ഹെയ്തി ഭൂകമ്പം: കഷ്ടതയനുഭവിക്കുന്ന ജനതയ്ക്ക് സഹായമായി ഒരു സന്യാസിനി

ഭൂകമ്പങ്ങളുടെ നാടാണ് ഹെയ്തി. 2010 മുതലുള്ള ഭൂകമ്പങ്ങളിൽ ഹെയ്തിയൻ ജനതയ്ക്ക് സഹായമായി പ്രവർത്തിക്കുന്ന ഒരു സന്യാസിനിയുണ്ടവിടെ. വടക്കേ അമേരിക്കയിലെ ഫെലിസിയാന സന്യാസ സമൂഹത്തിൽ നിന്നും ഹെയ്തിയൻ ജനതയ്ക്കായി ദൈവം അയച്ച ആ സന്യാസിനിയാണ് സി. മെർലിൻ മേരി മിന്റർ.

2010 -ൽ ഹെയ്തിയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന് ഇരകളായവരെ സഹായിക്കാൻ എത്തിച്ചേർന്നതായിരുന്നു ഈ സന്യാസിനി. അവിടെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സിസ്റ്റർ ഏറ്റവും പുതിയതായി സംഭവിച്ച ഭൂകമ്പത്തെക്കുറിച്ച് വിവരിക്കുകയാണ്…

ലെസ് കേയ്‌സിൽ നിന്നും 128 കിലോമീറ്റർ അകലെയായുള്ള ജാക്‌മിലിലെ കോൺവെന്റിലായിരുന്നു സിസ്റ്ററും മറ്റു മൂന്ന് സഹസന്യാസിനിമാരും താമസിച്ചിരുന്നത്. സംഭവ ദിവസം രാവിലെ അടുത്ത മുറിയിൽ നിന്ന് മറ്റൊരു സിസ്റ്റർ വിളിച്ചുപറഞ്ഞു, ‘വേഗം വീട്ടിൽ നിന്ന് പുറത്തിറങ്ങൂ, ഇതൊരു ഭൂകമ്പമാണ്.’ കാരണം ഞങ്ങളുടെ കൂടെയുള്ള മറ്റു സന്യാസിനിമാർക്ക് ഭൂകമ്പത്തിന്റെ ആദ്യ അനുഭവമായിരുന്നു അത്. ഉടനെ ഞങ്ങൾ വീടിനു പുറത്തിറങ്ങുകയും അവിടെ കുറച്ചു സമയം ചിലവഴിക്കുകയും ചെയ്തു.

“അത് ഭൂകമ്പമാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഞങ്ങൾ വീടിനു പുറത്തേയ്ക്ക് ഓടി. ഏകദേശം 20 മിനിറ്റ് പുറത്ത് കാത്തുനിന്ന ശേഷം ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. തങ്ങൾ സുരക്ഷിതരാണെന്ന് പെൻസിൽവാനിയയിലെ മേലധികാരികൾക്ക് കത്തു നൽകി. ആലോചിച്ചു നിൽക്കാനുള്ള സമയമല്ല ഇതെന്ന് ഞങ്ങൾക്ക് മനസിലായിരുന്നു. മുൻപുണ്ടായ ഭൂകമ്പങ്ങളിൽ ചെയ്തതുപോലെ തന്നെ ഞങ്ങളുടെ കണ്ടെയ്നറുകളിൽ ഉള്ളതും എടുത്തുകൊണ്ട് ആളുകൾക്കിടയിലേക്ക് ഇറങ്ങി. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 12,268 പേർക്ക് പരിക്കേൽക്കുകയും 53,000 വീടുകൾ നശിക്കുകയും ചെയ്തു. 60 ആരാധനാലയങ്ങളും 20 സ്‌കൂളുകളും 25 ആരോഗ്യകേന്ദ്രങ്ങളും 48 ബാലഭവനുകളും 77,000 വീടുകളും തകർന്നു. ലെസ് കെയ്സിനു സമീപമുള്ള പള്ളി തകർന്നുവീണ് 20 പേർ മരിച്ചു. മറ്റൊരു ദൈവാലയത്തിൽ 25 വയസിനു താഴെയുള്ള 17 പേർ കൊല്ലപ്പെടുകയും ചെയ്തു” – സിസ്റ്റർ വെളിപ്പെടുത്തി. തുടർന്നുള്ള ഓരോ വാർത്തകളും നടുക്കുന്നതായിരുന്നു.

