കാലങ്ങൾക്കിപ്പുറം മതസൗഹാർദ്ദത്തിന്റെ സന്ദേശം പകരുന്ന ചിത്രം

ജീവിതത്തിലെ വൈകല്യങ്ങളെ മറികടക്കാൻ പരസ്പരം ആശ്രയിക്കുന്ന രണ്ടു പേർ. ഇവരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇന്നും പുതുമയോടെ ഈ ചിത്രം അനേകരുടെ മനസ്സിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വസന്തം നിറക്കുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഓട്ടോമൻ സിറിയയിലെ ദമാസ്കസിൽ ജീവിച്ചിരുന്നതായി പറയപ്പെടുന്ന രണ്ടു പേരാണ് ഈ ചിത്രത്തിൽ. സമീർ പക്ഷാഘാതം ബാധിച്ച ഒരു ക്രിസ്ത്യാനിയാണ്. മുഹമ്മദ് ഒരു അന്ധ മുസ്ലീമായിരുന്നു. ഇവരുടെ പ്രചോദനാത്മകമായ കഥ വായിച്ചറിയാം.

സമീറിന്റെ കണ്ണുകളുടെ വെളിച്ചമില്ലാതെ, മുഹമ്മദിന് ദമാസ്കസിലെ തെരുവുകളിൽ ഇറങ്ങിനടക്കാനാകുമായിരുന്നില്ല. പക്ഷാഘാതം ബാധിച്ച സമീറിനോ, മുഹമ്മദിന്റെ കാലുകളില്ലാതെ എങ്ങോട്ടും പോകാനും കഴിയുമായിരുന്നില്ല. അവരുടെ അസാധാരണമായ സൗഹൃദം അക്ഷരാർത്ഥത്തിൽ അവരുടെ ജീവിതത്തെ കൂടുതൽ വർണ്ണാഭമാക്കി.

സമീറും മുഹമ്മദും അനാഥരാണ്. അതിനാൽ, അവർ താമസിച്ചിരുന്നതും ഒരുമിച്ചു തന്നെയായിരുന്നു. സമീർ മരിച്ചപ്പോൾ, തന്റെ പകുതി നഷ്ടപ്പെട്ടതിന് മുഹമ്മദ് ഏഴു ദിവസം കരഞ്ഞതായിട്ടാണ് പറയപ്പെടുന്നത്. കാരണം, അവന്റെ ജീവിതത്തിന്റെ പ്രകാശമായിരുന്നു സമീറിന്റെ മരണത്തോടെ അണഞ്ഞത്. ഇവരുടെ പേരുകളുടെയോ, വ്യക്തിപരമായ ചരിത്രത്തിന്റെയോ കൃത്യത രേഖപ്പെടുത്തുന്ന ഉറവിടങ്ങളൊന്നുമില്ല. എന്നാൽ ഈ രണ്ടു പേരുടെയും ഫോട്ടോ യഥാർത്ഥമാണ്.

ഈ ചിത്രത്തിനു പിന്നിൽ

1889 -ൽ ഇറ്റലിയിൽ ഫ്രഞ്ച് മാതാപിതാക്കൾക്കു ജനിച്ച ഫോട്ടോഗ്രാഫർ ടാൻക്രേഡ് ഡുമാസ് (1830-1905) ആണ് ഈ ചിത്രം പകർത്തിയത്. ഡ്യൂമാസ്, ഫ്ലോറൻസിൽ ആണ് ഫോട്ടോഗ്രഫി പഠിച്ചത്. പക്ഷാഘാതം ബാധിച്ച ക്രിസ്ത്യാനിയുടെയും അന്ധനായ മുസ്ലീമിന്റെയും യഥാർത്ഥ കഥ എന്തായിരുന്നാലും, ഇന്ന് നമുക്കതൊരു  യഥാർത്ഥ പ്രചോദനമാകട്ടെ. ജാതിയുടെയും മതത്തിന്റെയും പേരിൽ സ്പർദ്ധയും അസഹിഷ്ണുതയും വർദ്ധിക്കുമ്പോൾ ഈ ചിത്രം അനേകർക്ക് പ്രചോദനമാകട്ടെ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.