അനേകം പെൺകുട്ടികൾക്ക് മാതൃസ്നേഹത്തിന്റെ മാധുര്യം പകർന്ന സന്യാസിനി

ഇറ്റലിയിലെ സാന്താ റീത്ത മൊണാസ്ട്രിയിൽ സി. മെലാനിയയുടെ സമർപ്പിത ജീവിതത്തിന്റെ 60 -ാം വാർഷിക ദിനത്തിന്റെ വിശുദ്ധ കുർബാനയർപ്പണം. ആ സമയം വരെയും അവരെ ലോകം അറിഞ്ഞിട്ടേ ഇല്ലായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഫോളോവേഴ്‌സോ പ്രശസ്തിയോ തിരയാൻ ആഗ്രഹമില്ലാത്ത ഒരു സമർപ്പിത. ഇതൊന്നുമില്ലെങ്കിലും അവരെ അറിയുന്ന കുറച്ചധികം കുഞ്ഞുങ്ങളുണ്ട്. ഒന്നുമില്ലായ്മ്മയിൽ നിന്ന് അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ‘സെന്റ് റീത്ത ഹൈവ്’ എന്ന സ്ഥാപനത്തെക്കുറിച്ചും സി. മെലാനിയാ എന്ന സമർപ്പിതയുടെ ജീവിതവും വായിച്ചറിയാം.

സാന്താ റീത്ത ബീ ഹൈവ്

വാ. മരിയ തെരേസ ഫാസ്സേ 1938 -ൽ ആരംഭിച്ച സ്ഥാപനമാണ് സാന്താ റീത്ത ബീ ഹൈവ്. വി. റീത്തയുടെ കാരുണ്യ പ്രവർത്തനങ്ങളിലും പ്രാർത്ഥനയിലുമാണ്‌ സാന്താ റീത്ത മൊണാസ്ട്രിയിലെ സമർപ്പിതരുടെ ജീവിത ശൈലികൾ കേന്ദ്രീകരിച്ചിരുന്നത്. ഒരു ദിവസം ഒരു വിധവയായ സ്ത്രീ തന്റെ മകളുമായി മഠത്തിൽ വരികയും അന്നത്തെ മദർ ആയ മരിയാ തെരേസ ഫാസെയെ സമീപിച്ചു. വിധവയായ തനിക്ക് കുട്ടിയെ വളർത്തുവാൻ വലിയ ബുദ്ധിമുട്ടാണെന്നും അവളെ മഠത്തിൽ നിർത്തുവാൻ അനുവാദം ചോദിക്കുകയും ചെയ്തു. സന്യാസിനിമാർക്കും വിശുദ്ധ ബലിയർപ്പണത്തിനുമായി വൈദികർക്കും മാത്രം ആയിരുന്നു അന്ന് മഠത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്. എങ്കിലും പ്രത്യേക സാഹചര്യത്തിൽ ആ കൊച്ചു പെൺകുട്ടിയെ അവർ ഏറ്റെടുത്തു. അതൊരു സെപ്റ്റംബർ 24 ആയിരുന്നു. തിരുസഭ കരുണയുടെ മാതാവിന്റെ തിരുനാൾ ആചരിക്കുന്ന ദിനം. അതിനാൽ തന്നെ ആ കരുണയും പ്രാർത്ഥനയും ആരും കാണാതിരുന്നില്ല. നിരവധി പേരിൽ നിന്നും സഹായങ്ങൾ ഈ സമർപ്പിതർക്ക് ലഭിച്ചു. അതോടൊപ്പം നിരവധി പെൺകുട്ടികൾക്ക് അവർ ജീവിതം നൽകുകയായിരുന്നു. നല്ല പെരുമാറ്റ ശീലങ്ങളും വിദ്യാഭ്യസവും നൽകുവാൻ ഈ സിസ്റ്റേഴ്സ് പ്രത്യേകം താല്പര്യവും ഉത്തരവാദിത്വവും കാണിച്ചു.