“ലെസ് കെയ്സിലെ ഒരു ദൈവാലയത്തിൽ ആ സമയം കുഞ്ഞുങ്ങളുടെ മാമ്മോദീസ നടന്നുകൊണ്ടിരിക്കുകയായിരുന്നു. വെള്ളവസ്ത്രത്തിൽ മരിച്ചുകിടക്കുന്ന കുട്ടികളുടെ ചിത്രം ഏതൊരു മനുഷ്യന്റെയും കരളലിയിക്കുന്നതായിരുന്നു. തുണികൾ, ടൗവ്വലുകൾ, ഷീറ്റുകൾ, ഷൂസുകൾ, മരുന്നുകൾ, ബാന്റേജുകൾ, എല്ലാം എടുത്തുകൊണ്ട് ഞങ്ങൾ ആളുകൾക്കിടയിലേക്ക് ഇറങ്ങി.”

സി. മെർലിൻ ഹെയ്തിയൻ ജനതയുടെ സമഗ്രവികസനത്തിനാണ് എപ്പോഴും ഊന്നൽ നൽകുന്നത്. ശുദ്ധജലം എന്നത് ഈ ജനതയെ സംബന്ധിച്ചിടത്തോളം ഒരു കിട്ടാക്കനിയാണ്. അതിനായി സിസ്റ്റർ പ്രത്യേകം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. “ഒരു ബക്കറ്റും ഫിൽട്ടറും ഉപയോഗിച്ച് മഴവെള്ളമെടുക്കാം. ആ വെള്ളം അരിച്ച് ശുദ്ധീകരിച്ച് വെള്ളം മറ്റുള്ളവർക്ക് നൽകാം. ഒരു സ്ത്രീക്ക് ഞങ്ങൾ ഒരു ബക്കറ്റും ഫിൽട്ടറും നൽകും, അവർ വെള്ളം ശുദ്ധീകരിച്ചതിനു ശേഷം അടുത്തുള്ള മൂന്നു വീടുകളിലേക്കു നൽകും. ഇത്തരത്തിൽ അവർക്കു സുസ്ഥിരത കൈവരിക്കാൻ കഴിയും. ഹെയ്തിയിലെ ജനതയ്ക്ക് ശാക്തീകരണം ഉണ്ടാകും. അവർക്ക് സ്വാതന്ത്ര്യം നേടാൻ കഴിയും” – സിസ്റ്റർ പറയുന്നു. ഈ സഹോദരിമാർ നിലവിൽ മെഡിക്കൽ, സ്കൂൾ ഉപകരണങ്ങൾ, ശുചിത്വ ഉൽപന്നങ്ങൾ, കിടക്ക എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ പണം സ്വരൂപിച്ചുകൊണ്ടിരിക്കുകയാണ്.

ഹെയ്തിയിൽ ഈ സിസ്റ്റേഴ്സ് ഒരു മൊബൈൽ മെഡിക്കൽ ക്ലിനിക്, ഫാർമസി, സന്നദ്ധസഹായത്തിനുള്ള ഭവനം, പ്രവർത്തനകേന്ദ്രങ്ങൾ, കളിസ്ഥലം, വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ ലാബ്, അടുക്കള എന്നിവയുൾപ്പെടുന്ന ഒരു മിഷൻ കോംപ്ലക്സ് നടത്തിവരികയായിരുന്നു. ദിനംപ്രതി ഏകദേശം 100 കുട്ടികൾക്ക് അവർ ഭക്ഷണവും നൽകിയിരുന്നു. രോഗികളെ സുഖപ്പെടുത്തുക, ശുദ്ധമായ വെള്ളം നൽകുക, വിശക്കുന്നവർക്ക് ഭക്ഷണം നൽകുക, നാളെയുടെ നേതാക്കളെ പഠിപ്പിക്കുക എന്നീ കാര്യങ്ങൾക്കാണ് സിസ്റ്ററും സഹപ്രവർത്തകരും ഊന്നൽ നൽകിയിരിക്കുന്നത്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.