.