വിയറ്റ്നാമിലെ അഭയാർത്ഥികൾക്ക് കരുതലിന്റെ കരം വിരിച്ച കന്യാസ്ത്രീ

ദൈവജനത്തിന്റെ ആവശ്യങ്ങളിൽ, വേദനകളിൽ സഹായവുമായി കടന്നുവരുവാൻ നിയോഗിക്കപ്പെട്ടവരാണ് സന്യസ്തർ. ദൈവജനത്തിനായി ഏത് ആവശ്യനേരത്തും ഓടിയെത്തുന്ന സന്യസ്തർ. ഇത്തരത്തിൽ ജീവിതമാതൃക കൊണ്ട് വ്യത്യസ്തയാവുകയാണ് പ്യുപ്പ ന്യൂഗിനിയയിൽ നിന്നുള്ള സിസ്റ്റർ തെരേസ വു തുങ്.

ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ സന്യാസ സമൂഹത്തിൽ നിന്നുള്ള സി. തെരേസ, നാടും വീടും വിട്ട് അഭയാർത്ഥികളായി കഴിയേണ്ടി വരുന്നവരുടെ ഇടയിലാണ് സേവനം ചെയ്യുന്നത്. വളരെ ചെറുപ്രായത്തിലേ സ്വന്തം നാട് വിടേണ്ടി വരുകയും അന്യദേശത്ത് പരദേശികളായി കഴിയേണ്ടി വരുകയും ചെയ്യുന്ന ഇത്തരക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുകയും തിരികെ അവരുടെ നാട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്യുകയാണ് ഈ സിസ്റ്ററിന്റെ പ്രധാന ദൗത്യം.

പലരെയും, ക്ഷീണിച്ച് അവശരായ നിലയിലാണ് സിസ്റ്റർ കണ്ടെത്തുന്നത്. അവർക്ക് കഴിക്കാൻ ഭക്ഷണവും കുടിക്കാൻ വെള്ളവും താമസിക്കാൻ സ്ഥലവും നൽകി സ്വന്തം കുടുംബത്തിലെ ഒരാളെപ്പോലെ ചേർത്തുനിർത്തുന്നു ഈ കന്യാസ്ത്രീ. ഇവരിൽ പലർക്കും നീതി നിഷേധിക്കപ്പെടുന്നു എന്ന് മനസിലാക്കിയ സിസ്റ്റർ, അഭയാർത്ഥികളുടെ അവകാശത്തിനായി പോരാടിത്തുടങ്ങി. ഇതുകൂടാതെ, അബദ്ധത്തിൽ ഇവിടെ പെട്ടുപോയ വിദേശികൾക്ക് ആവശ്യമായ നിയമ വശങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുവാനും അവരെ സഹായിക്കുവാനും തിരികെ നാട്ടിലേയ്ക്ക് മടക്കി അയക്കുവാനും സിസ്റ്റർ ശ്രമിക്കുന്നു.