യേശുവിനോടുള്ള സ്നേഹം: ഇരുപത്തിരണ്ടാം വയസിൽ വീട്ടിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം

യേശുവിനോടുള്ള അപാരമായ സ്നേഹത്താൽ ആരോടും പറയാതെ വീട്ടിൽ നിന്നും ഒളിച്ചോടിയ ഒരു പെൺകുട്ടിയായിരുന്നു മരിയ. അവൾ തന്റെ ‘പ്രണയവുമായി’ ചെന്നെത്തിയത് സാന്താ റീത്ത ഓഫ് കാസിയ മൊണാസ്ട്രിയിലും ആയിരുന്നു. അതും ഇരുപത്തിരണ്ടാം വയസ്സിൽ. അങ്ങനെ ഒരു സമർപ്പിതയാകുവാനുള്ള ആഗ്രഹം അവിടെ നിന്ന് പൂവണിഞ്ഞു. മരിയ പിന്നീട് സി. മെലാനിയായായി മാറി. അന്ന് മുതൽ ഇന്നോളം തന്റെ ജീവിതം പ്രാർത്ഥനയ്ക്കും സേവനത്തിനുമായി മാറ്റിവെച്ചിരിക്കുകയാണ് ഇവർ. അറുപത് വർഷം പിന്നിട്ടപ്പോഴും സിസ്റ്ററിന്റെ പ്രിയപ്പെട്ടവർ എന്നും കുട്ടികളായിരുന്നു. സാന്ത റീത്തയിലെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞ 60 വർഷമായി അമ്മയാണ് സി. മെലാനിയ. ഇത് തുറന്നു കാണിക്കുന്നത് മറ്റൊരു മുഖമാണ്. എന്തെന്നാൽ ആത്മീയ മാതൃത്വത്തിന്റെ ഒരു മാതൃകയെന്നു വേണമെങ്കിൽ നമുക്ക് ഇതിനെ പറയാം. കാരണം 60 വർഷത്തിനിടെ വളർത്തി വലുതാക്കിയ പെൺമക്കളിൽ ഭൂരിഭാഗവും ഇന്ന് അമ്മമാരും മുത്തശ്ശിമാരും ഒക്കെ ആയിട്ടുണ്ട്. എങ്കിലും സി. മെലാനിയ ഇന്നും അവരുടെയൊക്കെ അമ്മയാണ്.

ജൈവശാസ്ത്രപരമായി അമ്മയായില്ലെങ്കിൽ കൂടിയും തങ്ങളുടെ ആത്മീയത, പ്രാർത്ഥന, സ്നേഹം എന്നീ സദ്‌ഗുണഗങ്ങൾ കൊണ്ട് അനേകം മക്കളുടെ അമ്മയായി മാറുന്ന നിരവധി സമർപ്പിതരുണ്ട് സഭയിൽ. അവർക്കെല്ലാം മാതൃകയാണ് ഈ സന്യാസിനി. 6 മുതൽ 18 വയസ്സുവരെയുള്ള പെൺകുട്ടികൾ അവരുടെ അമ്മയാകാനുള്ള വിളി എന്നത് വളരെ പ്രത്യേകത നിറഞ്ഞതാണ്. അതും ഒന്നോ രണ്ടോ വർഷമല്ല നീണ്ട 60 വർഷക്കാലം. ഒരു ജീവിതം മുഴുവൻ കുറെയധികം പെൺകുട്ടികളെ ഏറ്റവും മികച്ച സ്ത്രീകൾ ആക്കിത്തീർക്കുവാനായി ഏറ്റെടുത്ത ആ വലിയ വിളിയെ മനോഹരമാക്കിയ സി. മെലാനിയയെപോലയുള്ളവരാണ് എല്ലാ അമ്മമാരുടെയും സമർപ്പിതരുടെയും മാതൃകകൾ. ലഭിച്ച വിളിയിൽ ആത്മീയതയുടെ മാതൃത്വം നിറച്ച സിസ്റ്റർ മെലാനിയുടെ ജീവിതം എക്കാലവും ഓർമ്മിക്കപ്പെടട്ടെ.

സുനീഷ വി. എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.