കറുത്ത വർഗ്ഗക്കാരായ പെൺകുട്ടികൾക്ക് കരുത്ത് പകർന്ന് ഒരു സന്യാസിനി

ബ്രസീലിലെ വടക്കുകിഴക്കൻ പ്രദേശമായ ആമസോണിലെ പാരയിലെ കുടിയേറ്റക്കാരായ കറുത്തവർഗക്കാർ വളരെയധികം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആഫ്രോ- ബ്രസീലിയൻ പൈതൃകത്തിനെതിരെ കടുത്ത സാമൂഹിക നിഷേധമാണ് ഉണ്ടായിട്ടുള്ളത്. പതിറ്റാണ്ടുകളായി ഇങ്ങനെ ബുദ്ധിമുട്ടനുഭവിക്കുന്ന പെൺകുട്ടികൾക്കായി പോരാടുകയാണ് ഫ്രാൻസിസ്കൻ സിസ്റ്റർ ടെൽമ ബാർബോസ.

പാരയിൽ നിരവധി ആഫ്രിക്കൻ അടിമകൾ സ്ഥാപിച്ച സമൂഹങ്ങൾ ഉണ്ട്. 1990 -ൽ ഇങ്ങനെയുള്ള പാരയിലെ കൗമാരക്കാരുടെ ഗ്രൂപ്പുകളുമായി സി. ബാർബോസ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. “അൽതാമിറ നഗരത്തിലെ പാവപ്പെട്ട യുവജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ വിഷാദം, സ്വയം മുറിവേൽപ്പിക്കൽ, ആത്മഹത്യ എന്നിവ സാധാരണമാണെന്ന് ഞാൻ മനസ്സിലാക്കി”- സിസ്റ്റർ പറയുന്നു. 1980 -കളുടെ തുടക്കത്തിൽ സി. ബാർബോസ തന്റെ  ശുശ്രൂഷയിൽ യുവജനങ്ങൾ അനുഭവിക്കുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സ്വന്തമായ ഒരു രീതി വികസിപ്പിച്ചെടുത്തു. ആഫ്രോ ബ്രസീലിയൻ നൃത്ത പാരമ്പര്യം ഉപയോഗിച്ചുകൊണ്ടാണ് അവരുടെ ഇടയിലേക്ക് ഇ സന്യാസിനി കടന്നുചെന്നത്. ഇത് സ്വയം അവരെത്തന്നെ അംഗീകരിക്കാൻ സഹായിക്കുന്നു.

അൽതാമിറയിലെ കൗമാരക്കാരായ സ്‌കൂൾ കുട്ടികളോടൊപ്പം പ്രവർത്തിക്കാൻ സി. ബാർബോസ ആരംഭിച്ചു. പ്രതിവാര മീറ്റിംഗുകളുടെ ഒരു ഷെഡ്യൂൾ ഇടുകയും അതിൽ അവരുടെ പ്രശ്നങ്ങൾ ഒരുമിച്ച് ചർച്ച ചെയ്യുകയും ആത്മീയ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ആഫ്രോ ബ്രസീലിയൻ സംസ്കാരത്തിന്റെ വ്യത്യസ്ത പാരമ്പര്യങ്ങളെ അടുത്തറിയുവാൻ ഇതുവഴി അവർക്കായി. അങ്ങനെ തനത് കലാരൂപങ്ങളും ആചാരങ്ങളും ഇവർ സമൂഹമധ്യത്തിലേക്ക് കൊണ്ടുവന്നു. ക്രിയോൾ ഡ്രം, സെന്റ് ബെനഡിക്റ്റ് ദി മൂറിന്റെ ബഹുമാനാർത്ഥം ഒരു സർക്കിൾ ഡാൻസ്- കപ്പോയിറ, നൃത്തത്തിന്റെയും ആയോധനകലയുടെയും മിശ്രിത രൂപം- സാംബാ ഡി റോഡ എന്നിവ അതിൽ ഉൾപ്പെടുന്നു. ആഫ്രോ ഫാഷൻ ഷോകളും ഇവർ നടത്തി.

പല പെൺകുട്ടികളെയും അവരുടെ പിതാക്കന്മാരോ രണ്ടാനച്ഛനോ മാനഭംഗപ്പെടുത്തുകയും പുറത്ത് പറയാൻ കഴിയാത്തവിധം ഈ കുട്ടികൾ മാനസികമായി വലിയ സമ്മർദ്ദത്തിലൂടെ കടന്നു പോവുകയും ചെയ്തിരുന്നു. അതിനാൽ ഈ കുട്ടികൾക്ക് വേണ്ടി മാനസികാരോഗ്യം നൽകുന്ന കാര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അവർ വിശദീകരിച്ചു. വീട്ടിലും സ്കൂളിലും പോസിറ്റീവ് പിന്തുണ ലഭിക്കാത്തതും വിഷാദരോഗത്തിന് കാരണമാകുന്നു. പല പെൺകുട്ടികളും തങ്ങളെത്തന്നെ അംഗീകരിക്കുന്നതിലെ ബുദ്ധിമുട്ടാണ് വലിയ പ്രശ്‌നമായി നിലകൊള്ളുന്നത്.

കൗമാരക്കാരുടെ ഇടയിലെ ആത്മഹത്യ വർദ്ധിച്ചതിന് പിന്നാലെയാണ് ഈ പ്രദേശത്ത് സി. ബാർബോസയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെട്ടത്. സമൂഹത്തിൽ കറുത്ത വർഗ്ഗക്കാർ നേരിടുന്ന പ്രശ്ങ്ങളിൽ നിന്നും അവരെ പുറത്ത് കൊണ്ടുവരാൻ ഈ സന്യാസിനി തന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയാണ്.

ഇതുപോലുള്ള അനേകം സന്യാസിനികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. ഇവരൊക്കെ സമൂഹത്തെ നന്മയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ നയിക്കുകയാണ്. ഇവരെ പ്രത്യേകം ഓർമ്മിക്കുന്ന ഇന്നേ ദിവസം നമുക്കും സമർപ്പിതർക്കായ് പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.