മദ്യ വിതരണക്കാരനില്‍ നിന്ന് പുരോഹിതനിലേയ്ക്കുള്ള ഒരു വ്യക്തിയുടെ അപൂര്‍വ യാത്ര

ദൈവത്തിന്റെ പദ്ധതി വളരെ വ്യത്യസ്തമാണ്. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് നിഗൂഢവും. അതിന് ഉദാഹരണമാണ് ഫാ. ജുവാന്‍ ഡി കാസീറീസ്.

സ്‌പെയിനിലെ സെന്റന്‍ഡര്‍ രൂപതയില്‍ സേവനം ചെയ്യുന്ന ഫാ. ജുവാന്റെ ജീവിതത്തില്‍ പിന്തിരിഞ്ഞു നോക്കിയാല്‍ ചെന്നെത്തുക ബാറിലെ ഇരുണ്ട വെളിച്ചത്തില്‍ മദ്യം വിതരണം ചെയ്യുന്ന ചെറുപ്പക്കാരനിലാണ്. മദ്യവിതരണക്കാരനില്‍ നിന്നും ദൈവജനത്തിന്റെ ഇടയനിലേയ്ക്ക് ദൈവം കൈപിടിച്ചുയര്‍ത്തിയ ഫാ. ജുവാന്റെ ജീവിതത്തിലൂടെ ഒന്ന് കടന്നുപോകാം.

ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കുട്ടിയായിരുന്നു ജുവാന്‍. മാതാപിതാക്കളുടെ ചേലയില്‍ നിന്ന് പിടിവിടുന്ന സമയത്ത് അത്യാവശ്യം വിശ്വാസവും പള്ളിയില്‍ പോക്കും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും കാലക്രമേണ അത് പതിയെ കുറഞ്ഞുകുറഞ്ഞു വന്നു. ചുരുക്കി പറഞ്ഞാല്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജുവാന്‍ പള്ളിയില്‍ പോക്കൊക്കെ പൂര്‍ണ്ണമായും നിര്‍ത്തി. പിന്നെ സ്വന്തം ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായുള്ള ഒരു ഓട്ടമായിരുന്നു.

ബിരുദപഠനത്തിനായി ജുവാന്‍ ലോ സ്‌കൂളില്‍ ചേര്‍ന്നു. പഠിക്കാന്‍ അത്ര മിടുക്കന്‍ അല്ലാത്തതിനാലും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലവും തന്റെ ഇരുപത്തി എട്ടാമത്തെ വയസില്‍ ജുവാന്‍ നിയമപഠനം ഇടയ്ക്ക് വച്ച് നിര്‍ത്തി. ഒരു ബാറില്‍ ജോലിക്ക് കയറി. അവിടെ ജോലി ചെയ്തുവെങ്കിലും കാര്യമായ സാമ്പത്തിക നേട്ടമൊന്നും ജുവാന് ഉണ്ടായില്ല. മുപ്പതാം വയസിലേയ്ക്ക് കടന്നപ്പോള്‍ കൂട്ടുകാരും ജുവാനെ വിട്ടുപോയി. ശരിക്കും ഒറ്റപ്പെട്ട ഒരു അവസ്ഥയിലായി. അങ്ങനെ, നിയന്ത്രിക്കുവാനോ ഉപദേശിക്കുവാനോ ആരും ഇല്ലാത്ത അവസ്ഥ.

ആ അവസ്ഥയില്‍ മുന്നോട്ട് പോകുമ്പോഴാണ് ദൈവദൂതനെ പോലെ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കടന്നുവരുന്നത്. അദ്ദേഹം സംസാരിച്ചത് മുഴുവന്‍ പ്രാര്‍ത്ഥനയെ കുറിച്ചായിരുന്നു. ആ സംസാരത്തിനിടയില്‍ തന്നില്‍ ഒരു മാറ്റം വരുന്നതായി ജുവാന് തോന്നി. അതിനുശേഷം ജുവാന്‍ പള്ളിയില്‍ പോകാന്‍ തുടങ്ങി. കുമ്പസാരിച്ചു. ഇടക്കുവെച്ചു നിര്‍ത്തിയ പഠനം വീണ്ടും തുടങ്ങി. പതിയെ ജീവിതത്തില്‍ നഷ്ടപ്പെട്ട്  തുടങ്ങിയതൊക്കെ ജുവാന്‍ നേടിത്തുടങ്ങി.

അങ്ങനെ ജീവിതത്തില്‍ മുന്നേറിത്തുടങ്ങിയ നിമിഷം അദ്ദേഹത്തിന്റെ ഉള്ളില്‍ എനിക്കായി നിന്റെ ജീവിതം തരുമോ എന്നൊരു ചോദ്യം ദൈവം ചോദിക്കുന്നതായി തോന്നി. എന്നാല്‍ അതിനു ചാടിക്കേറി അതെ എന്ന് പറയുവാന്‍ ജുവാന് കഴിഞ്ഞില്ല. ദൈവത്തിന്റെ ആ വിളിക്ക് മുന്നില്‍ ആദ്യം നോ എന്നാണ് ജുവാന്‍ പറഞ്ഞത്. അതിനായി ജോലി, ജീവിതം, കരിയര്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ അദ്ദേഹം കണ്ടെത്തി. ജീവിതത്തില്‍ ഒന്ന് സെറ്റിലായി ഒരു വിവാഹജീവിതത്തിലൂടെ നല്ലൊരു കുടുംബം നയിക്കുന്നത് സ്വപ്നം കണ്ട സമയമായിരുന്നു അത്. ‘എന്നാല്‍ എന്നെ സംബന്ധിച്ച ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു’ ഫാ. ജുവാന്‍ പറഞ്ഞു.

ഒരു കുടുംബജീവിതം സ്വപ്നം കണ്ട സമയത്തും ദൈവത്തിന്റെ ആ ഒരു ചോദ്യം അദ്ദേഹത്തിന്റെ ഹൃദയത്തെ കോര്‍ത്തു വലിച്ചിരുന്നു. ഒടുവില്‍ അദ്ദേഹം ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞു. അദ്ദേഹം പിതാവിന്റെ പക്കല്‍ ചെന്നു. തന്റെ പഴയജീവിതത്തെ ഓര്‍മിപ്പിക്കുന്ന ഇടത്തില്‍ നിന്നും അകലെയുള്ള സെമിനാരിയില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി ആരാഞ്ഞു. അങ്ങനെ പമ്പ്‌ലോനയിലെ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായി ചേര്‍ന്നു. അങ്ങനെ കഴിഞ്ഞ 2018 ജനുവരിയില്‍ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു.

ഇന്ന് സ്‌പെയിനില്‍ വോക്കേഷന്‍ പ്രമോട്ടറായി സേവനം ചെയ്യുന്ന അദ്ദേഹം, യുവജനങ്ങള്‍ക്കും കൗമാരക്കാര്‍ക്കും ഇടയിലാണ് തന്റെ പ്രവര്‍ത്തനം കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുക. തന്നെപ്പോലെ ജീവിതത്തില്‍ ഉപദേശിക്കാന്‍ ആരും ഇല്ലാത്ത ധാരാളം യുവാക്കള്‍ ഉണ്ട്. അന്ന് എന്റെ ജിവിതത്തില്‍ ദൈവഹിതം തിരിച്ചറിയാന്‍ തക്കവിധം പരിവര്‍ത്തനത്തിന്റെ വിത്തുകള്‍ പാകിയ സുഹൃത്തിന്റെ ദൗത്യം ഏറ്റെടുക്കുകയാണ് ഞാന്‍ ഇന്ന്. അദ്ദേഹം പറഞ്ഞു നിര്‍ത്തി.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.